ADVERTISEMENT

വരൾച്ചയും ജലക്ഷാമവും മനുഷ്യചരിത്രത്തിലുടനീളം അനുഭവിക്കുന്നതാണ്. ഇതിലൂടെ ലോകത്തെ പല സ്ഥലങ്ങളും വിസ്മൃതിയിൽ മറഞ്ഞു. ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ സിന്ധുനദീതട കാലഘട്ടത്തിലെ നഗരങ്ങൾ. ഇവ നശിച്ചത് കൊടുംവരൾച്ച മൂലമാണെന്ന് കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ ഇടയ്ക്ക് ഗവേഷണഫലത്തിൽ പറഞ്ഞിരുന്നു. 4,200 വർഷങ്ങൾക്കു മുൻപ് 25 മുതൽ 90 വർഷങ്ങൾ വരെ നീണ്ടുനിന്ന കൊടുംവരൾച്ചകൾ സംഭവിച്ചത് ഈ നഗരങ്ങളുടെ അന്ത്യത്തിനിടയാക്കിയത്രേ.

വരൾച്ച നേരിടാനായി സിന്ധുനദീതട സംസ്കാരത്തിലെ ആളുകൾ വലിയ നഗരകേന്ദ്രങ്ങൾ വിട്ട് ചെറിയ ഗ്രാമപ്രദേശങ്ങളിലേക്കു മാറി. കൂടാതെ വെള്ളം കുറച്ചുമാത്രം വേണ്ട ചെറുധാന്യങ്ങളും മറ്റും കൃഷി ചെയ്യാൻ ശ്രമിച്ചു. നേച്ചർ ജേണലിൽ ഈ പഠനഫലങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

Photo Credits:: : Stock Photos|Indus Valley/ istock.com
Photo Credits:: : Stock Photos|Indus Valley/ istock.com

3300 ബിസി മുതൽ 1300 ബിസി വരെ നിലനിന്നിരുന്നു എന്നു കരുതുന്ന ആദിമ സംസ്കാരമായ സിന്ധുനദീതട നാഗരികതയുടെ മോഹൻജൊ ദാരോ, ഹാരപ്പ, ഗാൻവെരിവാല എന്നീ  കേന്ദ്രങ്ങൾ ഇന്നു പാക്കിസ്ഥാനിലാണ്. രാഖിഗാഡി, ധോലവീര, കാലിബംഗാൻ,ലോഥൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നു. ആദിമകാലത്തെ ഏറ്റവും വികസിതമായ സാമൂഹിക വ്യവസ്ഥകളിലൊന്നായിരുന്നു സിന്ധുനദീതട സംസ്കാരം അഥവാ ഹാരപ്പൻ സംസ്കാരം. ഈ സംസ്കാരത്തെപ്പറ്റി ആദ്യം അറിവു ലഭിക്കുന്നത്, ആർക്കയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ദയാറാം സാഹ്നി ഹാരപ്പ നഗരം കണ്ടെത്തിയതോടെയാണ്.

കൃത്യമായി പ്ലാൻ ചെയ്ത നഗരസംവിധാനങ്ങളും മലിനജലം ഒഴുക്കിക്കളയാനുള്ള കനാൽശൃംഖലയുമൊക്കെയുള്ള ഹാരപ്പ നഗരം 1921ൽ ആദ്യം കണ്ടെത്തിയപ്പോൾ പുരാവസ്തുഗവേഷകർ ഞെട്ടിപ്പോയി. ഇത്രയ്ക്കും വിപുലമായ ഒരു നഗരം ആരുമവിടെ പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് പിറ്റേവർഷമാണ് മൊഹൻ ജൊദാരോ ആർ.ഡി. ബാനർജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പുരാവസ്തുവകുപ്പ് കണ്ടെത്തിയത്.

ഈജിപ്തിലെ ബെറെനിക് നഗരവും ഇത്തരത്തിൽ വരൾച്ച മൂലം താമസമുപേക്ഷിക്കപ്പെട്ടതാണ്. 2100 വർഷങ്ങൾ മുൻപ് വരെ ജനജീവിതം പുഷ്പിച്ചു നിന്ന നഗരം. കേരളവുമായി മുസിരിസ് തുറമുഖം വഴി അടുത്ത വ്യാപാര, സാമൂഹിക ബന്ധമുണ്ടായിരുന്ന നഗരം. എന്നാൽ ഇടയ്ക്ക് ഏതോ കാരണത്താൽ അവിടത്തെ ജനങ്ങൾ നഗരമുപേക്ഷിച്ചു പോയി. തെളിവുകൾ തരാതെ ഒരു പ്രയാണം. ആ പലായനത്തിനു കാരണം ഒരു അഗ്‌നിപർവത വിസ്‌ഫോടനമാണെന്ന് ഇടയ്ക്ക് ഗവേഷകർ പ്രസ്താവിച്ചിരുന്നു. ബിസി 209 ൽ ഒരു വലിയ അഗ്‌നിപർവത വിസ്‌ഫോടനം ഭൂമിയിൽ നടന്നു. ഏത് അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചതെന്ന കാര്യത്തിൽ തീർച്ചയില്ല. ഇതു ലോകം മുഴുവൻ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കി. എന്നാൽ ഈജിപ്തിൽ ഇതു വലിയ പ്രത്യാഘാതമാണുണ്ടായത്, പ്രത്യേകിച്ച് ബെറെനിക് ഉൾപ്പെടുന്ന മേഖലയിൽ. ഇവിടെ ആദ്യം ചൂടുകൂടി. മഴ ഇല്ലാതായി, കടുത്ത വരൾച്ച ഉടലെടുത്തു. ക്ഷാമവും പട്ടിണിയും തുടർക്കഥയായി. 

EDS PLS TAKE NOTE OF THIS PTI PICK OF THE DAY:::**EDS: TO GO WITH STORY** Hisar: Excavation site RGR 7 of Archeological Survey of India, where 60 skeletons have been found in the previous excavations, at Rakhigarhi in Hisar district, Saturday, May 7, 2022.   Two adult skeletons have been recently found in the RGR 7 site, belonging to the Indus Valley Civilisation. (PTI Photo/Vijay Verma)(PTI05_08_2022_000045A)(PTI05_08_2022_000132B)
(PTI Photo/Vijay Verma)

ഇവ മാത്രമല്ല, നാലു സഹസ്രാബ്ദം മുൻപ് സിറിയയിൽ സ്ഥിതി ചെയ്ത അക്കാഡിയൻ സാമ്രാജ്യം, മായൻ സാമ്രാജ്യം, ചൈനയിലെ ടാങ് സാമ്രാജ്യം, കംബോഡിയയിലെ ഖ്മർ സാമ്രാജ്യം, ചൈനയിലെ മിങ് സാമ്രാജ്യം തുടങ്ങിയവയൊക്കെ വരൾച്ചയുടെ പിടിയിലമർന്ന് നാശത്തെ നേരിട്ടവയാണ്.

English Summary:

Ancient Apocalypse: How Severe Droughts Wiped Out the Flourishing Indus Valley Cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com