വേനൽക്കാലത്ത് നാച്ചുറലായി സുന്ദരിയാവാം: ചർമത്തിന് തിളക്കവും യുവത്വവും നൽകുന്ന 7 പഴങ്ങൾ
Mail This Article
ആരോഗ്യമുള്ള ചർമം നിലനിർത്താൻ ആവശ്യമായ വിറ്റാമിൻ, ആൻ്റിഓക്‌സിഡൻ്റുകൾ, പോഷകങ്ങൾ എന്നിവയുടെ സ്വാഭാവിക ഉറവിടങ്ങളാണ് പഴങ്ങൾ. ഇത് നിങ്ങളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ചർമത്തിന് ഉണ്ടാവുന്ന മാറ്റങ്ങൾ കണ്ട് നിങ്ങൾ തന്നെ അദ്ഭുതപ്പെടും. അത്രമാത്രം ഗുണങ്ങളാണ് പഴങ്ങൾക്ക് ഉള്ളത്. പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും ചർമത്തിനും ഏറെ നല്ലതാണ്. ഇത് ഉഷ്ണത്തിന് ചെറിയ തോതിൽ ശമനം നൽകുകയും ചെയ്യും. നിങ്ങളുടെ ചർമത്തിന് പെട്ടെന്ന് തന്നെ തിളക്കവും യുവത്വവും നൽകുന്ന ഏഴ് പഴങ്ങളെ പരിചയപ്പെടാം.
സ്‌ട്രോബെറി
സ്ട്രോബറി കാണാൻ തന്നെ എന്ത് ഭംഗി ആണല്ലേ, രുചി ആണെങ്കിൽ പറയുകയേ വേണ്ട. എന്നാൽ രുചിയും ഭംഗിയും മാത്രമല്ല സ്‌ട്രോബറിയുടെ ഗുണം. കൊളാജൻ സമന്വയത്തിനുള്ള പ്രധാന പോഷകമായ വിറ്റാമിൻ സി ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിൻ്റെ ഘടനയും ഇലാസ്തികതയും നിലനിർത്തുന്നതിന് വേണ്ട പ്രോട്ടീനാണ് കൊളാജൻ, അതിനാൽ സ്ട്രോബെറി പോലുള്ള വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമത്തെ പ്രതിരോധശേഷിയുള്ളതമായി നിലനിർത്താൻ സഹായിക്കും.
പപ്പായ
പണ്ടുമുതലേ നമ്മുടെ മുത്തശ്ശിമാർ പറഞ്ഞു തന്നിട്ടുള്ള സൗന്ദര്യവർദ്ധക ഫലങ്ങളിലും കൂട്ടുകളിലും ഏറ്റവും മുൻപിൽ ഉള്ള ആളാണ് പപ്പായ. വിദഗ്ധരുടെ അഭിപ്രായത്തിൽ, പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് ചർമത്തിലെ മൃതകോശങ്ങളെ മൃദുവായി അലിയിക്കുന്നതിലൂടെ, ചർമത്തിന് മിനുസവും തിളക്കവും നല്കാൻ സഹായിക്കുന്നു. പപ്പായയിൽ വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നതും, മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും ഏറെ നല്ലതാണ്.
ഓറഞ്ച്
പപ്പായ പോലെ തന്നെ നമ്മൾ സൗന്ദര്യ ടിപ്പുകളിൽ കൂടുതലായി ഉപയോഗിക്കുന്ന ഫലമാണ് ഓറഞ്ച്. കൊളാജൻ സിന്തസിസിൽ നിർണായക പങ്ക് വഹിക്കുന്ന ഉയർന്ന വിറ്റാമിൻ സി ഉള്ള ഒന്നാണ് ഓറഞ്ച്. ചർമത്തിൻ്റെ ശക്തിയും ഇലാസ്തികതയും നിലനിർത്താനും, ചുളിവുകളും തൂങ്ങലും ഒഴിവാക്കാനും കൊളാജൻ അത്യന്താപേക്ഷിതമാണ്. കൂടാതെ, ഓറഞ്ചിലെ ആൻ്റിഓക്‌സിഡൻ്റുകൾ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും പിഗ്മെൻ്റേഷനും കുറയ്ക്കുകയും ചെയ്യുന്നു.
തണ്ണിമത്തൻ
ഈ വേനൽക്കാലത്ത് വിപണിയിൽ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന ഫലമാണ് തണ്ണിമത്തൻ. പേര് സൂചിപ്പിക്കുന്നത് പോലെ, തണ്ണിമത്തനിൽ ഉയർന്ന ജലാംശം ഉണ്ട്, ഇത് ചർമത്തിലെ ഈർപ്പത്തിൻ്റെ അളവ് നിലനിർത്തുന്നതിനുള്ള ഒരു മികച്ച മാർഗമാക്കി മാറ്റുന്നു. ഇതിൽ വൈറ്റമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചർമം റിപ്പയർ ചെയ്യാൻ സഹായിക്കും. തണ്ണിമത്തനിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പ്രശ്നബാധിതമായ ചർമത്തെ ശമിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇത് നിങ്ങളുടെ ചർമത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
പൈനാപ്പിൾ
ഏത് സീസണിലും കിട്ടുന്ന ഒരു പഴമാണ് പൈനാപ്പിൾ. ഇതിൽ കാണപ്പെടുന്ന ബ്രോമെലൈൻ എന്ന എൻസൈം ചർമത്തിലെ മൃതകോശങ്ങളെ തകർക്കുകയും മൃദുവായ എക്സ്ഫോളിയൻ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് മിനുസമാർന്നതും കൂടുതൽ തിളക്കമുള്ളതുമായ ചർമം നൽകുന്നു. കൂടാതെ പൈനാപ്പിളിൽ വിറ്റാമിൻ സിയും മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ സംരക്ഷിക്കുകയും കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിച്ച് യുവത്വം നൽകാനും സഹായിക്കും.
ബ്ലൂബെറി
കാണാൻ ചെറുതാണെങ്കിലും ബ്ലൂബെറിയിൽ ആന്തോസയാനിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കുന്നു. മുഖത്തെ വീക്കം കുറയ്ക്കുന്നതിലൂടെ ബ്ലൂബെറി ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമത്തെ പ്രോത്സാഹിപ്പിക്കുകയും മുഖക്കുരു, എക്സിമ പോലുള്ള അവസ്ഥകൾ തടയാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ചർമത്തിന്റെ യുവത്വം നിലനിർത്താനും ഏറെ നല്ലതാണ്.
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകൾക്ക് പേരുകേട്ടതാണ് അവോക്കാഡോ. പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ചർമത്തെ ഉള്ളിൽ നിന്ന് മോയ്സ്ചറൈസ് ചെയ്യാൻ ഇത് മികച്ചതാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമകോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ എന്ന ആൻ്റിഓക്‌സിഡൻ്റും യുവത്വമുള്ള ചർമത്തിന് കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്ന വിറ്റാമിൻ സിയും അവയിൽ അടങ്ങിയിട്ടുണ്ട്.