പഴയന്നൂർ ക്ഷേത്രത്തിൽ എത്തിയാൽ സകല മനക്ലേശങ്ങളും മാറും...

പഴയന്നൂർ ഭഗവതി ക്ഷേത്രം

കൊച്ചി രാജവംശത്തിലെ ഒരു രാജാവ് മനക്ലേശം കാരണം കാശിക്ക് പോവുകയും അവിടെ പുരാണപുരി എന്ന സ്ഥലത്തെ ഭഗവതി ക്ഷേത്രത്തിൽ ഭജനമിരുന്നു ദേവിയെ പ്രസാദിപ്പിച്ചു കൂടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതാണ് പഴയന്നൂർ ഭഗവതി ക്ഷേത്രം എന്നാണ് ഐതീഹ്യം. പുരാണപുരി മലയാളീകരിച്ച് പഴയന്നൂർ ആയതാണ് എന്നാണ് വിശ്വാസം. ദേവി ഒരു പൂവൻകോഴിയുടെ രൂപത്തിലാണത്രെ അവിടെ നിന്നും രാജാവിനോടൊപ്പം വന്നത്. അന്നിവിടെ പള്ളിപ്പുറത്ത് മഹാവിഷ്ണുക്ഷേത്രം മാത്രമാണുണ്ടായിരുന്നത്. ഒരു ബാലികയുടെ രൂപത്തിൽ തിടപ്പള്ളിയിൽ കയറി ഭഗവതി ഭക്ഷണം ചോദിച്ചു എന്നും പെട്ടെന്ന് ദേവി അപ്രത്യക്ഷയായി എന്നുമാണ് ഐതീഹ്യം. അതിനാൽ തിടപ്പള്ളിയോട് ചേർന്ന് പുറത്താണ് ദേവിയുടെ ശ്രീകോവില്‍. രാവിലെ 4.30 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 8 മണി വരെയും ക്ഷേത്രം തുറന്നിരിക്കും. മീനമാസത്തിലെ തിരുവോണം നാളിലാണ് ഉത്സവം ആറാട്ട്. അതിന് എട്ടു ദിവസം മുൻപ് കൊടിയേറ്റ്. ആ ദിവസങ്ങളിൽ കഞ്ഞിയും പുഴുക്കും ഭക്തർക്ക് നൽകുന്നു. എല്ലാ മാസവും തിരുവോണം നക്ഷത്രത്തിന് അന്നദാനം ഉണ്ട്.

പഴയന്നൂർ ഭഗവതി ക്ഷേത്രം

മേടം മാസത്തില്‍ നാല് ദിവസം നങ്ങ്യാർകൂത്ത് പതിവുണ്ട്. കർക്കടകത്തിൽ രാമായണമാസാചരണം. ചിങ്ങത്തിൽ തിരുവോണത്തിന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ട്. കന്നിയിൽ നവരാത്രി ആഘോഷം. തുലാം അവസാന വെള്ളിയാഴ്ച നിറമാല ആഘോഷം. വൃശ്ചികത്തിൽ മണ്ഡലമാസാചരണം. കുംഭത്തിൽ മൂലം നക്ഷത്രത്തിൽ മൂലം ഊട്ട് (സദ്യ). യാഗം നടത്തുന്ന ബ്രാഹ്മണർക്ക് ദക്ഷിണ കൊടുത്തു ക്ഷേത്രം ഭാരവാഹികളും ഭക്തരും നമസ്കരിക്കുന്നു.

അന്നദാനം വഴിപാട് കഴിക്കുന്നത് വിശേഷമാണ്. ഇവിടത്തെ പ്രസാദ ഭക്ഷണം കഴിക്കുന്ന ഭക്തന്റെ സകല മനക്ലേശവും ഭഗവതി ഒഴിവാക്കി കൊടുക്കുന്നു. ഭഗവതി ഇവിടെ ഭക്ഷണം കഴിക്കാനിരിക്കുന്ന രൂപത്തിൽ അഭയവരദഹസ്തവുമായിട്ടുള്ള രൂപത്തിലാണ് പ്രതിഷ്ഠ. ചതുർബാഹു രൂപത്തിൽ മഹാവിഷ്ണുവിനെ നരസിംഹ സങ്കൽപത്തിലാണ് പൂജിക്കുന്നത്. പ്രഹ്ലാദന് അനുഗ്രഹം കൊടുക്കുന്ന ശാന്തസ്വരൂപനാണ് ഭഗവാൻ. കുട്ടികൾ ഇല്ലാത്തവർ കുട്ടിയുണ്ടായാൽ തൊട്ടിലിൽ കുട്ടിയെ ഇവിടെ കൊണ്ടുവന്ന് കിടത്താം എന്ന് നേർന്നാൽ കുട്ടികൾ ഉണ്ടാകും എന്നാണ് വിശ്വാസം.

പഴയന്നൂർ ഭഗവതി ക്ഷേത്രം

കൊച്ചി ദേവസ്വം ബോർഡിന് കീഴിൽ തൃശൂർ ജില്ലയിൽ തൃശൂർ പാലക്കാട് ഹൈവേയിലാണ് പഴയന്നൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ ആൽത്തറയും കോഴിയുടെ പ്രതിമയും കാണാം. നൂറടി അകലെ ക്ഷേത്രഗോപുരവും കാണാം. കോഴികളെ പറപ്പിക്കലും കോഴിക്ക് അരി നൽകലും ഇവിടത്തെ പ്രധാന വഴിപാടാണ്. ധാരാളം പൂവൻകോഴികളെ ക്ഷേത്രപരിസരത്തും മതിലിനകത്തും കാണാം. ഇവിടെ കോഴിക്ക് അശുദ്ധിയില്ല. കൂകി തുടങ്ങും മുൻപ് കോഴിയെ സമർപ്പിക്കണം. ഒരു കോഴിയേയും വിൽക്കില്ല. എല്ലാത്തിനെയും വളർത്തുന്നു.

ഈ തട്ടകത്തിൽ നിന്നും കൊടുങ്ങല്ലൂർ ഭരണിക്ക് ആരും പോകാറില്ല. കുന്നത്ത് പടിഞ്ഞാറേടത്ത് മന വിഷ്ണുഭട്ടതിരിപ്പാടാണ് ഇപ്പോൾ ക്ഷേത്രം തന്ത്രി. ശിവൻ, ഗണപതി, അയ്യപ്പൻ എന്നിവർ ഉപദേവതമാരാണ്. ക്ഷേത്രത്തിനു പുറത്ത് നാഗങ്ങളും ഉണ്ട്. ഈ ക്ഷേത്രത്തിൽ വരുന്നവർ ഇവിടെ അടുത്തുള്ള വേട്ടയ്ക്കാരൻ (ശിവ) ക്ഷേത്രത്തിലും കൂടി ദർശനം നടത്തിയാലേ ദർശനം പൂർത്തിയാകൂ എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് മൂന്ന് ഭാഗത്തും കുളവുമുണ്ട്.

ഭഗവാന് പാൽ പന്തീരുനാഴി, ഭഗവതിക്ക് പന്തീരുനാഴി പായസം എന്നിവയും വിശേഷാൽ ചതുർശ്ശതം (200 നാളികേരം, 101കദളിപ്പഴം, 100 നാഴി അരി, 100 ഇടങ്ങഴി ശർക്കര, നെയ്യ് ചേർന്ന പായസം) വഴിപാടാണ്. ചതുർശ്ശതത്തിന്റെ എട്ടിലൊന്നാണ് പന്തീരുനാഴി പായസം.

ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ഇവിടെ നിന്നും തീർത്ഥം നൽകുന്ന പതിവ് പണ്ടുമുതലേ ഇല്ല. പഴയന്നൂർ ഭഗവതി കൊച്ചി രാജകുടുംബത്തിന്റെ പരദേവതയാണ്.

ലേഖകൻ     Dr. P. B. Rajesh     Rama Nivas    Poovathum parambil,   Near ESI  Dispensary Eloor East ,  Udyogamandal.P.O,    Ernakulam 683501    email : rajeshastro1963@gmail.com   Phone : 9846033337, 0484 2603643

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions