മെഡിക്കൽ–എൻജിനീയറിങ് പരീക്ഷയിൽ റാങ്കുകൾ വാരിക്കൂട്ടി മാന്നാനം കെഇ സ്കൂളിനും പാലാ ബ്രില്യന്റിനും മികച്ച നേട്ടം. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും അഞ്ചും റാങ്കുകളും മെഡിക്കൽ പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്കും കെഇ സ്കൂളിലെ വിദ്യാർഥികൾക്കാണ്.
എൻജിനീയറിങ് പരീക്ഷയിൽ അമൽ മാത്യു, (ഒന്നാം റാങ്ക്) ശബരീകൃഷ്ണൻ (രണ്ട്), ഡെനിൻ ജോസ് (മൂന്ന്), ഋഷികേശ് (അഞ്ച്) എന്നിവരാണ് ജേതാക്കൾ. മെഡിക്കൽ പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് മെറിൻ മാത്യുവിനാണ്. 17, 24, 35 റാങ്കുകൾ നേടിയ കുട്ടികളും കെഇ സ്കൂളിൽ നിന്നാണ്. അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മെറിൻ മാത്യുവിന് 103–ാം റാങ്കാണ്.
എയിംസ് പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ജോഷ്വ ഏബ്രഹാം ഇസഹാക്കും കെഇ സ്‌കൂളിലെ വിദ്യാർഥിയാണ്. എൻജിനീയറിങ് വിഭാഗത്തിലും മെഡിക്കൽ വിഭാഗത്തിലും ആദ്യ 10 റാങ്കുകളിൽ ഒൻപതും ബ്രില്യന്റിൽ പരിശീലനം നേടിയ കുട്ടികൾക്കാണ്. എൻജിനീയറിങ്ങിൽ ആദ്യത്തെ നൂറു റാങ്കുകളിൽ 60 എണ്ണവും മെഡിക്കൽ വിഭാഗത്തിൽ ആദ്യത്തെ നൂറു റാങ്കുകളിൽ 80 റാങ്കും ബ്രില്യന്റിലെ വിദ്യാർഥികൾക്കാണ്.
കുട്ടികളുടെ കഠിനപ്രയത്നവും അധ്യാപകരുടെ സമർപ്പിത സേവനവുമാണ് സ്കൂളിന്റെ വിജയരഹസ്യമെന്ന് പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി പറഞ്ഞു. കുട്ടികൾക്കു മികച്ച പഠന, താമസ സൗകര്യങ്ങൾ നൽകുന്നതിനൊപ്പം പാഠ്യേതര രംഗത്തും കെഇ സ്കൂൾ മുന്നിലാണെന്നു വൈസ് പ്രിൻസിപ്പൽ ഫാ. സേവ്യർ അമ്പാട്ട് പറഞ്ഞു.
മികച്ച പഠനനിലവാരമുള്ള വിദ്യാർഥികളുടെയും ഉന്നത നിലവാരമുള്ള അധ്യാപകരുടെയും ഒരുമിച്ചുള്ള കഠിനാധ്വാനമാണ് ബ്രില്യന്റിന്റെ വിജയത്തിനു കാരണമെന്ന് ഡയറക്ടർ ജോർജ് തോമസ് പറഞ്ഞു. ജോർജ് തോമസിനൊപ്പം സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ്, ബി. സന്തോഷ് കുമാർ എന്നീ ഡയറക്ടർമാരുടെയും നേതൃത്വത്തിലാണ് ബ്രില്യന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Education News>>