വൈദ്യുത വാഹനം: തിരിച്ചടിയായി നിലവാരമില്ലാത്ത ബാറ്ററി

Representative Image

രാജ്യത്തെ വൈദ്യുത ഇരുചക്രവാഹന വിൽപ്പനയ്ക്കു കനത്ത തിരിച്ചടി സൃഷ്ടിക്കുന്നതു ഗുണനിലവാരമില്ലാത്ത ബാറ്ററികൾ. ഈ മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ മൂന്നു വർഷക്കാലത്തോളം നിഷേധിച്ചതും വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വൈദ്യുത വാഹന നിർമാതാക്കളുടെ സൊസൈറ്റി(എസ് എം ഇ വി) ആരോപിക്കുന്നു. ഇന്ത്യൻ വിപണിയിൽ മികച്ച തുടക്കം കുറിക്കാൻ വൈദ്യുത വാഹനങ്ങൾക്കു സാധിച്ചിരുന്നു; 2010 —11ൽ ഇത്തരം ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 1.20 ലക്ഷം യൂണിറ്റോളം ഉയരുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷത്തെ വിൽപ്പന 25,000 യൂണിറ്റോളമായി ഇടിഞ്ഞതാണ് എസ് എം ഇ വിയെ ആശങ്കയിലാക്കുന്നത്.

വൈദ്യുത ഇരുചക്രവാഹനങ്ങൾ നിർമിക്കുന്ന 68 കമ്പനികളാണ് 2008ൽ രംഗത്തുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇത്തരം വാഹനങ്ങൾ നിർമിക്കുന്നത് വെറും 14 കമ്പനികളാണെന്ന് എസ് എം ഇ വി ദക്ഷിണമേഖല ചാപ്റ്റർ മേധാവി ഹേമലത അണ്ണാമലൈ ചൂണ്ടിക്കാട്ടുന്നു. ബാറ്ററികളുടെ നിലവാരത്തകർച്ച മൂലമാണ് ഇത്തരം ഇരുചക്രവാഹനങ്ങളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞത്. അതേസമയം ഗുണമേന്മയുള്ള ബാറ്ററികൾ സ്വന്തമാക്കാനുള്ള നിർമാതാക്കളുടെ ശ്രമം വിജയിച്ചില്ലെന്നും അവർ വ്യക്തമാക്കി.

പ്രാദേശികമായി ബാറ്ററി നിർമിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. അതുകൊണ്ടുതന്നെ ഇറക്കുമതി ചെയ്ത ബാറ്ററികളെയാണ് വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കൾ പൂർണമായും ആശ്രയിക്കുന്നത്. വിദേശ നിർമാതാക്കൾക്കാവട്ടെ ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്ന പ്രശ്നവുമുണ്ടെന്ന് അണ്ണാമലൈ വിശദീകരിച്ചു.പ്രതിവർഷം 30,000 വൈദ്യുത വാഹനങ്ങൾ നിർമിക്കാൻ തന്റെ കമ്പനിയായ ആംപിയർ വെഹിക്കിൾസിനു ശേഷിയുണ്ട്. എന്നാൽ സ്ഥാപിത ശേഷിയുടെ 20% മാത്രമാണു നിലവിൽ വിനിയോഗിക്കുന്നതെന്നു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ അണ്ണാമലൈ വെളിപ്പെടുത്തി.

വൈദ്യുത ഇരുചക്രവാഹന വിഭാഗത്തിൽ ഇന്ത്യയിൽ ഇതുവരെയുള്ള മൊത്തം വിൽപ്പന 20 ലക്ഷത്തോളം യൂണിറ്റാണ്. അതേസമയം ചൈനയിൽ ഇത്തരം ഇരുചക്രവാഹനങ്ങളുടെ  വാർഷിക വിൽപ്പന 4.20 കോടി യൂണിറ്റാണ്. 2012 ഏപ്രിലിൽ ഇത്തരം വാഹനങ്ങളുടെ നിർമാണത്തിനുള്ള സബ്സിഡി സർക്കാർ പിൻവലിച്ചതും ഈ മേഖലയെ തകർച്ചയിലേക്കു നയിച്ചതായി അവർ അഭിപ്രായപ്പെട്ടു. തുടർന്ന് 2015ൽ സബ്സിഡി ആനുകൂല്യം പുനഃസ്ഥാപിച്ചതോടെയാണു വൈദ്യുത ഇരുചക്രവാഹന വിൽപ്പന മെച്ചപ്പെട്ടത്. നിലവിൽ ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരം വേഗം കുറഞ്ഞ വൈദ്യുത ഇരുചക്രവാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ 7,500 രൂപ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. 

യൂണിറ്റിന് 8,000 — 12,000 രൂപ വിലമതിക്കുന്ന പരമ്പരാഗത ലെഡ് ആസിഡ് ബാറ്ററികളുടെ ആയുസ് ശരാശരി രണ്ടര വർഷമാണ്. ആറു മുതൽ എട്ടു മണിക്കൂറെടുത്ത് ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ വാഹനം ഓടാൻ ഈ ബാറ്ററി സഹായിക്കും. പക്ഷേ ഗുണനിലവാരക്കുറവ് മൂലം റേഞ്ച് 30 കിലോമീറ്ററായി കുറയുന്നതാണ് ഇത്തരം ബാറ്ററികളുടെ പോരായ്മ.  ഗുണനിലവാരമേറിയ ലിതിയം അയോൺ ബാറ്ററികൾക്കാവട്ടെ അഞ്ചു വർഷം വരെ ആയുസും 75,000 കിലോമീറ്റർ വരെ നീളുന്ന റേഞ്ചുമുണ്ട്. പക്ഷേ ഇത്തരം ബാറ്ററികൾക്കു വില 27,000 രൂപയോളമാകുമെന്നതാണു പ്രശ്നം.