ഐഷർ ബസ്സുകളിലും ട്രക്കുകളിലും ഇനി എ എം ടി

ബസ്സുകളിലും ട്രക്കുകളിലും ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സാങ്കേതികവിദ്യ ലഭ്യമാക്കുമെന്ന് വാണിജ്യവാഹന നിർമാതാക്കളായ ഐഷർ ട്രക്സ് ആൻഡ് ബസസ്. ഒൻപതു മുതൽ 16 ടൺ വരെ ശേഷിയുള്ള ലൈറ്റ് മീഡിയം ഡ്യൂട്ടി, ഹെവി ഡ്യൂട്ടി ബസ് ശ്രേണിയിൽ പൂർണമായി തന്നെ എ എം ടി ഘടിപ്പിക്കും; ആദ്യഘട്ടത്തിൽ മീഡിയം ഡ്യൂട്ടി ട്രക്കുകളിലും ഇതേ സംവിധാനം ഏർപ്പെടുത്തും. ക്രമേണ കമ്പനിയുടെ മറ്റു വിഭാഗം ട്രക്കുകളിലും എ എം ടി സാങ്കേതികവിദ്യ ഇടംപിടിക്കും. വാബ്കോ രൂപകൽപ്പന ചെയ്തു വികസിപ്പിച്ച ഒപ്റ്റിഡ്രൈവ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് എ എം ടി നടപ്പാക്കുന്നതെന്നും ഐഷർ വിശദീകരിച്ചു.

ഇന്ത്യൻ വാഹന വ്യവസായത്തിൽ ഇതാദ്യമായി എ എം ടി സാങ്കേതികവിദ്യ നടപ്പാക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ് മാനേജിങ് ഡയറകടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വിനോദ് അഗർവാൾ അഭിപ്രായപ്പെട്ടു. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹന സുരക്ഷിതത്വവും യാത്രാസുഖവും കാര്യക്ഷമതയുമൊക്കെ ഉയർത്താൻ ഈ സാങ്കേതികവിദ്യയ്ക്കു സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

 ട്രക്കുകൾക്കും ബസ്സുകൾക്കുമായി വികസിപ്പിച്ച ഒപ്റ്റി ഡ്രൈവ് സാങ്കേതികവിദ്യ ഇന്ധക്ഷമത ഉയർത്തുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്നു വാബ്കോ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജാക്വസ് എസ്കുലിയർ വിശദീകരിച്ചു. എ എം ടി സാങ്കേതികവിദ്യ സഹിതമുള്ള പുതിയ ‘പ്രോ’ ശ്രേണിയിലെ വാഹനങ്ങൾ ഐഷർ ട്രക്സ് ആൻഡ് ബസസിന്റെ മധ്യപ്രദേശിലെ പീതംപൂരിലുള്ള ശാലയിലാവും നിർമിക്കുക. 4.9 ടൺ മുതൽ 40 ടൺ വരെ ഭാരവാഹക ശേഷിയുള്ള വാണിജ്യവാഹനങ്ങളാണു കമ്പനി ഈ ശാലയിൽ നിർമിക്കുന്നത്.