രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കോംപാക്ട് സെഡാനായ ‘ഡിസയറി’ന്റെ പുതിയ പതിപ്പിനുള്ള ബുക്കിങ്ങുകൾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങി. 5,000 രൂപ അഡ്വാൻസ് ഈടാക്കിയാണു ഡൽഹി രാജ്യതലസ്ഥാന മേഖലയിലെ ഡീലർമാർ അടുത്ത മാസം അരങ്ങേറ്റം കുറിക്കുന്ന പുതിയ ‘ഡിസയറി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്. അതേസമയം, പുതിയ ‘ഡിസയറി’നുള്ള ബുക്കിങ്ങുകൾ അടുത്ത മാസം ആദ്യത്തോടെ സ്വീകരിച്ചു തുടങ്ങുമെന്നാണു കമ്പനിയുടെ ഔദ്യോഗിക നിലപാട്. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് പുതിയ ‘ഡിസയറി’ന് 50,000 മുതൽ 70,000 രൂപയുടെ വരെ വിലവർധനയുണ്ടാവുമെന്നാണു ഡീലർമാരുടെ കണക്കുകൂട്ടൽ. പുതിയ കാറിന്റെ അരങ്ങേറ്റം അടുത്തെത്തിയ സാഹചര്യത്തിൽ നിലവിലുള്ള ‘സ്വിഫ്റ്റ് ഡിസയറി’ന്റെ ഡീസൽ പതിപ്പിന് പല ഡീലർമാരും 15,000 രൂപ വരെ വിലക്കിഴിവും പലയിടത്തും ഡീലർമാർ അനുവദിക്കുന്നുണ്ട്.
അടുത്ത മാസമെത്തുന്ന ‘2017 മാരുതി സുസുക്കി ഡിസയറി’ന്റെ ഭാരം നിലവിലുള്ള കാറിനെ അപേക്ഷിച്ച് 20 കിലോഗ്രാമോളം കുറവാകും; കൂടാതെ പുതിയ കാറിൽ നിന്ന് ‘സ്വിഫ്റ്റ്’ എന്ന പേര് ഉപേക്ഷിക്കാനും മാരുതി സുസുക്കി ഒരുങ്ങുന്നുണ്ട്. ‘സിയാസ്’, ‘വിറ്റാര ബ്രേസ’ എന്നിവയുടെ ശൈലി പിന്തുടർന്ന് ‘വി ഡി ഐ പ്ലസ്’, ‘സെഡ് ഡി ഐ പ്ലസ്’ തുടങ്ങിയ വകഭേദങ്ങളിലും ‘ഡിസയർ’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. നിലവിലുള്ള കാറിനു തന്നെ മികച്ച സ്വീകാര്യതയുള്ള സാഹചര്യത്തിൽ പുതിയ ‘ഡിസയർ’ വിൽപ്പനയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കുമെന്നാണു മാരുതി സുസുക്കിയുടെ കണക്കുകൂട്ടൽ.
കാറിന്റെ രൂപകൽപ്പനയിൽ കാര്യമായ മാറ്റമുണ്ടെങ്കിലും ‘2017 ഡിസയറി’ലും നിലവിലുള്ള പെട്രോൾ, ഡീസൽ എൻജിനുകൾ വ്യത്യാസമില്ലാതെ തുടരും. പെട്രോൾ, ഡീസൽ എൻജിനുകളിലായി നാലു വകഭേദങ്ങളിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ലഭ്യമാക്കാനും മാരുതി സുസുക്കി തയാറെടുക്കുന്നുണ്ട്. എൻട്രി ലവൽ സെഡാനായ ‘ഡിസയറി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 13 ലക്ഷം യൂണിറ്റിലേറെയാണ്. വ്യക്തിഗത ഉപയോഗത്തിനു പുറമെ ഫ്ളീറ്റ് മേഖലയ്ക്കായി ‘ഡിസയർ ടൂർ’ എന്ന പേരിലും കാർ വിൽപ്പനയ്ക്കുണ്ട്.