Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ ടാക്സിക്കായി 65,000 കാർ വിറ്റെന്നു മാരുതി

maruti-suzuki-logo

ഓലയും യൂബറും പോലെ മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിതമായി ടാക്സി സേവനം ലഭ്യമാക്കുന്ന കമ്പനികൾക്ക് 2016 — 17ൽ 65,000 കാറുകൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇക്കൊല്ലവും ഇത്രയും കാറുകളുടെ വിൽപ്പന ഈ മേഖലയിൽ നിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി അറിയിച്ചു. 

മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള കാറുകളെ ആശ്രയിക്കുന്നതിനു പകരം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിച്ചു സേവനം ലഭ്യമാക്കാനാണ് അടുത്തയിടെയായി ഓൺലൈൻ കാബ് അഗ്രിഗേറ്റർമാർ താൽപര്യം കാണിക്കുന്നത്. വരുന്ന രണ്ടു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം കാറുകൾ വാങ്ങുമെന്ന് ഓല കാബ്സ് 2015ൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു; ഇതിന്റെ ഭാഗമായി നിസ്സാൻ, ഡാറ്റ്സൻ ബ്രാൻഡുകളുമായി സഹകരിക്കാനും കമ്പനി തീരുമാനിച്ചിരുന്നു. കൂടാതെ അടുത്ത രണ്ടു വർഷത്തിനിടെ 40,000 വാഹനങ്ങൾ വാങ്ങാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുമായും ഓല കാബ്സ് ധാരണയിലെത്തിയിട്ടുണ്ട്. മാരുതി സുസുക്കിയുടെ പ്രധാന എതിരാളികളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാവട്ടെ 2016ൽ 30,000 കാറുകളാണ് ടാക്സി അഗ്രിഗേറ്റർമാർക്കു വിറ്റത്. ഈ വിഭാഗത്തിനുള്ള ഇക്കൊല്ലത്തെ വിൽപ്പന ഇതിന്റെ ഇരട്ടിയോളമായി ഉയരുമെന്നും ഹ്യുണ്ടേയ് പ്രതീക്ഷിക്കുന്നുണ്ട്.

സാങ്കേതികമേഖലയിലെ മുന്നേറ്റം നഗരപ്രാന്തങ്ങളിലേക്കും പടരുന്നതിനൊപ്പം ഗതാഗതത്തിരക്കും പാർക്കിങ്ങിനുള്ള സ്ഥലസൗകര്യത്തിലെ പരിമിതികളുമൊക്കെ ചേരുന്നതോടെ വരുംനാളുകളിൽ ടാക്സി അഗ്രിഗേറ്റർമാരുടെ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയരുമെന്നാണു പ്രവചനങ്ങൾ. സ്വന്തമായി കാർ വാങ്ങി ഉപയോഗിക്കുന്നതിനു പകരം ഇത്തരം ടാക്സികൾ ഉപയോഗിക്കാനാവും ജനങ്ങൾ താൽപര്യം പ്രകടിപ്പിക്കുകയെന്നു കരുതുന്നവരുമേറെ. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണു വാഹന നിർമാതാക്കളുടെയും ശ്രമം. ആഗോളതലത്തിലാവട്ടെ പ്രമുഖ നിർമാതാക്കളായ ജനറൽ മോട്ടോഴ്സും ഫോഡും ഡെയ്മ് ലറുമൊക്കെ ടാക്സി അഗ്രിഗേറ്റർമാരായ കമ്പനികളിൽ നിക്ഷേപത്തിനും സന്നദ്ധരായിട്ടുണ്ട്.