Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈബ്രിഡ് സാങ്കേതികവിദ്യ കൈവിടില്ലെന്നു മാരുതി

shvs SHVS Engine

ചരക്ക്, സേവന നികുതി(ജി എസ് ടി) തിരിച്ചടി സൃഷ്ടിച്ചെങ്കിലും സങ്കര ഇന്ധന വാഹന സാങ്കേതികവിദ്യയുമായി മുന്നോട്ടു പോകുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇത്തരം വാഹനങ്ങൾക്കുള്ള ജി എസ് ടി നിരക്ക് പുനഃപരിശോധിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

ജി എസ് ടി നടപ്പായതോടെ സെഡാനായ ‘സിയാസി’ന്റെയും വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യുടെയും മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ വില വർധന നേരിട്ടിരുന്നു. അതേസമയം രാജ്യത്ത് വിൽപ്പനയ്ക്കുള്ള മിക്ക വാഹനങ്ങളുടെയും വില ജി എസ് ടിയുടെ ഫലമായി കുറയുകയാണ് ചെയ്തത്. ഈ പ്രതികൂല സാഹചര്യത്തിലും മൈൽഡ് ഹൈബ്രിഡ് മോഡലുകളുടെ വിൽപ്പന തുടരാനാണു മാരുതി സുസുക്കിയുടെ തീരുമാനം. 

ജി എസ് ടി നിരക്ക് നിർണയത്തിൽ ആഡംബര കാറുകൾക്കൊപ്പം പെട്ടു പോയതാണ് സങ്കര ഇന്ധന വാഹനങ്ങൾക്കു വിനയായത്; ഇതോടെ ഇത്തരം വാഹനങ്ങൾക്ക് 28% ജി എസ് യിക്കൊപ്പം 15% സെസ് കൂടി ബാധകമായി. മുമ്പ് 30.3% നികുതി ബാധകമായിരുന്ന മൈൽഡ് ഹൈബ്രിഡ് വാഹനങ്ങൾക്ക് ജി എസ് ടി വന്നതോടെ നികുതി അങ്ങനെ 43% ആയി ഉയർന്നു.

പരിസ്ഥിതി സൗഹൃദമാകാനും കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണു സുസുസക്കി ഇന്ത്യയിലെന്നല്ല ആഗോളതലത്തിൽ തന്നെ ഹൈബ്രിഡ്വൽക്കരണം നടപ്പാക്കിയതെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ വിശദീകരിക്കുന്നു. ആ നിലപാടിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി എസ് ടിയുടെ വരവ് നിർഭാഗ്യവശാൽ ഹൈബ്രിഡുകളുടെ വ്യാപനത്തിന് വിഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ പോരായ്മ പരിഹരിക്കാൻ സർക്കാരിനെ സമീപിക്കുമെന്നും അയുകാവ അറിയിച്ചു. 

Read More: Auto Tips | Auto News | Fasttrack