സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ ഓട്ടോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ടോം വോൺ ബോൺസ്ഡോർഫ് സ്വദേശത്തേക്കു മടങ്ങുന്നു. ഇന്ത്യയിലെ കാലാവധി പൂർത്തിയാക്കിയ പിന്നാലെയാണു ബോൺസ്ഡോർഫിനു വോൾവോ ഗ്രൂപ് അദ്ദേഹത്തിന്റെ ജന്മനാടായ ഫിൻലൻഡിൽ പുതിയ അവസരം ഒരുക്കുന്നത്. അതേസമയം വോൾവോ ഓട്ടോ ഇന്ത്യയുടെ പുതിയ മേധാവിയെ സംബന്ധിച്ചു പ്രഖ്യാപനമൊന്നും കമ്പനി നടത്തിയിട്ടില്ല. എന്നാൽ താൽക്കാലിക നടപടിയെന്ന നിലയിൽ കമ്പനിയുടെ വിൽപ്പന, വിപണന വിഭാഗം ഡയറക്ടർ ജ്യോതി മൽഹോത്രയ്ക്ക് ആക്ടിങ് മാനേജിങ് ഡയറക്ടർ പദവി നൽകിയിട്ടുണ്ട്.
വോൾവോ ഓട്ടോ ഇന്ത്യ മേധാവിയായി 2015 ജൂൺ രണ്ടിനാണു ബോൺസ്ഡോർഫ് ചുമതലയേറ്റത്. തുടർന്നുള്ള രണ്ടു വർഷത്തിനിടെ കമ്പനിയുടെ ഇന്ത്യയിലെ പ്രതിച്ഛായയും സാന്നിധ്യവും ശക്തമാക്കുന്നതിൽ അദ്ദേഹം വിജയിച്ചെന്നാണു വിലയിരുത്തൽ. ആഡംബര കാർ വിപണിയിൽ വോൾവോയുടെ വിഹിതം അഞ്ചു ശതമാനത്തോളമായി ഉയർന്നു; രണ്ടു വർഷത്തിനിടെ 32% വിൽപ്പന വളർച്ച കൈവരിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇക്കൊല്ലത്തെ വിൽപ്പനയിലും 25% വർധന രേഖപ്പെടുത്താനാവുമെന്നാണു വോൾവോയുടെ പ്രതീക്ഷ. വിപണന ശൃംഖല വിപുലീകരണത്തിലും മികച്ച നേട്ടം കൈവരിച്ച സാഹചര്യത്തിൽ 2020 ആകുമ്പോഴേക്ക് ഇന്ത്യൻ ആഡംബര കാർ വിപണിയിൽ 10% വിഹിതം സ്വന്തമാക്കാൻ വോൾവോയ്ക്കു സാധിക്കുമെന്നാണു വിലയിരുത്തൽ.
ഇന്ത്യയിൽ താമസമാക്കിയ റീജണൽ ഡയറക്ടെന്ന നിലയിലും തുടർന്നു മാനേജിങ് ഡയറക്ടറെന്ന നിലയിലുമുള്ള മൂന്നു വർഷങ്ങൾ അത്ഭുതകരമായ അനുഭവമായിരുന്നെന്നാണ് ബോൺസ്ഡോർഫിന്റെ പ്രതികരണം. ഇന്ത്യയിലെ ആദ്യ ആഡംബര പ്ലഗ് ഇൻ ഹൈബ്രിഡ് എസ് യു വിയെന്ന പെരുമയോടെ ‘എക്സ് സി 90 ടി എയ്റ്റ് എക്സലൻസ്’ അവതരിപ്പിക്കാൻ കഴിഞ്ഞതും മികച്ച നേട്ടമായി അദ്ദേഹം കരുതുന്നു. ‘എസ് 60 ക്രോസ് കൺട്രി’, ‘എസ് 60 പോൾസ്റ്റാർ’, ‘എസ് 90’, ‘വി 90 ക്രോസ് കൺട്രി’ തുടങ്ങിയവയൊക്കെ വിപണിയിലറക്കിയതും ബോൺസ്ഡോർഫിന്റെ നേതൃത്വത്തിലായിരുന്നു. ഇതോടൊപ്പം രാജ്യത്തെ ഷോറൂമുകളുടെ എണ്ണം പതിനൊന്നിൽ നിന്ന് ഇരുപതിലെത്തിക്കാനും അദ്ദേഹത്തിനായി. ബെംഗളൂരുവിൽ വോൾവോ കാറുകളുടെ പ്രാദേശിക അസംബ്ലിങ് ആരംഭിക്കുന്നതിനു തുടക്കം കുറിച്ചതും ബോൺസ്ഡോർഫ് ആണ്. ഇന്ത്യയിൽ അസംബ്ൾ ചെയ്ത ‘എക്സ് സി 90’ ഇക്കൊല്ലം അവസാനത്തോടെ നിരത്തിലെത്തുമെന്നാണു പ്രതീക്ഷ.