ഇ വി ബാറ്ററി വികസിപ്പിക്കാൻ ഹോണ്ടയും നിസ്സാനും

വൈദ്യുത വാഹനങ്ങൾക്കായി ഖരാവസ്ഥയിലുള്ള ബാറ്ററി വികസിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിയും നിസ്സാൻ മോട്ടോർ കമ്പനിയും ശ്രമം തുടങ്ങി. അതേസമയം ഇരു നിർമാതാക്കളും പരസ്പരം സഹകരിച്ചാണോ സോൾഡ് സ്റ്റേറ്റ് ബാറ്ററി വികസിപ്പിക്കുകയെന്നു വ്യക്തമല്ല.

ആഗോളതലത്തിൽ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ കർശനമാക്കുന്നതാണു വാഹന നിർമാതാക്കൾക്കു കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. വൈദ്യുത വാഹനങ്ങളിലേക്കുള്ള ചുടവുമാറ്റം അനിവാര്യമായ സാഹചര്യത്തിൽ ബാറ്ററി വികസനത്തിനും മറ്റും കൂട്ടായ്മ സൃഷ്ടിച്ചു ചെലവു ചുരുക്കാനുള്ള തീവ്രശ്രമത്തിലാണു നിർമാതാക്കൾ. ജപ്പാനിൽ തന്നെ പ്രമുഖ നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ ഇ വി ബാറ്ററി വികസിപ്പിക്കാൻ പാനസോണിക്കിനെയാണു കൂട്ടു പിടിച്ചിരിക്കുന്നത്. 

സോളിഡ് സ്റ്റേറ്റ് ബാറ്ററി വികസനത്തിനു ശ്രമം തുടങ്ങിയെന്ന കാര്യം സ്ഥിരീകരിക്കുമ്പോൾ സഖ്യങ്ങളെപ്പറ്റി ഹോണ്ട മനസ്സു തുറന്നിട്ടില്ല. നിസ്സാനാവാട്ടെ ഈ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ചു തന്നെ പ്രതികരിച്ചിട്ടുമില്ല. 

അതേസമയം ആഗോളതലത്തിൽ വാഹനങ്ങൾക്കുള്ള ഏറ്റവും വലിയ ലിതിയം അയോൺ ബാറ്ററി നിർമാതാക്കളെന്ന സ്ഥാനം അരക്കിട്ടുറപ്പിക്കാനാണ് ടൊയോട്ടയുമായുള്ള സഖ്യത്തിലൂടെ പാനസോണിക് ലക്ഷ്യമിടുന്നത്. 

ടൊയോട്ട ശ്രേണിയിലെ പെട്രോൾ ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്കു നി ലവിൽ ബാറ്ററികൾ ലഭ്യമാക്കുന്നതു പാനസോണിക്കാണ്; ഈ സഖ്യം വിപുലീകരിച്ചാണ് ഇരു കമ്പനികളും ചേർന്നു വൈദ്യുത വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികളും വികസിപ്പിക്കാൻ ശ്രമിക്കുന്നത്.