ഇന്ത്യയിൽ വാഹനവില 5% വർധിപ്പിക്കാൻ വോൾവോ

Volvo Polstar

ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില അഞ്ചു ശതമാനത്തോളം വർധിപ്പിക്കാൻ സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ തീരുമാനിച്ചു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി ചുങ്ക ഘടനയിൽ വരുത്തിയ പരിഷ്കാരങ്ങളെ തുടർന്നാണ് ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോ ഇന്ത്യയിൽ വിലവർധന നടപ്പാക്കുന്നത്. ഇനി മുതൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കാവും വില വർധന ബാധകമാവുകയെന്ന് വോൾവോ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നികുതി ഘടന പ്രകാരം അധിക ബാധ്യത കമ്പനിക്ക് ഏറ്റെടുക്കാനാവില്ലെന്നും വോൾവോ വിശദീകരിക്കുന്നു.

ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള എല്ലാ മോഡലുകൾക്കും അഞ്ചു ശതമാനം വില വർധിപ്പിക്കാനാണു തീരുമാനമെന്നു വോൾവോ കാഴ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ ചാൾസ് ഫ്രംപ് അറിയിച്ചു. 2018 — 19ലെ കേന്ദ്ര ബജറ്റിലെ ഇറക്കുമതി ചുങ്ക നിർദേശങ്ങളുടെ ഫലമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. വില വർധന ഉപയോക്താക്കളെ അത്ഭുതപ്പെടുത്തുമെന്നതിനാൽ സമീപ ഭാവിയിൽ വിൽപ്പനയെ ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം വിലയിരുത്തി. എങ്കിലും ചരക്ക്, സേവന നികുതി(ജി എസ് ടി) വിജയകരമായി നടപ്പായ സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ വാഹന വ്യവസായം സ്ഥിരതയാർജിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സങ്കര ഇന്ധന, പ്ലഗ് ഇൻ സങ്കര ഇന്ധന മോഡലുകൾക്ക് വൈകാതെ ആനുകൂല്യങ്ങൾ ലഭ്യമാവുമെന്നും ഫ്രംപ് കരുതുന്നു. ഇത്തരം നടപടികൾ പരിസ്ഥിതി മലിനീകരണം ചെറുക്കാൻ വഴിയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂർണമായും ബാറ്ററിയിൽ ഓടുന്ന കാറുകളിലേക്കുള്ള മാറ്റത്തോടു വോൾവോയ്ക്കും യോജിപ്പാണ്; പക്ഷേ അതുവരെയുള്ള ഇടവേളയിൽ സങ്കര ഇന്ധന മോഡലുകളിലാവും വോൾവോ ശ്രദ്ധയൂന്നുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.