എൻട്രി ലവൽ ബൈക്കുകൾക്കു വില കുറച്ച പിന്നാലെ ബജാജ് ഓട്ടോ ലിമിറ്റഡ് പ്രീമിയം ബൈക്കായ ‘ഡൊമിനറി’നു വില കൂട്ടി. നേക്കഡ് മോട്ടോർ സൈക്കിളായ ‘ഡൊമിനറി’ന്റെ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) പതിപ്പിന് 1,58,275 രൂപയാണു ഡൽഹി ഷോറൂമിലെ പുതിയ വില; വർധന 2,000 രൂപയോളം. ബജാജ് വെബ്സൈറ്റിലെ വിവരമനുസരിച്ച് എ ബി എസില്ലാത്ത ‘ഡൊമിനറി’ന്റെ വില 1,44,113 രൂപയായും പരിഷ്കരിച്ചിട്ടുണ്ട്; മുൻ വിലയെ അപേക്ഷിച്ച് 2,000 രൂപ വർധന. അതേസമയം, ആവശ്യക്കാർ കുറവായതിനാൽ ആന്റി ലോക്ക് ബ്രേക്കില്ലാത്ത ‘ഡൊമിനർ’ പിൻവലിക്കുകയാണെന്നും ബജാജ് ഓട്ടോ തന്നെ മുമ്പു പ്രഖ്യാപിച്ചിരുന്നതാണ്.
മുൻമോഡലിനെ അപേക്ഷിച്ചു വിവിധ പരിഷ്കാരങ്ങളും പുതുമകളുമൊക്കെയായി കഴിഞ്ഞ ജനുവരിയിലാണു ബജാജ് ‘2018 ഡൊമിനർ’ പുറത്തിറക്കിയത്. എന്നാൽ പുതിയ ബൈക്കിന്റെ അവതരണത്തിനൊപ്പം വിലയിൽ പരിഷ്കാരമൊന്നും ബജാജ് ഓട്ടോ പ്രഖ്യാപിച്ചിരുന്നില്ല. സ്വർണ വർണമുള്ള അലോയ് വീൽ സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാക്കിയതും പുത്തൻ നിറക്കൂട്ടുമൊക്കെയായിരുന്നു ‘2018 ഡൊമിനറി’ലെ പുതുമ. സാങ്കേതികവിഭാഗത്തിലാവട്ടെ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
ബൈക്കിലെ 373 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ 8,000 ആർ പി എമ്മിൽ 34.5 ബി എച്ച് പി കരുത്താണു സൃഷ്ടിക്കുക; 6,500 ആർ പി എമ്മിൽ 35 എൻ എം ടോർക്കും. സ്ലിപ്പർ ക്ലച് യൂണിറ്റ് സഹിതമെത്തുന്ന ബൈക്കിലെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഗീയർബോക്സാണ്. മുന്നിൽ ടെലിസ്കോപിക് ഫോർക്കിനൊപ്പം പിന്നിൽ മോണോഷോക് ആണു ‘2018 ഡൊമിനറി’ന്റെ സസ്പെൻഷൻ. ഇരട്ട ചാനൽ എ ബി എസിനൊപ്പം ബൈബ്രെ ഡിസ്ക് ബ്രേക്കുകളാണ് ബൈക്കിലുള്ളത്.