വിചിത്രമായ പേരും അതിനുയോജ്യമായ രൂപവുമുള്ള ‘മങ്കി 125’ ഉൽപ്പാദനം പുനഃരാരംഭിക്കാൻ ഹോണ്ട. ‘മങ്കി’യുടെ ഉൽപ്പാദനം കഴിഞ്ഞ വർഷമാണു ഹോണ്ട താൽക്കാലികമായി നിർത്തിയത്. പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാത്തത്തിനൊപ്പം മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനുള്ള പ്രയാസം കൂടിയായതോടെയാണ് ഹോണ്ട ‘മങ്കി’യെ കൈവിട്ടത്. 2017 ടോക്കിയോ മോട്ടോർ ഷോയിൽ ആദ്യമായി പ്രദർശിപ്പിച്ച പുതിയ കൺസെപ്റ്റിലെ അടിസ്ഥാനപ്പെടുത്തിയാണ് 2018 മങ്കി പുറത്തിറങ്ങുക.
‘ഗ്രോം’ അഥവാ ‘എം എസ് എക്സ് 125’ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണ് ഹോണ്ട പുത്തൻ ‘മങ്കി’ സാക്ഷാത്കരിച്ചിരിക്കുന്നത്. ‘ഗ്രോമി’ലെ 125 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എയർ കൂൾഡ് എൻജിൻ തന്നെയാവും ‘മങ്കി’ക്കും കരുത്തേകുക; 7,000 ആർ പി എമ്മിൽ 9.3 ബി എച്ച് പി കരുത്തും 5,250 ആർ പി എമ്മിൽ 11 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 107 കിലോഗ്രാം ഭാരമുള്ള ബ്കൈകിലെ ഇന്ധന ടാങ്കിൽ 5.6 ലീറ്റർ പെട്രോൾ സംഭരിക്കാം.
തലകീഴായി ഘടിപ്പിച്ച ഫോർക്ക്, 12 ഇഞ്ച് ടയർ, ഡിസ്ക് ബ്രേക്ക്(മുന്നിൽ 220 എം എം, പിന്നിൽ 190 എം എം), മുന്നിൽ ആന്റി ലോക്ക് ബ്രേക്ക് തുടങ്ങിയവയൊക്കെയായാണു ‘മങ്കി’യുടെ വരവ്. പൂർണമായും എൽ ഇ ഡി ലൈറ്റുകളുള്ള ബൈക്കിൽ വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോളുമുണ്ട്. ‘മങ്കി’യെന്ന പേരിനൊടു നീതി പുലർത്താൻ ‘ബനാന യെലോ’ നിറത്തിൽ ബൈക്ക് വിൽപ്പനയ്ക്കുണ്ട്. ഒപ്പം പേൾ നെബുല റെഡ്, പേൾ ഷൈനിങ് ബ്ലാക്ക് നിറങ്ങളിലും. വേൾഡ് മോട്ടോർ സൈക്കിൾ ടെസ്റ്റ് സൈക്കിൾ വ്യവസ്ഥ പ്രകാരം ലീറ്ററിന് 67.1 കിലോമീറ്ററാണു ബൈക്കിന് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
ജപ്പാനിൽ 3,99,600 യെൻ(ഏകദേശം 2.45 ലക്ഷം രൂപ) ആണു ഹോണ്ട ‘മങ്കി’ക്കു വില. ക്രമേണ ‘മങ്കി’യുടെ ‘സ്ക്രാംബ്ലർ’, ‘കഫെ റേസർ’ പതിപ്പുകൾ പുറത്തിറക്കാനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്. അതേസമയം, ‘മങ്കി’യെ ഹോണ്ട ഇന്ത്യയിലെത്തിക്കാൻ വിദൂര സാധ്യത പോലുമില്ല.