ഇന്ത്യൻ നേവിയുടെ യുദ്ധ വിമാനം മിഗ് 29കെയും ലോകത്തിലെ ഏറ്റവും വേഗമുള്ള സൂപ്പർകാറുകളിലൊന്നായ ലംബോർഗിനി ഹുറാകാനും മത്സരിച്ചാൽ ആരു ജയിക്കും? പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 2.9 സെക്കന്റ് മാത്രം വേണ്ട ഹുറകാനും ആകാശത്ത് ശബ്ദത്തെ തോൽപ്പിക്കുന്ന വേഗമുള്ള സൂപ്പർസോണിക്ക് ജെറ്റ് വിമാനമായ മിഗ് 29 കെയും തമ്മിലൊരു മത്സരം സംഘടിപ്പിച്ചു.
ഗോവയിലെ ഇന്ത്യൻ നേവിയുടെ വിമാനത്താവളത്തിൽ നടത്തിയ മത്സരത്തിന്റെ വിഡിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. വിമാനത്താവളത്തിന്റെ ടാക്സി വേയിലൂടെ ലംബോർഗിനി പറന്നപ്പോൾ മിഗ് 29 റൺവേയിലൂടെ ചീറിപ്പാഞ്ഞു. നേവിയുടെ എയർവിങ്ങിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
Lamborghini Huracan squares off against Indian Navy's MiG-29K
മിഗ് 29 സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ച സൂപ്പര്‍സോണിക് ജെറ്റ് വിമാനമാണ്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്നു ഈ യുദ്ധവിമാനം. സോവിയറ്റ് യൂണിയന് പുറത്തു നിന്ന് മിഗ് വിമാനത്തെ സ്വന്തമാക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണ്. 1985 ലാണ് മിഗ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. പൈലറ്റ് മാത്രമുള്ള ഈ യുദ്ധവിമാനത്തിന് 2400 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. 1430 കിലോമീറ്റര്‍ വരെ ദൂരം ഒറ്റയടിക്ക് പറക്കാനുള്ള ശേഷിയുണ്ട്. ഏകദേശം 29 ദശലക്ഷം ഡോളറാണ് വിമാനത്തിന്റെ വില.
ലംബോർഗിനിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ഹുറാകാൻ. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എൻജിനോടെയാണു ലംബോർഗിനി ഹുറാകാൻ വകഭേദങ്ങളെല്ലാം വിൽപ്പനയ്ക്കെത്തിക്കുന്നത്. 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ കാറുകൾക്കു കരുത്തേകുന്നത്. ‘പെർഫോമെന്റെ’യിലെത്തുമ്പോൾ പരമാവധി 640 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘ഹുറാകാൻ എൽ പി 610 — 4’ കാറിൽ 602 ബി എച്ച് പിയും ‘എൽ പി 580 — 2’ൽ 572 ബി എച്ച് പിയുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്.