Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർസ്റ്റാറായി ഹുറാകാന്റെ പടയോട്ടം

lamborghini-huracan_lp580-2-1

ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നിയിൽ നിന്നുള്ള ‘ഹുറാകാൻ’ 10,000 പിന്നിട്ടു. നാലു വർഷം മുമ്പ് ജനീവ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ച ‘ഹുറാകാൻ വി 10’ മോഡലാണ് ഉൽപ്പാദനത്തിൽ ഈ തകർപ്പൻ നേട്ടം കൈവരിച്ചത്. 

കാനഡയിലെ ഉടമയ്ക്കായി അണിഞ്ഞൊരുങ്ങഉന്ന ‘പെർഫോമന്റെ’ വകഭേദമാണ് ‘ഹുറാകാൻ’ ഉൽപ്പാദനം 10,000 തികച്ചത്. ഡേടോണ ഇന്റർനാഷനൽ സ്പീഡ്വേയിൽ ഇക്കൊല്ലത്തെ ഡേടോണ 25 അവേഴ്സ് റേസിൽ ‘ലംബോർഗ്നി ജി ടി ത്രീ’ വിജയം കൊയ്തതിന്റെ ഓർമയ്ക്കായി വെർദെ മാന്റിസ് ഗ്രീൻ നിറമാണ് ബൊളോണീസിലെ സന്ത് അഗ്ത ശാലയിൽ നിന്നു പുറത്തെത്തിയ 10,000—ാമതു ‘ഹുറാകാനി’നായി തിരഞ്ഞെടുത്തിരിക്കുന്നത്.

‘ഹുറാകാൻ’ ശ്രേണിയലെ ഏറ്റവും ചലനാത്മക മോഡലാണു ‘പെർഫോമെന്റെ’; 5.2 ലീറ്റർ, വി 10 എൻജിനാണു കാറിനു കരുത്തേകുന്നത്. 631 ബി എച്ച് പി വരെ കരുത്തും 600 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. നിശ്ചലാവസ്ഥയിൽ നിന്നു വെറും 2.9 സെക്കൻഡിനകം മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുന്ന കാറിന്റെ പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 325 കിലോമീറ്ററാണ്. ആഗോള കാർ വിൽപ്പനയിലും തകർപ്പൻ നേട്ടമാണു ലംബോർഗ്നി കഴിഞ്ഞ വർഷം കൈവരിച്ചത്; മൊത്തം വിറ്റ 3,815 കാറുകളിൽ 2,642 എണ്ണവും ‘ഹുറാകാൻ’ ആയിരുന്നു. 2016ലെ വിൽപ്പനയെ അപേക്ഷിച്ച് 12% അധികമാണിത്. 

സാധാരണ ഗതിയിൽ കാറുകളുടെ ശരാശരി ആയുസ് ആറോ ഏഴോ വർഷമാണ്; എന്നാൽ മുന്തിയ ശ്രേണിയിലെ സൂപ്പർ കാറുകൾക്ക് ഈ കാലപരിധി ബാധകമാവാറില്ല. ലംബോർഗ്നിയുടെ പഴയ പടക്കുതിരയായ ‘ഗയാഡോ’ ദശാബ്ദത്തോളമാണു നിരത്തു വാണത്. അതുകൊണ്ടുതന്നെ 2014ൽ നിരത്തിലെത്തിയ ‘ഹുറാകാ’നും അടുത്തൊന്നും പിൻവാങ്ങാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. മിക്കവാറും 2025 ആകുമ്പോഴേക്കാവും ലംബോർഗ്നി ‘ഹുറാകാ’ന്റെ പകരക്കാരനെ പുറത്തിറക്കുകയെന്നാണു സൂചന.