Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസ് മോട്ടോർ ഷോയ്ക്കില്ലെന്നു ലംബോർഗിനിയും

Lamborghini Urus Lamborghini Urus

മാതൃസ്ഥാപനമായ ഫോക്സ്‍വാഗനു പിന്നാലെ ഗ്രൂപ്പിൽപെട്ട ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗ്നിയും ഇക്കൊല്ലത്തെ പാരിസ് മോട്ടോർ ഷോയിൽ നിന്നു പിൻവാങ്ങി.  സന്ദർശകരുടെ എണ്ണം അടിസ്ഥാനമാക്കിയാൽ യൂറോപ്പിലെ ഏറ്റവും വലിയ വാഹന പ്രദർശന മാമാങ്കമായാണു രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന പാരിസ് മോട്ടോർ ഷോ പരിഗണിക്കപ്പെടുന്നത്.

ഇതോടെ 10 മുൻനിര നിർമാതാക്കളാണു പാരിസ് മോട്ടോർ ഷോയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞത്. ഫോക്സ്‍വാഗനും ലംബോർഗിനിക്കും പുറമെ ജപ്പാനിൽ നിന്നുള്ള നിസ്സാൻ, ആഡംബര ബ്രാൻഡായ ഇൻഫിനിറ്റി, യു എസിലെ ഫോഡ്, സ്വീഡിഷ് ബ്രാൻഡായ വോൾവോ, ജപ്പാനിലെ സുബാരു, മസ്ദ, മിറ്റ്സുബിഷി, ജർമൻ ഓപ്പൽ തുടങ്ങിയവരും ഷോയിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല ലംബോർഗ്നി പാരിസ് മോട്ടോർ ഷോയിൽ നിന്നു വിട്ടുനിൽക്കുന്നത്; 2016ലും ബെന്റ്ലിക്കൊപ്പം കമ്പനിയും പാരിസിൽ എത്തിയിരുന്നില്ല. അതേസമയം ഫോക്സ്‍വാഗന്റെ ബ്രിട്ടീഷ് ഉപസ്ഥാപനമായ ബെന്റ്ലി ഇക്കൊല്ലം പാരിസ് മോട്ടോർ ഷോയ്ക്കെത്തുമെന്നാണു പ്രതീക്ഷ; ‘കോണ്ടിനെന്റൽ ജി ടി സി’യും ‘ഫ്ളയിങ് സ്പറു’മാവും കമ്പനി പവിലിയനിലെ ആകർഷണങ്ങൾ.

ഫോക്സ്വാഗനും ലംബോർഗ്നിയുമില്ലെങ്കിലും ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി, സ്പോർട്സ് കാർ ബ്രാൻഡായ പോർഷെ, ചെക്ക് നിർമാതാക്കളായ സ്കോഡ, സ്പാനിഷ് ബ്രാൻഡായ സീറ്റ് എന്നിവ പാരിസ് ഷോയിൽ പങ്കെടുക്കുമെന്ന് ഫോക്സ്വാഗന്റെ ഫ്രഞ്ച് ഓപ്പറേഷൻസ് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇക്കൊല്ലം പാരിസിൽ നിന്നു വിട്ടു നിൽക്കുന്നതിനാൽ 2020ലെ പ്രദർശനത്തിലും കമ്പനി പങ്കെടുക്കില്ലെന്ന് അർഥമില്ലെന്നും ഫോക്സ്വാഗൻ വിശദീകരിച്ചിട്ടുണ്ട്. 

മൂന്നു വർഷം മുമ്പ് ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങിയ പിന്നാലെ ഡെട്രോയ്റ്റും ഫ്രാങ്ക്ഫുർട്ടുമടക്കമുള്ള പരമ്പരാഗത കാർ പ്രദർശന വേദികളോട് ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ കാര്യമായ ആഭിമുഖ്യം കാട്ടിയിരുന്നില്ല. ഇക്കൊല്ലം ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിലും കമ്പനി പങ്കെടുത്തിരുന്നില്ല; പകരം ഇതേ സമയത്ത് സ്വന്തം നിലയിൽ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു ഫോക്സ്വാഗൻ ചെയ്തത്.

ചെലവു ചുരുക്കൽ നടപടിയുടെ ഭാഗമെന്നതിലുപരി വാഹന വ്യവസായത്തിന് കാർ മേളകളോടുള്ള താൽപര്യം കുറയുന്നതിന്റെ കൂടി തെളിവായാണ് ഫോക്സ്വാഗന്റെ  ഈ നീക്കം വിലയിരുത്തപ്പെടുന്നത്. വരുന്ന ഒക്ടോബർ രണ്ടു മുതൽ 14 വരെ നടക്കുന്ന പാരിസ് മോട്ടോർ ഷോയിൽ ഫ്രഞ്ച് നിർമാതാക്കളായ റെനോ, സിട്രോൻ, പ്യുഷൊ തുടങ്ങിയവ പങ്കെടുക്കുന്നുണ്ട്. കൂടാതെ ടൊയോട്ട, മെഴ്സീഡിസ് ബെൻസ്, ഹ്യുണ്ടേയ്, ജഗ്വാർ ലാൻഡ് റോവർ, സ്മാർട്, സുസുക്കി, ലെക്സസ് തുടങ്ങിയ വിദേശ നിർമാതാക്കളും പ്രദർശനത്തിനെത്തുന്നുണ്ട്.