ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നിക്കു തർപ്പൻ നേട്ടമാണ് ആദ്യ സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസ്’ സമ്മാനിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഇറ്റലിയിൽ അരങ്ങേറിയ ‘ഉറുസ്’ ഇക്കൊല്ലം ജനുവരി 11നാണ് ലംബോർഗ്നി ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്ന് ഒൻപതു മാസം പിന്നിടുമ്പോഴാണു പുത്തൻ ‘ഉറുസ്’ ഇന്ത്യയിലെ ഉടമസ്ഥർക്കു സ്വന്തമാവുന്നത്.
ലംബോർഗ്നി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘ഉറുസി’ന് ഇന്ത്യയിലും ആരാധകർക്കു പഞ്ഞമൊന്നുമില്ല. ദീപാവലി ആഘോഷത്തിനു മോടിയേറ്റാൻ ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലെ ഡീലർഷിപ്പുകൾ വഴിയാണ് ലംബോർഗ്നി പുത്തൻ ‘ഉറുസ്’ ഉടമകൾക്കു കൈമാറിത്തുടങ്ങിയത്.
സെപ്റ്റംബറിൽ മുംബൈ നിവാസിക്കായിരുന്നു ഇന്ത്യയിലെ ആദ്യ ‘ഉറുസ്’ സ്വന്തമാക്കാനുള്ള നിയോഗം. തുടർന്ന് പന്ത്രണ്ടോളം ‘ഉറുസ്’ കമ്പനി ഉടമസ്ഥർക്കു കൈമാറി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളൂരുവിലെ ലംബോർഗ്നി ഷോറൂമിൽ നിന്ന് അഞ്ചു പുതിയ ‘ഉറുസ്’ ആണു നിരത്തിലെത്തിയത്. ഓഫ് റോഡ് പ്രേമികളുടെ മനം കവരാനെത്തിയ ‘ഉറുസി’ന്റെ അടിസ്ഥാന വകഭേദത്തിനു മൂന്നു കോടിയാളം രൂപയാണ് ഇന്ത്യയിലെ ഷോറൂം വില. എങ്കിലും നിരത്തിലെത്തുമ്പോഴേക്ക് ‘ഉറുസ്’ വില നാലു കോടിയോളം രൂപയായി ഉയരുമെന്നാണു കണക്ക്.
ദശാബ്ദങ്ങളായി ഉൽപന്ന ശ്രേണിയിൽ എസ് യു വിയില്ലാതെയായിരുന്നു ലംബോർഗ്നിയുടെ പടയോട്ടം. ഈ വിടവ് നികത്താൻ ലക്ഷ്യമിട്ട് കമ്പനി അണിയിച്ചൊരുക്കിയ ‘ഉറുസി’നാവട്ടെ ലോകമെങ്ങുമുള്ള വാഹന പ്രേമികൾ നൽകിയത് ആവേശകരമായ വരവേൽപ്പും.
‘ഉറുസി’നു കരുത്തേകുന്നത് നാലു ലീറ്റർ, വി എയ്റ്റ്, ഇരട്ട ടർബോ എൻജിനാണ്; പരമാവധി 650 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനാവും. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘ഉറുസി’ലെ എൻജിന് 850 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. വെറും 3.6 സെക്കൻഡിനകം നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു പറക്കുന്ന ‘ഉറുസി’ന്റെ പരമാവധി വേഗം മണിക്കൂറിൽ 305 കിലോമീറ്ററാണ്. 33.7 മീറ്റർ ദൂരത്തിനകം 100 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന കാറിനെ നിശ്ചലാവസ്ഥയിലെത്തിക്കാനും ‘ഉറുസി’ലെ ബ്രേക്കുകൾക്കു കഴിയും.
നിലവിൽ സ്പോർട്സ് കാറുകളായ ‘ഹുറാകാൻ’, ‘അവന്റഡോർ’ എന്നിവയാണു ലംബോർഗ്നി വിൽക്കുന്നത്. ‘ഉറുസ്’ കൂടിയെത്തുന്നതോടെ വിൽപ്പനയിൽ രണ്ടിരട്ടി വർധനയാണു കമ്പനി പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലം മൊത്തം 5,000 കാർ നിർമിക്കാനാണു ലംബോർഗ്നി ലക്ഷ്യമിടുന്നത്; ഇതിൽ 1000 എണ്ണമാവും ‘ഉറുസി’ന്റെ വിഹിതം. ഇന്ത്യയ്ക്കായി 25 ‘ഉറുസ്’ ആണു ലംബോർഗ്നി നീക്കിവച്ചിരിക്കുന്നത്. അടുത്ത വർഷമാവട്ടെ മൊത്തം ഉൽപ്പാദനം 8,000 യൂണിറ്റായി ഉയർത്തുമെന്നും ലംബോർഗ്നി പ്രഖ്യാപിച്ചിട്ടുണ്ട്; സ്വാഭാവികമായും ‘ഉറുസ്’ ഉൽപ്പാദനവും ഇരട്ടിയാവും.