ലംബോർഗ്നിയെ സംബന്ധിച്ചിടത്തോളം ഭാഗ്യനക്ഷത്രമാവുകയാണ് ആദ്യ സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഉറുസ്’. പ്രതീക്ഷിച്ചതിലും തകർപ്പൻ വിൽപ്പനയാണ് ‘2018 ലംബോർഗ്നി ഉറുസ്’ കൈവരിക്കുന്നതെന്നാണു കമ്പനിയുടെ വിലയിരുത്തൽ. ഓട്ടമൊബിലി ലംബോർഗ്നി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്റ്റെഫാനൊ ഡൊമിനിസലി തന്നെയാണ് ‘ഉറുസി’ന്റെ വിൽപ്പനയിലെ മുന്നേറ്റം സ്ഥിരീകരിക്കുന്നത്. മൂന്നു കോടി രൂപ വില നിശ്ചയിച്ച് ജനുവരിയിലാണ് ‘ഉറുസ്’ ഇന്ത്യയിൽ വിൽപ്പനയ്്കെത്തിയത്.
റോഡ് സാഹചര്യങ്ങൾ പൊതുവേ മോശമായ ഇന്ത്യയിലും റഷ്യയിലുമൊക്കെ ‘ഉറുസി’നു തകർപ്പൻ വരവേൽപ്പ് ലഭിക്കുന്നുണ്ടെന്നാണ് ഡൊമിനിസലിയുടെ അവകാശവാദം. ഇത്തരം രാജ്യങ്ങളിലെ പ്രതികൂല റോഡ് സാഹചര്യങ്ങൾ മൂലം ലംബോർഗ്നിയുടെ സാധാരണ മോഡലുകൾ വിപണി കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴാണ് ‘ഉറുസ്’ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം വിശദീരിച്ചു. ‘ഉറുസ്’ ഉപയോക്താക്കളിൽ പലരും ഇതാദ്യമായാണു ലംബോർഗ്നിയുടെ വാഹനം വാങ്ങുന്നതെന്ന സവിശേഷതയുമുണ്ട്; ‘ഉറുസ്’ വിൽപ്പനയിൽ 70 ശതമാനത്തോളം ആദ്യമായി ലംബോർഗ്നി തേടിയെത്തുന്നവർ സമ്മാനിക്കുന്നതാണ്. ധാരാളം വനിതകളും ‘ഉറുസ്’ വാങ്ങാനെത്തുന്നുണ്ടെന്ന് ഡൊമിനിസലി അവകാശപ്പെട്ടു.
ഇക്കൊല്ലം മൊത്തം 5,000 കാർ നിർമിക്കാനാണു ലംബോർഗ്നി ലക്ഷ്യമിടുന്നത്; ഇതിൽ 1000 എണ്ണമാവും ‘ഉറുസി’ന്റെ വിഹിതം. ഇന്ത്യയ്ക്കായി 25 ‘ഉറുസ്’ ആണു ലംബോർഗ്നി നീക്കിവച്ചിരിക്കുന്നത്. അടുത്ത വർഷമാവട്ടെ മൊത്തം ഉൽപ്പാദനം 8,000 യൂണിറ്റായി ഉയർത്തുമെന്നും ലംബോർഗ്നി പ്രഖ്യാപിച്ചിട്ടുണ്ട്; സ്വാഭാവികമായും ‘ഉറുസ്’ ഉൽപ്പാദനവും ഇരട്ടിയാവും.
അതേസമയം വിൽപ്പന വർധിപ്പിക്കുക മാത്രമല്ല കമ്പനിയുടെ ലക്ഷ്യമെന്നും ഡൊമിനിസലി വ്യക്തമാക്കുന്നുണ്ട്. അടുത്ത വർഷത്തോടെ ഉൽപ്പാദനം നിയന്ത്രിച്ച് ലംബോർഗ്നി ബ്രാൻഡിന്റെ വേറിട്ട വ്യക്തിത്വം സംരക്ഷിക്കാനാണു കമ്പനി ഉദ്ദേശിക്കുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും പുറമെ ഇറ്റലിയിലും ജർമനിയിലും യു കെയിലുമൊക്കെ വിൽപ്പന വർധിക്കുന്നുണ്ടെന്നും ഡൊമിനിസലി അറിയിച്ചു.