ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനമായി 3.5 കോടി രൂപയുടെ ലംബോർഗിനി. ഇറ്റാലിയൻ സൂപ്പർ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനിയുടെ ഹുറാകാന്റെ സ്പെഷൽ എഡിഷാണ് മാർപാപ്പയ്ക്ക് സമ്മാനമായി ലഭിച്ചത്. ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് ലംബോർഗിനി മാർപാപ്പയ്ക്ക് ഹുറകാന്‍ സമ്മാനിച്ചത്. കമ്പനിയുടെ സിഇഒ സ്റ്റേപനോ ദൊമിനിക്കാലാണ് പാപ്പയ്ക്ക് കാർ സമ്മാനിക്കാൻ എത്തിയത്.
കാറിനെ ആശിര്‍വദിച്ചശേഷം ബോണറ്റില്‍ മാര്‍പാപ്പ തന്റെ കൈയൊപ്പ് രേഖപ്പെടുത്തി. അതിനു ശേഷം കാർ ലേലത്തിൽ വെയ്ക്കാൻ കൊടുക്കുയായിരുന്നു. 2018 ലാണ് ലംബോർഗിനിയുടെ ലേലം നടക്കുക. നേരത്തെയും സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങള്‍ മാര്‍പാപ്പ ഇതുപോലെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്തിട്ടുണ്ട്.
ലംബോർഗിനിയുടെ ഏറ്റവും വിജയിച്ച മോഡലാണ് ‘ഹുറാകാൻ’. കൂപ്പെ, സ്പൈഡർ ബോഡിക്കു പുറമെ ഓൾ വീൽ ഡ്രൈവ് (എൽ പി 610-4), റിയർ വീൽ ഡ്രൈവ് (എൽ പി 580 — 2), പെർഫോമെന്റെ’ (എൽ പി 640 — 4), ഹുറാകാൻ പെർഫേമെന്റെ സ്പൈഡർ എന്നീ മോഡലുകളിൽ ‘ഹുറാകാൻ’ ലഭ്യമാണ്. വ്യത്യസ്ത ട്യൂണിങ് നിലവാരത്തിലുള്ളതെങ്കിലും ഒരേ എൻജിനോടെയാണു ലംബോർഗ്നി ‘ഹുറാകാൻ’ വകഭേദങ്ങളെല്ലാം വിൽപ്പനയ്ക്കെത്തിക്കുന്നത്; 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ കാറുകൾക്കു കരുത്തേകുന്നത്. ‘പെർഫോമെന്റെ’യിലെത്തുമ്പോൾ പരമാവധി 640 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘ഹുറാകാൻ എൽ പി 610 — 4’ കാറിൽ 602 ബി എച്ച് പിയും ‘എൽ പി 580 — 2’ൽ 572 ബി എച്ച് പിയുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്. എല്ലാ വകഭേദത്തിലും ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗീയർബോക്സ്.