ആദ്യ ലക്ഷം പിന്നിട്ട് ‘അപാച്ചെ ആർ ടി ആർ 160 ഫോർ വി’

Apache RTR 160 V4

പ്രകടനക്ഷമതയേറിയ ‘അപാച്ചെ ആർ ആർ 160 ഫോർ വി’ ബൈക്കിന്റെ ഇതുവരെയുള്ള വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ടി വി എസ് മോട്ടോർ കമ്പനി. കഴിഞ്ഞ മാർച്ചിൽ അരങ്ങേറ്റം കുറിച്ച ബൈക്ക് ആറു മാസത്തിനകമാണ് ഈ നേട്ടം കൈവരിച്ചതെന്നും ചെന്നൈ ആസ്ഥാനമായ ടി വി എസ് അറിയിച്ചു. 

വെറും ആറു മാസത്തിനകം ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുക വഴി റെക്കോഡ് നേട്ടമാണു ‘ടി വി എസ് അപാച്ചെ ആർ ടി ആർ 160 ഫോർ വി’ സ്വന്തമാക്കിയതെന്ന് ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് — പ്രീമിയം ടു വീലേഴ്സ്, ഇന്റർനാഷനൽ ബിസിനസ് ആൻഡ് ടി വി എസ് റേസിങ്) അരുൺ സിദ്ധാർഥ് അഭിപ്രായപ്പെട്ടു. മികച്ച പ്രകടനക്ഷമതയും റേസിങ് പാരമ്പര്യവുമാണ് ഈ നേട്ടത്തിലേക്കു നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ബൈക്കിനു കരുത്തേകുന്നത് 159.7 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക്, നാലു വാൽവ്, ഓയിൽ കൂൾഡ് എൻജിനാണ്. 8,000 ആർ പി എമ്മിൽ 16.8 പി എസ് കരുത്തും 6,500 ആർ പി എമ്മിൽ 14.8 എൻ എം ടോർക്കുമാണ് ബൈക്കിന്റെ ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പ് സൃഷ്ടിക്കുക. കാർബുറേറ്ററുള്ള ബൈക്കിന്റെ പരമാവധി കരുത്ത് 16.5 പി എസും ടോർക്ക് 14.8 എൻ എമ്മുമാണ്. ഗീയർമാറ്റത്തിന്റെ കൃത്യത ഉറപ്പാക്കാൻ അഞ്ചു സ്പീഡ്, സൂപ്പർ സ്ലിക് ഗീയർബോക്സും ബൈക്കിലുണ്ട്. 

ഇന്ത്യയ്ക്കു പിന്നാലെ ശ്രീലങ്കയിലും ടി വി എസ് ‘അപാച്ചെ ആർ ടി ആർ 160 ഫോർ വി’ വിൽപ്പനയ്ക്കെത്തിച്ചിരുന്നു;  3,79,900 ശ്രീലങ്കൻ രൂപ(ഏകദേശം 1.62 ലക്ഷം രൂപ)യായിരുന്നു ബൈക്കിന്റെ കൊളംബോ ഷോറൂമിലെ വില. റേസിങ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ നിറങ്ങളിലാണു ബൈക്ക് ശ്രീലങ്കയിൽ ലഭിക്കുക.