Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെലികോപ്റ്റർ നിർമിക്കാൻ എയർബസ് — മഹീന്ദ്ര സഖ്യം

Airbus Helicopters

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ പങ്കാളിയായി ഇന്ത്യയിൽ ഹെലികോപ്റ്റർ നിർമിക്കുമെന്ന് യൂറോപ്യൻ കൺസോർഷ്യമായ എയർബസ് ഇൻഡസ്ട്രി. മഹീന്ദ്ര ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ സംയുക്ത സംരംഭം സ്ഥാപിച്ച് ഇന്ത്യൻ സൈനിക മേഖലയ്ക്കുള്ള ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് എയർബസിന്റെ പദ്ധതി. ഇതോടെ ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തനം തുടങ്ങുന്ന ആദ്യ ഹെലികോപ്റ്റർ നിർമാതാക്കൾ എന്ന പദവിയും എയർബസ് ഗ്രൂപ്പിന്റെ ഭാഗമായ എയർബസ് ഹെലികോപ്റ്റേഴ്സും മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ മഹീന്ദ്ര ഡിഫൻസും ചേർന്നു സ്ഥാപിക്കുന്ന സംയുക്ത സംരംഭത്തെ തേടിയെത്തും.

ഇന്ത്യയിലെ സൈനിക വിഭാഗങ്ങളുടെ ആവശ്യം നിറവേറ്റുന്ന ഹെലികോപ്റ്ററുകളുടെ നിർമാണത്തിനാണു സംയുക്ത സംരംഭം മുൻഗണന നൽകുകയെന്ന് എയർബസ് ഹെലികോപ്റ്റേഴ്സ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗിലോം ഫോറി വ്യക്തമാക്കി. ഇന്ത്യയിലെ സൈനിക മേഖലയ്ക്കു ഹെലികോപ്റ്റർ ലഭ്യമാക്കാനുള്ള ടെൻഡർ അവസരങ്ങളിൽ സംയുക്ത സംരംഭം സജീവമായി രംഗത്തുണ്ടാവും. ഹെലികോപ്റ്ററുകൾക്കുള്ള കരാർ ലഭ്യമായാൽ നൂറു കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകളും രാജ്യത്തെത്തിക്കുമെന്നാണു പങ്കാളികളുടെ വാഗ്ദാനം.

യുദ്ധക്ഷമത തെളിയിച്ച പ്ലാറ്റ്ഫോമുകൾ ആധാരമാക്കി ഉന്നത ഗുണനിലവാരവും സുരക്ഷാ നിലവാരവുമുള്ള, വിശ്വാസ്യതയേറിയ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സായുധ സേനകൾക്കു നിർമിച്ചു നൽകുകയാണു സംയുക്ത സംരംഭത്തിന്റെ ദൗത്യമെന്നു ഫോറി വിശദീകരിച്ചു. എയർബസിനു മാത്രമല്ല ഇന്ത്യയ്ക്കും ഏറെ ഗുണകരമാവുന്ന സംയുക്ത സംരംഭമാണു മഹീന്ദ്രയുമായുള്ള പങ്കാളിത്തത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ പ്രതിരോധ സേനകളുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്ന അടുത്ത തലമുറ ഹെലികോപ്റ്ററുകളുടെ നിർമാണമാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര ഡിഫൻസ് സിസ്റ്റംസ് ചെയർമാനും മഹീന്ദ്ര ഗ്രൂപ് ഏറോസ്പേസ് ആൻഡ് ഡിഫൻസ് സെക്ടർ പ്രസിഡന്റുമായ എസ് പി ശുക്ല പ്രതികരിച്ചു. ഭാവിയിൽ ഇത്തരം അത്യാധുനിക ഹെലികോപ്റ്ററുകൾ കയറ്റുമതി ചെയ്യാൻ പോലുമാവുമെന്നാണു പങ്കാളികളുടെ കണക്കുകൂട്ടൽ.