ചൂടപ്പം പോലെ വിറ്റഴിഞ്ഞ സൂപ്പർ കാറായ ‘വെറോണി’ന്റെ പാരമ്പര്യം കാക്കേണ്ട ‘കൈറോൺ’ പ്രകടനക്ഷമതയിൽ മുൻഗാമിയെ കടത്തിവെട്ടിയേക്കും. കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 467 കിലോമീറ്ററാകുമെന്നാണു സൂചന. നിശ്ചലാവസ്ഥയിൽ നിന്നു വെറും 2.2 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റലേക്കു കുതിക്കുന്ന ‘കൈറോണി’ലെ സ്പീഡോമീറ്ററിൽ 500 കെ എം പി എച്ച് വരെ രേഖപ്പെടുത്തിയിട്ടുണ്ടാവും. പരീക്ഷണ ഓട്ടത്തിൽ ഏറ്റവും കൂടുതൽ വേഗം കൈവരിച്ചത് ഹെനെസി ‘വെനം ജി ടി’ ആണ്; മണിക്കൂറിൽ 453.31 കിലോമീറ്ററാണു കാർ കൈവരിച്ച റെക്കോഡ് വേഗം. ‘കൈറോണി’ന്റെ മുൻഗാമിയായ ‘വെറോൺ’ ആണു വേഗത്തിൽ രണ്ടാം സ്ഥാനത്ത്: മണിക്കൂറിൽ 415 കിലോമീറ്റർ. മണിക്കൂറിൽ 414.26 കിലോമീറ്റർ വേഗം കൈവരിച്ച എസ് എസ് സി ‘അൾട്ടിമേറ്റ് ഏറോ’ ആണു തൊട്ടുപിന്നിൽ. ‘കോണിഗ്സെഗ് സി സി ആറി’ന്റെ പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 385 കിലോമീറ്ററിൽ ഒതുങ്ങി.
അതേസമയം പുതിയ കാറിന്റെ പേരു പ്രഖ്യാപിച്ചതല്ലാതെ സാങ്കേതിക വിഭാഗത്തെപ്പറ്റി ബ്യുഗാട്ടി മനസ്സു തുറന്നിട്ടില്ല. എങ്കിലും രണ്ടു സീറ്റുള്ള സൂപ്പർ കാറിനു കരുത്തേകുക മിക്കവാറും എട്ടു ലീറ്റർ, ക്വാഡ് ടർബോ, ഡബ്ല്യു 16 എൻജിനാവാനാണു സാധ്യത. ‘വെറോണി’നു കരുത്തേകിയ എൻജിന്റെ ഈ പരിഷ്കരിച്ച പതിപ്പിന് പരമ്പരാഗത, വൈദ്യുത ടർബോ ചാർജറുകളുടെ പിൻബലവും പ്രതീക്ഷിക്കാം. ഇങ്ങനെ പരമാവധി 1500 ബി എച്ച് പി വരെ കരുത്തും 1,500 എൻ എം വരെ ടോർക്കുമാവും ഈ എൻജിൻ സൃഷ്ടിക്കുക. അരങ്ങേറ്റത്തിനു മുമ്പു തന്നെ ‘കൈറോൺ’ 130 ഓർഡർ നേടിക്കഴിഞ്ഞെന്നാണു ബ്യുഗാട്ടിയുടെ അവകാശവാദം. 1920 — 1930 കാലത്ത് ബ്യൂഗാട്ടി വർക്സ് ഡ്രൈവറായിരുന്ന ലൂയിസ് കൈറോണിനുള്ള ആദരമായാണ് മാർച്ചിൽ നടക്കുന്ന ജനീവ മോട്ടോർ ഷോയിൽ അനാവൃതമാകുന്ന കാറിനു ‘കൈറോൺ’ എന്നു പേരിട്ടിരിക്കുന്നത്.
ഇതിനു പുറമെ ഗ്രീക്ക് പുരാണത്തിലും ‘കൈറോണി’ന് ഇടമുണ്ട്; മനുഷ്യന്റെ തലയും കുതിരയുടെ ഉടലും സമന്വയിക്കുന്ന സെന്റോറുകളിലെ ഏറ്റവും കേമനായാണു ‘കൈറോണി’നെ ഗ്രീക്ക് പുരാണം വാഴ്ത്തുന്നത്. വൈദ്യശാസ്ത്രം, സംഗീതം, അമ്പെയ്ത്ത്, വേട്ട, പ്രവചനം തുടങ്ങി പല മേഖലകളിലും വളർത്തച്ഛനായ അപ്പോളൊയുടെ കഴിവുകളോടു കിട പിടിക്കുന്ന സാമർഥ്യം കൈമുതലാക്കിയ ‘കൈറോണി’നു യുവത്വം നിലനിർത്താനുള്ള അപൂർവ സിദ്ധിയും സ്വന്തമായിരുന്നത്രെ. മുൻഗാമിയായ ‘വെറോണി’ന്റെ നിർമാണം 400 യൂണിറ്റിലൊതുക്കിയ ബ്യുഗാട്ടി ഇത്തവണ പക്ഷേ 500 ‘കൈറോൺ’ നിർമിച്ചു വിൽക്കാനാണു തയാറെടുക്കുന്നത്. പ്രതിവർഷ ഉൽപ്പാദനം 100 യൂണിറ്റിലൊതുങ്ങുന്ന ഈ കാറിന്റെ വില 20 ലക്ഷം യൂറോ(ഏകദേശം 14.53 കോടി രൂപ)യോളമാവുമെന്നാണു വിലയിരുത്തൽ.