എച്ച് എം എസ് ഐ ഗുജറാത്ത് ശാലയിൽ രണ്ടാം അസംബ്ലി ലൈൻ

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എസ് ഐ)യുടെ ഗുജറാത്ത് ശാലയിൽ രണ്ടാമത്തെ അസംബ്ലി ലൈൻ പ്രവർത്തനം ആരംഭിച്ചു. രാജ്യത്ത് കമ്പനി സ്ഥാപിച്ച നാലാമത്തെ നിർമാണശാലയാണ് അഹമ്മദബാദ് ജില്ലയിലെ മണ്ഡൽ താലൂക്കിലുള്ള വിത്തൽപൂരിലേത്. ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’യുടെ നിർമാണത്തിനുള്ള ഈ രണ്ടാം അസംബ്ലി ലൈൻ വഴി പ്രതിവർഷം ആറു ലക്ഷം യൂണിറ്റിന്റെ അധിക ഉൽപ്പാദനശേഷിയാണു കമ്പനിക്കു ലഭിക്കുന്നത്; ഇതോടെ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 12 ലക്ഷം യൂണിറ്റായും ഉയർന്നിട്ടുണ്ട്.

പുതിയ ശാല കൂടിയായതോടെ രാജ്യത്ത് എച്ച് എം എസ് ഐയുടെ മൊത്തം ഉൽപ്പാദന ശേഷി പ്രതിവർഷം 58 ലക്ഷം യൂണിറ്റിലെത്തി. ഹരിയാനയിലെ മനേസാറിലുള്ള ആദ്യ ശാലയിൽ പ്രതിവർഷം 16 ലക്ഷം യൂണിറ്റും ഗുജറാത്തിലെ തപുകരയിലുള്ള രണ്ടാം ശാലയിൽ വർഷം തോറും 12 ലക്ഷം യൂണിറ്റും കർണാടകത്തിലെ നരസാപുരയിൽ തുറന്ന മൂന്നാം ശാലയിൽ നിന്ന് വർഷം 18 ലക്ഷം യൂണിറ്റുമാണു കമ്പനി ഉൽപ്പാദിപ്പിക്കുന്നത്. ഗുജറാത്ത് ശാലയ്ക്കായി ഹോണ്ടയും 23 യന്ത്രഘടക സപ്ലയർമാരും ചേർന്ന് 2,200 കോടിയോളം രൂപയാണു നിക്ഷേപിച്ചത്. ഒൻപതിനായിരത്തോളം തൊഴിൽ അവസരങ്ങളും ഈ ശാല സൃഷ്ടിച്ചിട്ടുണ്ട്. വിത്തൽപൂർ ശാലയ്ക്കായി 1,100 കോടി രൂപയാണ് എച്ച് എം എസ് ഐയുടെ നിക്ഷേപം; മൂവായിരത്തോളം പേർക്കാണു കമ്പനി നേരിട്ടു ജോലി നൽകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യ വൈകാതെ ഹോണ്ടയുടെ ആഗോള വിൽപ്പന കണക്കെടുപ്പിലും ഒന്നാം സ്ഥാനത്തെത്തുമെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ സാമ്പത്തിക വർഷം തന്നെ എച്ച് എം എസ് ഐ ഈ നേട്ടം സ്വന്തമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത രാജ്യങ്ങളിൽ ദൃശ്യമായിരുന്ന, സ്കൂട്ടറുകളോടുള്ള പ്രതിപത്തിയാണ് ഇപ്പോൾ ഇന്ത്യൻ ഇരുചക്രവാഹന വിപണിക്ക് ഗതിവേഗമേകുന്നത്. ഇന്ത്യയിലെ ഇരുചക്രവാഹന വിപണി 15% വളർച്ച നേടുമ്പോൾ സ്കൂട്ടർ വിഭാഗം കൈവരിക്കുന്നത് 30% വളർച്ചയാണ്.