Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയെ പിന്നിലാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളം

kochi-airport

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം കുതിക്കുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയാണു കൊച്ചി പുതു വർഷത്തിൽ കൈവരിച്ചത്. ഏപ്രിൽ വരെയുള്ള കണക്കാണിത്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വർഷങ്ങളായി നാലാം സ്ഥാനത്താണു കൊച്ചി. മൂന്നാം സ്ഥാനത്തുള്ള ചെന്നൈയെ പിന്തള്ളിയാണു ഡൽഹി, മുംബൈ എന്നിവയ്ക്കു തൊട്ടുപിന്നിൽ കൊച്ചി എത്തിയത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം കൊച്ചി വിമാനത്താവളത്തിലൂടെ ഏപ്രിൽ മാസത്തിൽ 4,27,731 പേരാണു യാത്ര ചെയ്തത്. 2015 ഏപ്രിലിൽ ഇത് 3,56,044 പേരായിരുന്നു. വർധന 20.1 ശതമാനം. ചെന്നൈ വിമാനത്താവളത്തിലൂടെ ഏപ്രിൽ മാസത്തിൽ സഞ്ചരിച്ച രാജ്യാന്തര യാത്രക്കാർ 4,12,670 പേരാണ്. കഴിഞ്ഞ വർഷം ഇതേ സമയം യാത്രക്കാരുടെ എണ്ണം 3,87,734 ആയിരുന്നു. വർധന 6.4 ശതമാനം. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡൽഹിയിൽ ഏപ്രിൽ മാസത്തിലെ രാജ്യാന്തര യാത്രക്കാരുടെ എണ്ണം 11,71,259 ആണ്. മുൻ വർഷം ഇതു 10,86,469 ആയിരുന്നു. വർധന 7.8 ശതമാനം.

മുംബൈയിലെ രാജ്യാന്തര യാത്രക്കാർ 9,74,081 ആണ്. കഴിഞ്ഞ വർഷം ഇതേ സമയം യാത്രക്കാരുടെ എണ്ണം 9,23,386 ആയിരുന്നു. വർധന 5.5 ശതമാനം. ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും കൊച്ചിയിൽ വർധനയുണ്ട്. മുൻ വർഷത്തേക്കാൾ 15.9 ശതമാനം. 2016 ഏപ്രിലിൽ കൊച്ചിയിൽ‌ നിന്നുള്ള ആഭ്യന്തര യാത്രക്കാർ 2,86,164 ആണ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ യാത്രക്കാർ 2,46,846 ആയിരുന്നു. ഡൽഹിയിൽ വർധന 26.2 ശതമാനവും മുംബൈയിൽ വർധന 9.7 ശതമാനവുമാണ്. പ്രമുഖ വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാരുടെ വളർച്ചയിൽ കൊച്ചിക്കു മുന്നിൽ ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളുണ്ട്. ഇവയ്ക്ക് യഥാക്രമം 22.9, 22.1 ശതമാനം വീതം വർധനയുണ്ട്.

മൊത്തം യാത്രക്കാരുടെ വർധനവിലും കൊച്ചിക്കു മികച്ച സ്ഥാനമാണ് – 18.4 ശതമാനം. ആകെ 7,13,895 യാത്രക്കാരാണു 2016 ഏപ്രിലിൽ കൊച്ചി വിമാനത്താവളം വഴി സഞ്ചരിച്ചത്. ഡൽഹിയിലാണ് ഏറ്റവുമധികം വർധന – 20.8 ശതമാനം. മുംബൈയിൽ 8.5 ശതമാനം വർധനയുണ്ട്. ഡൽഹി വഴി 44.42 ലക്ഷം യാത്രക്കാരും മുംബൈ വഴി 36.27 ലക്ഷം യാത്രക്കാരും 2016 ഏപ്രിലിൽ സഞ്ചരിച്ചു. ആകെ യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചിയേക്കാൾ മുന്നിലുള്ള ചെന്നൈ വഴി 14.02 ലക്ഷം യാത്രക്കാരാണു സഞ്ചരിച്ചത്. കൊൽക്കത്തയിൽ 10.87 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ബെംഗളൂരുവിൽ 17.93 ലക്ഷം യാത്രക്കാരും ഹൈദരാബാദിൽ 11.24 ലക്ഷം യാത്രക്കാരുമുണ്ടായിരുന്നു.

രാജ്യത്തു മുഴുവനായി 203.7 ലക്ഷം യാത്രക്കാരാണ് ഏപ്രിൽ മാസത്തിൽ സഞ്ചരിച്ചത് . 2015 ഏപ്രിലിൽ ഇതു 173.7 ലക്ഷം പേരായിരുന്നു. വർധന 17.3 ശതമാനം. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവയ്ക്കു ശേഷം ഏഴാം സ്ഥാനത്താണു കൊച്ചി. കോഴിക്കോട് വിമാനത്താവളത്തിലെ പല രാജ്യാന്തര സർവീസുകൾ കൂടി കൊച്ചിയിലേക്കു മാറ്റിയതോടെയാണു രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വളർച്ച നേടാൻ കൊച്ചിക്കു കഴിഞ്ഞത്. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ കാര്യത്തിലെ അനിശ്ചിതാവസ്ഥ തുടരുന്നതും കേരളത്തിൽ വിനോദസഞ്ചാര സീസൺ ആരംഭിച്ചതും മൂലം ഇനി അടുത്തൊന്നും ചെന്നൈയ്ക്കു കൊച്ചിയെ പിന്നിലാക്കാൻ സാധിക്കില്ല.

ചരക്കു നീക്കത്തിലും നേട്ടം

ചരക്കു നീക്കത്തിന്റെ കാര്യത്തിലും ഏപ്രിൽ മാസത്തിൽ കൊച്ചിയിൽ കാര്യമായ വർധനയുണ്ട്. 34 ശതമാനം. 5,839 ടൺ കാർഗോയാണു കൊച്ചി വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. ഡൽഹിയിൽ ഇതു 43,603 ടൺ ആണ്. മുംബൈയിൽ കൈകാര്യം ചെയ്തതു 42,184 ടൺ കാർഗോയായിരുന്നു. അത്യാധുനിക പെരിഷബിൾ കാർഗോ വിഭാഗം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചതോടെ കൊച്ചിയിൽ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതി വർധിച്ചു. കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണമേൻമ പരിശോധിക്കുന്നതിനുള്ള പ്ലാന്റ് ക്വാറന്റൈൻ വിഭാഗം പ്രവർത്തനമാരംഭിച്ചതു കയറ്റുമതിക്കാർക്കു ഗുണകരമായി.

ഏപ്രിലിൽ കൊച്ചി വിമാനത്താവളത്തിൽ 4,639 വിമാനങ്ങളാണ് ഇറങ്ങുകയും പറന്നുയരുകയും ചെയ്തത്. 2015 ഏപ്രിലിൽ ഇതു 4,381 ആയിരുന്നു. ഡൽഹി (31,273), മുംബൈ (25,172), ബെംഗളൂരു (14,437), ഹൈദരാബാദ് (9,763) എന്നിങ്ങനെയാണു മറ്റുള്ള വിമാനത്താവളങ്ങളിലെ സ്ഥിതി.