ചില വാഹനങ്ങളുടെ തലവര അങ്ങനെയാണ്. പുറത്തിറങ്ങുന്ന കാലഘട്ടത്തിൽ ആർക്കു വേണ്ടാതെ പൊടിപിടിച്ചിരിക്കും. ഉൽപാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം കുറെക്കാലം കഴിഞ്ഞായിരിക്കും അതിന്റെ ജനപ്രീതി വർധിക്കുന്നത്. എന്നാൽ അന്ന് ആരാധനയോടെ ബൈക്കിനെയോർത്ത് കൊതിക്കാം എന്നല്ലാതെ വേറെ വഴിയുണ്ടാവില്ല. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയും ഇന്ത്യൻ കമ്പനിയായ എസ്കോർട്സ് ഗ്രൂപ്പും ചേർന്ന് പുറത്തിറക്കിയ രാജ്ദൂദ് 350 എന്ന ആർഡി 350യുടെയും വിധി മറിച്ചല്ല.
ആർഡി 350-യെ വീണ്ടും പുറത്തിറക്കാൻ കമ്പനിക്കു നിവേദനം സമർപ്പിച്ചിരിക്കുകയാണു ഈ ബൈക്കിന്റെ കടുത്ത ആരാധകർ. ചെയ്ഞ്ച് ഡോട്ട് ഒആർജി എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് യമഹയുടെ പ്രസിഡന്റിന് ഓൺലൈൻ നിവേദനം സമർപ്പിക്കുന്നത്. മാർട്ടിൻ സക്കറിയ എന്നൊരാൾ ആരംഭിച്ച ഓൺലൈൻ പെറ്റീഷനിൽ ഇതുവരെ ഏകദേശം 2000 പേർ ഒപ്പിട്ടിട്ടുമുണ്ട്. പഴയ രൂപത്തിലും പുതിയ എൻജിനും ടെക്നോളജിയുമായി ആർഡിയെ പുറത്തിറക്കണം എന്നാണ് മാര്‍ട്ടിന്റെ ആവശ്യം. എന്തൊക്കെയായാലും ക്ലാസിക് ലുക്കുമായി ആർഡി വീണ്ടും അവതരിച്ചാൽ ബൈക്ക് പ്രേമികളെ അത് ആവേശത്തിലാഴ്ത്തും.
റേസ് ഡിറേവ്ഡ് എന്നു കമ്പനി വിളിക്കുന്ന ആർഡി, ജാപ്പനീസ് വിപണിയിൽ യമഹ എഴുപതുകളിൽ പുറത്തിറക്കിയ ബൈക്കാണ്. 1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങിയ ആർഡി 350 യുടെ തനി പകർപ്പായിരുന്നു ഇന്ത്യയിൽ പുറത്തിറങ്ങിയ ആർഡി. ജപ്പാനിൽ ഒറ്റ മോഡൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇന്ത്യയിൽ ഹൈ ടോർക്ക്, ലോ ടോർക്ക് മോഡലുകളുണ്ടായിരുന്നു. 347 സിസി എൻജിനാണ് ഇരുമോഡലിനും കരുത്ത് പകർന്നിരുന്നത്. ഹൈടോർക്ക് മോഡലിന് 39 ബിഎച്ച്പി കരുത്തും ലോടോർക്ക് മോഡലിന് 27 ബിഎച്ച്പി കരുത്തുമുണ്ട്. 1983 മുതൽ 1985 വരെയാണ് കമ്പനി ഹൈ ടോർക്ക് മോഡലുകൾ പുറത്തിറക്കിയത്. തുടർന്ന് 1989 ൽ നിർമാണം അവസാനിപ്പിക്കുന്നതു വരെ പുറത്തിറക്കിയതു ലോ ടോർക്ക് മോഡലുകളായിരുന്നു.