250 സിസി ബൈക്കുമായി യമഹ

പുതിയ 250 സിസി ബൈക്കുമായി യമഹ എത്തുന്നു. യമഹയുടെ നേക്ക‍ഡ് സ്ട്രീറ്റ് ബൈക്കായ എഫ് സിയുടെ കരുത്തു കൂടിയ വകഭേദം എഫ് ഇസഡ് 250 ഈ മാസം 24 നു പുറത്തിറക്കുമെന്നാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ബൈക്ക് പുറത്തിറക്കുമെന്ന് യമഹ പ്രഖ്യാപിച്ചിരിക്കുന്നത്.

കെടിഎം ഡ്യുക്ക്, മഹീന്ദ്ര മോജോ, ബജാജ് ഡോമിനർ തുടങ്ങിയ ബൈക്കുകളുമായായിരിക്കും എഫ് ഇസഡ് 250 ഏറ്റുമുട്ടുക. എഫ്സിയുടെ ചെറുബൈക്കുകളുടെ അനുസ്മരിപ്പിക്കുന്ന രൂപം തന്നെയാണു പുതിയ ബൈക്കിനും. മസ്കുലർ ലുക്കുള്ള ഫ്യൂവൽ ടാങ്ക്, പുതിയ എക്സ്ഹോസ്റ്റ്, എൽ ഇ ഡി ഹെഡ്‌ലൈറ്റ് എന്നിവ പുതിയ ബൈക്കിന്റെ പ്രത്യേകതകൾ. കൂടാതെ എബിഎസ് സാങ്കേതിക വിദ്യയും ബൈക്കിലുണ്ടാകും എന്നാണു സൂചന.

249 സിസി സിംഗിൾ സിലിണ്ടർ എൻജിനായിരിക്കും ബൈക്കിന് കരുത്തു പകരുന്നത്. 19 ബിഎച്ച്പി കരുത്തും 20.4 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. യമഹ തദ്ദേശീയമായി നിർമിക്കുന്ന ബൈക്കുകളിൽ ഏറ്റവും എൻജിൻ ശേഷി കൂടിയ മോഡലുമാണ് എഫ് സി 250.