ആസ്റ്റൺ മാര്‍ട്ടിന്‍, ലംബോർഗ്‌നി, ബുഗാട്ടി, ഫോർഡ്, ഫെറാരി, ഹോണ്ട - സൂപ്പർകാർ നിർമാതാക്കളെല്ലാം 2016 ൽ ഉപഭോക്താക്കളെ വലയിലാക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഓരോ കമ്പനികളും ഏറെ പുതുമകളുള്ള, വേഗതയുള്ള, ആഡംബര സൗകര്യങ്ങൾക്കു മുന്നിൽനിൽക്കുന്ന കാറുകൾ പുറത്തിറക്കാൻ മൽസരബുദ്ധിയോടെ മുന്നിട്ടുനിൽക്കുമ്പോൾ 2016 സൂപ്പർകാർ ഉപയോക്താക്കള്‍ക്ക് ഒരു ഗംഭീര വർഷമാകുമെന്നു തന്നെ കരുതാം. അടുത്ത വർഷം പുറത്തിറങ്ങുന്ന പ്രധാന സൂപ്പർകാറുകളെ അറിയാം.
ആസ്റ്റൺ മാര്‍ട്ടിന്‍ ഡിബി11
ഏറ്റവും പുതിയ ബോണ്ട് ചിത്രം സ്പെക്ട്ര നേടിയ വൻ വിജയം അടുത്ത വർഷത്തിൽ നേട്ടം കൊയ്യുന്നതിനു തങ്ങൾക്കു സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് ആസ്റ്റൺ മാർട്ടിൻ. ഈ കണക്കുകൂട്ടലുകളോടെ തന്നെയാണ് ഡിബി11 എന്ന തങ്ങളുടെ സൂപ്പർകാർ മോഡൽ പുറത്തിറക്കുന്നതും. ഡിബി-9 പ്ലാറ്റ്ഫോമിൽ കരുത്തു കൂട്ടിയെത്തുന്ന ഡിബി 11 മികച്ച വേഗത നൽകുന്നു. ഫെറാരി, പോർഷെ കാറുകളോടു കിടപിടിക്കും.
ബുഗാട്ടി കെയ്റോൺ
അടുത്ത വർഷം, സൂപ്പർ സ്പോർട്സ് കാർ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാക്കാനുള്ള ബുഗാട്ടിയുെട ശ്രമമാണ് ബുഗാട്ടി കെയ്റോൺ. വിശ്വവിഖ്യാത എഫ്1 താരം ലൂയിസ് കെയ്റോണിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഹെഡ്റെസ്റ്റ് ആണ് ഇതിന്റെ പ്രധാന ആകർഷണം. വെയ്റോണിനു പകരക്കാരനായെത്തുന്ന കെയ്റോൺ മാർച്ചിൽ പുറത്തിറങ്ങും. വെയ്റോണിനേക്കാൾ വേഗതയും കരുത്തും നൽകുന്നതാകും കെയ്റോൺ എന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. 2.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. പരമാവധി വേഗത മണിക്കൂറിൽ 431 കിലോമീറ്റർ.
ഹോണ്ട അക്യുറ എൻഎസ്എക്സ്
സൂപ്പർകാറുകളിൽ ഏറ്റവും വിലകുറഞ്ഞ ഹൈബ്രിഡ് കാർ എൻഎസ്എക്സ് അടുത്തവർഷം വിപണിയിലെത്തും. ജപ്പാൻ ഹോണ്ടയുടെ ആഡംബര കാർ നിർമാണ വിഭാഗമാണ് അക്യുറ. മക്ലാരൻ പി1, പോർഷെ 918 സ്പൈഡർ എന്നിവയിലുപയോഗിച്ചിരിക്കുന്ന സാങ്കേതിക തികവുകളും മികവും ഉപയോഗിച്ചിരിക്കുന്ന എൻഎസ്എക്സിന്റെ വില ഈ മോഡലുകളെ അപേക്ഷിച്ച് മൂന്നിലൊന്നു മാത്രം. നിർമാണത്തിന്റെ ആദ്യവർഷങ്ങളിലെങ്കിലും വാഹനത്തിന്റെ ആവശ്യം ലഭ്യതയെ കടത്തിവെട്ടിയേക്കുമെന്നു കരുതപ്പെടുന്നു.
ഫെറാരി എഫ് എഫ്
വേഗത ആഗ്രഹിക്കുന്നവർക്കെന്നും പ്രിയപ്പെട്ടതാണ് ഫെറാരി കാറുകള്‍. മാർച്ചിൽ നടക്കുന്ന ജെനീവ മോട്ടോർ ഷോയിൽ പുതിയ എഫ്എഫ് മോഡൽ അവതരിപ്പിക്കും. ഫെറാരിയുടെ സ്വന്തം ജിടി കാർ ടെക്നോളജി ഉപയോഗിക്കുന്ന ഏക കാറാണ് എഫ്എഫ്. നിലവിലെ വി12 പവർ-പ്ലാന്റിനൊപ്പം ടര്‍ബോചാർജ്ഡ് വി8 എൻജിനും ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫോർഡ് ജിറ്റി
ആസ്റ്റൺ മാർട്ടിൻ, ഫെറാരി എന്നിവയുടെ ഗണത്തിലേക്ക് ഫോർഡിനെ ഉൾപ്പെടുത്താനാകില്ലായിരിക്കാം. എന്നാൽ 2016 ൽ ജിറ്റി പുറത്തിറങ്ങുന്നതോടെ സൂപ്പർകാർ നിർമാതാക്കളുടെ ശ്രേണിയിൽ തങ്ങളുടെ പേരും എഴുതിച്ചേർക്കുകയാണ് ഫോർഡ്. 600 എച്ച്പി കരുത്തുള്ള ജിറ്റിയിൽ താരതമ്യേന വലുപ്പംകുറഞ്ഞ 3.5 ലിറ്റർ വി6 എന്‍ജിനാണുണ്ടാവുക.
ലംബോർഗിനി സെന്റിനറി
സ്ഥാപകന്‍ ഫെറൂസിയോ ലംബോർഗിനിയുടെ 100-ാം ജന്മദിനാഘോഷം ലംബോർഗിനി ആഘോഷിക്കുന്നത് സെന്റിനറി എന്ന പേരിൽ ഒരു കാർ പുറത്തിറക്കി. ലംബോർഗിനിയുെട ഏറ്റവും മികച്ച കാർ എന്ന തലക്കെട്ടോടെയാണ് ഈ കാർ ലംബോർഗിനി പുറത്തിറക്കുന്നത്. ഹുറക്കാന്‍, അവെന്റഡോർ എന്നിവയുടെ മികച്ച ഭാഗങ്ങൾ കോർത്തിണക്കിയാണ് പുതിയ മോഡല്‍ തയ്യാറാക്കുന്നത്. കൂടുതൽ വിവരങ്ങൾ മാർച്ചിൽ ജനീവയിൽ നടക്കുന്ന മോട്ടോർഷോയിൽ പുറത്തുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.