നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ചു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം)സ്പോർട്ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഫോർച്യൂണറി’ന്റെ സ്പോർട്ടി രൂപാന്തരമായ ‘ഫോർച്യൂണർ ടി ആർ ഡി സ്പോർട്ടിവൊ’ പുറത്തിറക്കി. ഫോർ ബൈ ടു ലേ ഔട്ടിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ പേൾ വൈറ്റ് നിറത്തിൽ ലഭിക്കുന്ന ‘ഫോർച്യൂണർ ടി ആർ ഡി സ്പോർട്ടിവൊ’യ്ക്ക് 31.01 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില.
ഗുണമേന്മയ്ക്കും ദൃഢതയ്ക്കും വിശ്വാസ്യത(ക്യു ഡി ആർ)യ്ക്കുമൊപ്പം ടൊയോട്ട റേസിങ് ഡവലപ്മെന്റി(ടി ആർ ഡി)ന്റെ രൂപകൽപ്പനാ മികവുമായാണ് ‘ഫോർച്യൂണർ ടി ആർ ഡി സ്പോർട്ടിവൊ’യുടെ വരവ്. മികച്ച റോഡ് സാന്നിധ്യത്തിനൊപ്പം കൂടുതൽ സ്പോർട്ടി സവിശേഷതകളും പുത്തൻ ‘ഫോർച്യൂണറി’ൽ ടി കെ എം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ 2009ൽ അരങ്ങേറ്റം കുറിച്ചതു മുതൽ എസ് യു വി വിപണിയെ അടക്കി വാണ ചരിത്രമാണ് ‘ഫോർച്യൂണറി’ന്റേത്; ഈ വിപണിയിൽ 75% വിഹിതമാണ് ടി കെ എം അവകാശപ്പെടുന്നത്.
കഴിഞ്ഞ നവംബറിൽ വിൽപ്പനയ്ക്കെത്തിയ നവീകരിച്ച ‘ഫോർച്യൂണ’റും വിപണിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇതുവരെ 21,000 യൂണിറ്റ് വിൽപ്പന കൈവരിച്ച ‘ഫോർച്യൂണറി’ന്റെ ശരാശരി പ്രതിമാസ വിൽപ്പന രണ്ടായിരത്തോളം യൂണിറ്റാണ്. ‘ഫോർച്യൂണർ ടി ആർ ഡി സ്പോർട്ടിവൊ’യ്ക്കുള്ള ബുക്കിങ്ങുകളും ടി കെ എം സ്വീകരിച്ചു തുടങ്ങി. ഡൽഹി എൻ സി ആർ, മുംബൈ, ബെംഗളൂരു, ഹൈദരബാദ്, ജയ്പൂർ, ജലന്ധർ, അഹമ്മദബാദ്, പുണെ, ചണ്ഡീഗഢ്, ലുധിയാന, ലക്നൗ നഗരങ്ങളിലാണു കമ്പനി ഈ പുതിയ ‘ഫോർച്യൂണറി’നുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നത്.
ഈ വിഭാഗത്തിലെ തന്നെ ഏറ്റവും മികച്ച ദൃഢതയുടെയും റോഡിലും റോഡിനു പുറത്തുമുള്ള പ്രകടനമികവിന്റെ പേരിൽ യഥാർഥ എസ് യു വി എന്ന പെരുമ ‘ഫോർച്യൂണർ’ സ്വായത്തമാക്കിയിട്ടുണ്ടെന്നു ടി കെ എം സീനിയർ വൈസ് പ്രസിഡന്റ് അകിതൊഷി തകെമുര അഭിപ്രായപ്പെട്ടു.