കോളജിൽ പഠിക്കുന്ന ചില പെൺകുട്ടികളെ കണ്ടാൽ സഹതാപത്തോടെ ഒന്നുകൂടി നോക്കിപ്പോകും. തീരെ മെലിഞ്ഞ്, പെൻസിൽ പരുവത്തിൽ... ഇവരൊന്നും ആഹാരം കഴിക്കുന്നില്ലേ എന്നു സംശയിച്ചേക്കും. പെൺകുട്ടികൾ മാത്രമല്ല, ചില ആൺകുട്ടികളും തീരെ മെലിഞ്ഞുണങ്ങിയാണു കാണപ്പെടുന്നത്. വലിയ മുടിക്കെട്ടും വള്ളി പോലുള്ള ശരീരവും ദേഹത്തോടൊട്ടി നിൽക്കുന്ന വസ്ത്രങ്ങളുമായി പലയിടത്തും ഇവരുണ്ട്. പക്ഷേ, വണ്ണമില്ലെങ്കിലും കാഴ്ചയിൽ ആരോഗ്യത്തിനു കുറവുണ്ടാകില്ല, മാത്രമല്ല, നല്ല ചൊടിയും ചുറുചുറുക്കും.
ചില്ലറക്കാരല്ല അവർ, ഫാഷൻ റാംപുകളിലും ഡാൻസ് ഫ്ലോറുകളിലും ക്യാംപസുകളിലുമൊക്കെ തിളങ്ങുന്ന പുതിയ കാലത്തിന്റെ പ്രതിനിധികളാണിവർ. അവരോടു ലളിതമായി ഈയൊരു ചോദ്യം മാത്രം ചോദിക്കുക: ‘മെലിഞ്ഞുണങ്ങിയ ഈ ശരീരം, ഇതു ജന്മനാ ഉള്ളതാണോ അതോ പട്ടിണി കിടന്നു പാടുപെട്ടുണ്ടാക്കിയതോ?
ഉത്തരം ചിരിയായിരിക്കും. മുട്ടിനുമുട്ടിനു നടക്കുന്ന ഫാഷൻ ഷോകളിലും റിയാലിറ്റി ഷോകളിലും സിനിമാറ്റിക് ഡാൻസ് മത്സരങ്ങളിലുമൊക്കെ തിളങ്ങണമെങ്കിൽ ശരീരം ദേ, ഇതുപോലെ ചരടുവലുപ്പത്തിൽ സൂക്ഷിക്കണമെന്ന് അവർ പറയും.
*താരമായില്ല, രോഗിയായി *
ഫാഷൻ റാംപിൽ താരമാവുകയായിരുന്നു കൊച്ചിയിൽ നിന്നുള്ള ആ പെൺകുട്ടിയുടെ മോഹം. സൂപ്പർ മോഡലാകണമെന്ന ലക്ഷ്യത്തോടെ അവൾ ബെംഗളൂരുവിലേക്കു താമസം മാറി. മെലിഞ്ഞ് ശരീരഭാരം തീരെയില്ലാത്തവരാണല്ലോ മോഡലിങ് രംഗത്തു തിളങ്ങുന്നത്. മെലിയാൻ വേണ്ടി അവൾ ഭക്ഷണം കുറച്ചു. ദിവസത്തിൽ രണ്ടുനേരം കഴിച്ചിരുന്നത് ഒരിക്കലാക്കി. പിന്നീട് രണ്ടു ദിവസത്തിലൊരിക്കലായി ഭക്ഷണം. ഇതിനിടെ വണ്ണം കുറയാനുള്ള ഗുളികകൾ വാങ്ങിക്കഴിച്ചു. ജലരൂപത്തിലുള്ള ആഹാരം അൽപാൽപം കഴിച്ചാണു ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്.
ഒരു ഷോയുടെ പരിശീലനത്തിനിടെ സംഭവിക്കേണ്ടതു സംഭവിച്ചു. അവൾ റാംപിനു മുകളിൽ നിന്നു തലചുറ്റി വീണു. തലയ്ക്കായിരുന്നു പരുക്ക്. നക്ഷത്രമാകാൻ കൊതിച്ചവൾ ആശുപത്രിക്കിടക്കയിലേക്കു നീങ്ങി. ഡോക്ടർമാരുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു – അവളുടെ ആന്തരാവയവങ്ങളുടെ പ്രവർത്തനം നിർജീവമായിക്കൊണ്ടിരിക്കുന്നു. ഭക്ഷണം മനഃപൂർവം ഒഴിവാക്കിയതുമൂലമുള്ള ‘അനോറെക്സിയ നെർവോസ എന്ന രോഗം അവളിൽ കടുത്തിരുന്നു.
തടി കുറയ്ക്കല്ലേ
‘ഉള്ള വണ്ണം വെറുതെ കളഞ്ഞുകുളിക്കല്ലേയെന്നാണു ഡോക്ടർമാർ ഉപദേശിക്കുന്നത്. വണ്ണം കുറയ്ക്കാൻ ചെയ്യുന്ന കാര്യങ്ങളൊക്കെ അബദ്ധത്തിലേ കലാശിക്കൂ. പണ്ടൊക്കെ ഒന്നും തിന്നാതെ നടക്കുന്ന കുട്ടികളെ ശകാരിച്ചും ഉപദേശിച്ചുമൊക്കെ വല്ലതും തീറ്റിക്കാൻ പെടാപ്പാടു പെടുന്ന അമ്മമാരെ കാണാമായിരുന്നു. ഇന്ന് അത്തരം അമ്മമാരില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, ചെറുപ്പക്കാരിൽ മെലിയൽ ഭ്രമത്തിനു കുറവില്ല. തീരെ മെലിഞ്ഞ ചലച്ചിത്രതാരങ്ങൾക്കും മോഡലുകൾക്കും ഗായകർക്കും കായികതാരങ്ങൾക്കും ലഭിക്കുന്ന മാധ്യമശ്രദ്ധയും പരിചരണവുമാണു ഭൂരിഭാഗം കുട്ടികളെയും ആകർഷിക്കുന്നത്.
ഇനി ഞാനും ഇങ്ങനെയാകും എന്നു മനക്കോട്ട കെട്ടി തുനിഞ്ഞിറങ്ങുന്നവരിലേറെയും പെൺകുട്ടികളാണ്.ഇത്തരത്തിലുള്ള ശരീരഘടനയാണു വേണ്ടതെന്ന തോന്നൽ ശക്തമാകുന്നതോടെ ഭക്ഷണത്തോടു വിരക്തിയും മടുപ്പും ഉടലെടുക്കും. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഫാഷൻഭ്രമം മൂത്ത് ശരീരവടിവിനായി ഭക്ഷണം ഉപേക്ഷിച്ച പെൺകുട്ടികളിൽ മെലിയൽ രോഗം വ്യാപകമാണെന്നാണു കണ്ടെത്തൽ. ഡാൻസിങ്, മോഡലിങ് രംഗത്തുള്ളവരാണ് ഇതിലേറെ. ഭക്ഷണം കുറച്ചതു കൊണ്ടുള്ള മെലിയൽ ആകാം ഇതെന്നു കരുതി ആശ്വസിക്കാൻ വരട്ടെ.
‘അനോറെക്സിയ നെർവോസ എന്ന ഗുരുതരമായ മാനസിക – ശാരീരിക രോഗാവസ്ഥയാണിതെന്നു ഡോക്ടർമാർ പറയുന്നു. ദശകങ്ങൾക്കു മുൻപു വിദേശരാജ്യങ്ങളിൽ കണ്ടെത്തിയ ഈ രോഗാവസ്ഥ കേരളത്തിലും വ്യാപകമാവുകയാണ്. കടുത്ത മാനസികപ്രശ്നങ്ങളും പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ഇതുണ്ടാക്കും. വിഷാദം ബാധിച്ച് ഏകാന്തജീവിതത്തിലേക്ക് ഉൾവലിയാനുള്ള സാഹചര്യവുമുണ്ട്. ഇത്തരക്കാരെ സമയമെടുത്തുള്ള ചികിത്സയിലൂടെ മാത്രമേ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകൂ. പെൺകുട്ടികൾക്കിടയിലാണ് അനോറെക്സിയ വ്യാപകം. രണ്ടുവർഷത്തിനിടെ, ഈ രോഗം ബാധിച്ചവരുടെ എണ്ണം പത്തു മുതൽ ഇരുപതു ശതമാനം വരെ വർധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു.
മരുന്നു കഴിച്ചാൽ വണ്ണം കുറയുമോ?
‘നൂറുശതമാനം ഹെർബൽ., ‘ഒരാഴ്ച കൊണ്ടു ഭാരം കുറയ്ക്കാം, ‘ചാടിയ വയർ രണ്ടാഴ്ചകൊണ്ട് ഇല്ലാതാക്കാം ... ഇത്തരം അവകാശവാദങ്ങളുമായി പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ എവിടെയും കാണാം. വണ്ണം കുറയ്ക്കാൻ ചില ഉപകരണങ്ങളും അവതരിച്ചിട്ടുണ്ട്. മരുന്നുകളുടെയും ഓൺലൈൻ, ടെലി മാർക്കറ്റിങ് ക്യാംപയിനുകൾ ആരെയും വീഴ്ത്തും. ഇതിനു പുറമെയാണു ഭാരവും വണ്ണവും കുറയ്ക്കാനും മെലിയാനുമുള്ള മരുന്നുകൾ.
കൃത്യമായ വൈദ്യോപദേശമില്ലാതെ വാങ്ങിക്കഴിച്ചാൽ അപകടത്തിലാകും. ഇവയിൽ ഹാനികരമായ നിരോധിത ഘടകങ്ങൾ കൂടിയ അളവിലുണ്ടാകും. ചില ഫുഡ് സപ്ലിമെന്റുകളും അപകടകാരികളെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരം മരുന്നുകൾ കഴിക്കുന്നവരിൽ ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പാളിച്ചകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
കഴിക്കാതിരിക്കരുത് - കാവ്യ മാധവൻ
അമ്മ പറഞ്ഞു കേട്ടിട്ടുള്ള ഒരു ചൊല്ലുണ്ട്. രാവിലെ ആഹാരം രാജാവിനെപ്പോലെ വേണമെന്ന്, ഉച്ചയ്ക്ക് മന്ത്രിയെപ്പോലെ, വൈകിട്ടു ദരിദ്രനെപ്പോലെ തീരെ കുറച്ച്. നമ്മുടെ ആഹാരശീലം എങ്ങനെ വേണെമെന്നുള്ള വ്യക്തമായ സന്ദേശം ഇതിലുണ്ട്. ഇപ്പോൾ രാവിലെ ബ്രേക് ഫാസ്റ്റ് പോലും വേണ്ടെന്നു വയ്ക്കുന്ന കുട്ടികളെയാണ് ഞാൻ കാണുന്നത്. കൗമാരപ്രായത്തിൽ നല്ല ഭക്ഷണം കഴിക്കണം. പിന്നെ കഴിച്ചാലും വേണ്ട ഫലം കിട്ടില്ലല്ലോ. ചെറുപ്പത്തിൽ നല്ല ഭക്ഷണം കഴിക്കാനും ഓടിക്കളിച്ചു നടക്കാനുമൊക്കെ എനിക്കു സമയം കിട്ടിയിട്ടുണ്ട്. സ്കൂളിൽ ഓട്ടത്തിനും ചാട്ടത്തിനുമൊക്കെ ചേരുമായിരുന്നു. മോഡലിങ് ഒക്കെ ചെയ്യുന്ന പെൺകുട്ടികൾ നല്ല പ്രഫഷനുവേണ്ടി ആഹാരം കുറയ്ക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവരോട് കഴിക്കാതിരിക്കരുത് എന്നു പറയാറുണ്ട്. ശരീരം ആരോഗ്യപൂർണമായാലേ മനസ്സും ആരോഗ്യപൂർണമാകൂ.
പട്ടിണികിടന്നാൽ മിസ് ഇന്ത്യ ആകില്ല- ശ്വേതാ മേനോൻ
ഒന്നും കഴിക്കാതെ പട്ടിണി കിടന്നതുകൊണ്ട് ആരും മിസ് ഇന്ത്യയോ യൂണിവേഴ്സോ ആകില്ല. ശാസ്ത്രീയമായ ഡയറ്റിങ് ആണു വേണ്ടത്. ഒപ്പം ഫിസിക്കൽ ആക്ടിവിറ്റികളുമുണ്ടാകണം. ഇതാണ് ശരിയായ സമീപനം. റിയാലിറ്റി ഷോകളൊക്കെ വന്നതോടെ കുട്ടികളെ ഈ രംഗത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ മാതാപിതാക്കളാണ് അത്യുൽസാഹം കാണിക്കുന്നത്. കുട്ടികൾ കഴിക്കാൻ ആഗ്രഹിച്ചാലും തടി വയ്ക്കുമെന്ന് ഭയപ്പെട്ട് അവർക്ക് വേണ്ടപോലെ ആഹാരം കൊടുക്കാത്ത അവസ്ഥയുണ്ട്. ഇത് അവരുടെ ഭാവിയോടു ചെയ്യുന്ന ക്രൂരതയാണ്. വൈവിധ്യമുള്ള ഭക്ഷ്യവസ്തുക്കളുള്ള നാടാണു കേരളം. ചീരയും വെള്ളരിയുമൊക്കെ ആരോഗ്യം മാത്രമല്ല സ്വാഭാവിക ഭംഗിയും സമ്മാനിക്കും. ഇതെല്ലാം ഉപേക്ഷിച്ചും ആരോഗ്യം നഷ്ടപ്പെടുത്തിയും ഒന്നും നേടാനാകില്ലെന്ന് അറിയുക.
മരുന്നുകൾ വെറുതെ വാരിത്തിന്നല്ലേ- ഡോ. ബിജോയ് ഏബ്രഹാം, ഗ്യാസ്ട്രോ എന്ററോളജി സർജൻ, റിനൈ മെഡ്‍സിറ്റി
മോഡലിങ് രംഗത്തുള്ള പെൺകുട്ടികൾ വണ്ണം കുറയ്ക്കാൻ വിപണിയിൽ കിട്ടുന്ന വ്യാജമരുന്നുകൾ കഴിച്ച് വൃക്കകൾക്കോ കരളിനോ മാരകമായ രോഗവുമായി പരിതാപകരമായ നിലയിൽ ആശുപത്രിയിലെത്താറുണ്ട്. മരുന്നുകൾ എന്ന ലേബലിൽ കിട്ടുന്ന ഇത്തരം വ്യാജന്മാരെ സൂക്ഷിക്കണം. ഇവ സ്വയം പരീക്ഷിക്കാതെ ഏതെങ്കിലും നല്ല ഡോക്ടറെ കണ്ട് ശരിയായ രീതിയിൽ ഉപദേശം തേടി ഉപയോഗിക്കുകയാണ് വേണ്ടത്.
വേണ്ടത് ആരോഗ്യകരമായ ഭക്ഷണക്രമം- ഡോ. കെ.സി. ജോയ്, കൺസൽട്ടന്റ് ഫിസിഷ്യൻ, റിനൈ മെഡ്‍സിറ്റി
വണ്ണവും തൂക്കവും കുറയ്ക്കാനുള്ള ചില മരുന്നുകൾ രക്തസമ്മർദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ഓർമക്കുറവ്, വിഷാദരോഗം എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയാണ് സൗന്ദര്യവും ആരോഗ്യവും തുടിക്കുന്ന ശരീരത്തിന് ആവശ്യം.
മറക്കാനാവില്ല ഇസബെല്ലയുടെ കഥ
ശരീരവടിവിനായി ഭക്ഷണം പാടെ ഉപേക്ഷിച്ചതിനെ തുടർന്ന് മെലിയൽ രോഗം (അനോറെക്സിയ) ബാധിച്ച് മരിച്ച ഫ്രഞ്ച് നടിയും മോഡലുമാണ് ഇസബെല്ല കാറോ. തടി കൂടുമെന്ന ആശങ്കമൂലം ആഹാരം ഒഴിവാക്കുകയായിരുന്നു. 28–ാം വയസിലായിരുന്നു അന്ത്യം. അഞ്ചരയടി ഉയരമുണ്ടായിരുന്ന ഇസബെല്ലയുടെ ശരീരഭാരം മുപ്പതു കിലോഗ്രാം മാത്രമായിരുന്നു. പതിമൂന്നു വയസുമുതൽ മോഡലിങ് തുടങ്ങിയ അവർ കൗമാരത്തിൽ തന്നെ മെലിയൽ രോഗത്തിന് ഇരയായി. ജീവിതത്തിന്റെ അവസാനകാലത്ത് മെലിയൽ രോഗത്തിനെതിരെയുള്ള പ്രചാരകയായും അവർ രംഗത്തെത്തി. ദ് ലിറ്റിൽ ഗേൾ ഹു ഡിഡിന്റ് വാണ്ട് ടു ഗെറ്റ് ഫാറ്റ് എന്ന പേരിലുള്ള ആത്മകഥയും പ്രസിദ്ധമാണ്.
എത്ര മെലിഞ്ഞാലും മതിവരാത്തവർ
മൈക്കിൾ ജാക്സൺ, വിക്ടോറിയ ബെക്കാം, ഡയാന രാജകുമാരി, ജെയ്ൻ ഫോൻട, ജെസീക്ക ആൽബ, നാദിയ കൊമനേച്ചി തുടങ്ങിയ സെലിബ്രിറ്റികളുടെ പൊതുവായ പ്രത്യേകതയെന്തെന്നു ചോദിച്ചാൽ മെലിഞ്ഞ ആകാരഭംഗി കൊണ്ട് ശ്രദ്ധേയരായവരെന്നു മറുപടി കിട്ടിയേക്കാം. എന്നാൽ അനോറെക്സിയ എന്ന രോഗം പിടിപെട്ടവരായിരുന്നു ഇവരെന്ന് എത്ര പേർക്കറിയാം? ബോധപൂർവം ആഹാരം വർജിക്കുന്നതിന്റെ ഭാഗമായാണ് ഇതുണ്ടാകുന്നത്.
സാധാരണ ഭക്ഷണനിയന്ത്രണത്തിൽ തുടങ്ങുന്ന ഈ പ്രവണത കുറച്ചുനാൾ കഴിയുമ്പോൾ പരിധി വിടുകയും തീരെ കഴിക്കാത്ത അവസ്ഥയിലെത്തുകയും ചെയ്യും. പുറമെ ആരോഗ്യമുള്ളവരാണെന്നു തോന്നുമെങ്കിലും ആന്തരികമായ അസ്വസ്ഥതകൾ പേറുന്നവരാകും ഇവർ. അകാരണമായുണ്ടാകുന്ന അമിതമായ തൂക്കക്കുറവ്, ആഹാരം അമിതമായി ചവയ്ക്കുക, വിശപ്പ് കണക്കിലെടുക്കാതിരിക്കുക, ചെറിയ കലോറി മാത്രം പ്രദാനം ചെയ്യുന്ന ആഹാരം കഴിക്കുക, വികാരങ്ങൾ മറച്ചുവയ്ക്കുക തുടങ്ങിയവ പ്രകടമായ രോഗലക്ഷണങ്ങളാണ്. മെലിഞ്ഞിരിക്കുമ്പോൾ തന്നെ തനിക്ക് അമിതവണ്ണമുണ്ടെന്ന് ഇവർ കരുതും.
പതിനാറു വയസാണ് രോഗബാധയ്ക്കുള്ള ശരാശരി പ്രായം. എങ്കിലും പത്തുമുതൽ നാൽപതു വയസുവരെയുള്ള പ്രായപരിധിയിൽ ഇതു കണ്ടുവരുന്നു. പൊട്ടിത്തെറിക്കുന്ന സ്വഭാവം, ഹൃദയത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവയാണു അനോറെക്സിയ കൊണ്ടുണ്ടാകുന്ന പ്രധാന തകരാറുകൾ. രോഗികളിൽ തൊണ്ണൂറു ശതമാനവും സ്ത്രീകളാണ്. ലൈംഗിക മരവിപ്പ്, ക്രമം തെറ്റിയ ആവർത്തവം, പെട്ടെന്നുള്ള ആർത്തവവിരാമം, മുഖത്തും കൈകളിലും ലാനുഗോ എന്ന പേരിൽ അറിയപ്പെടുന്ന മൃദുവായ രോമവളർച്ച, പേശി തേയ്മാനം എന്നിവയും സ്ത്രീകളിൽ പ്രകടമായിരിക്കും.
ലിക്വിഡ് ഡയറ്റ് അപകടം
സെലിബ്രിറ്റി ഇന്റർവ്യൂകളിൽ കേൾക്കുന്ന ഒരു പതിവുചോദ്യം : ‘ആദ്യം കണ്ടപ്പോൾ മനസ്സിലായതേയില്ല... എങ്ങനെ ഇത്ര പെട്ടെന്നു വണ്ണം കുറച്ചു..? മറുപടി: ‘ഭക്ഷണം ഒട്ടുമില്ല. ലിക്വിഡ് ഡയറ്റിലാണ്... ചലച്ചിത്രതാരങ്ങൾ, വിഡിയോ ജോക്കികൾ, ഡിസ്ക് ജോക്കികൾ, മോഡലുകൾ എന്നിവർ ലിക്വിഡ് ഡയറ്റിന്റെ വക്താക്കളാണ്. എന്താണ് ലിക്വിഡ് ഡയറ്റ് എന്നല്ലേ? ഖരപദാർഥങ്ങൾ ഇല്ലാതെ ദ്രാവകരൂപത്തിലുള്ള ആഹാരം മാത്രം കഴിക്കുന്ന അവസ്ഥ. മരണാസന്നരായി കട്ടിലിൽ കിടക്കുന്ന രോഗികൾക്കു മൂക്കിലൂടെ ദ്രാവകരൂപത്തിൽ ആഹാരം കൊടുക്കുന്നതു കണ്ടിട്ടില്ലേ.
അതിന്റെ മറ്റൊരു പതിപ്പ്. പുട്ട്, ഇഡ്ഢലി, ചോറ് എന്നിവയൊക്കെ വിട്ട് സാധാരണക്കാരായ പല ചെറുപ്പക്കാരും മോഡലുകളെയും പാർട്ടി ഗോയിങ് ചെറുപ്പക്കാരെയും അനുകരിച്ച് ഇപ്പോൾ ഇതിന്റെ പുറകെയാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും മറ്റും ലഭിക്കില്ല എന്നതാണു പ്രധാന ദൂഷ്യം. ഖരരൂപത്തിലുള്ള ഭക്ഷണത്തോടു വിമുഖത കാട്ടുന്നതിനാൽ ശരീരത്തിനാവശ്യമായ പോഷണങ്ങൾ ലഭിക്കാതെ വരുന്നു.