Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനസികസമ്മര്‍ദങ്ങളെ നേരിടാം, ദാ ഇങ്ങനെ

stress-relaxation-tips

സന്തോഷവും സമാധാനവും ആഗ്രഹിക്കാത്തവര്‍ ആരാണ്? ജീവിതത്തില്‍ ദുഃഖങ്ങള്‍ ഉണ്ടാകുക സ്വാഭാവികം. എന്നാല്‍ അതിനെ അതിജീവിച്ചു മുന്നോട്ടു പോകുന്നവര്‍ക്കാണ് വിജയം. എല്ലാവരും വിഷാദത്തെ നേരിടുന്നത് പലതരത്തിലാണ്. എന്നാല്‍ ഓരോരുത്തരും അതിനെ എങ്ങനെ സമീപിക്കുന്നു എന്നതും പ്രധാനമാണ്. നമ്മള്‍ നിസ്സാരമെന്നു കരുതുന്ന ചില ചെറിയ കാര്യങ്ങള്‍ കൊണ്ട് പോലും നമ്മുക്ക് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് സത്യം. അവ എന്തൊക്കെയാണെന്നു നോക്കാം.

തല ഉയര്‍ത്തി നടക്കാം 

കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നാം, പക്ഷേ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. നല്ല നീണ്ടു നിവര്‍ന്നു തല ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നത് ഉണ്ടാക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌. അതേസമയം കൂനിക്കൂടി തലതാഴ്ത്തി നടക്കുന്നത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജിയേ ഉണ്ടാക്കുള്ളൂ.

ഫോട്ടോ എടുക്കാം ആവശ്യത്തിനു മാത്രം 

ചില ആളുകള്‍ക്ക് ഹരം ഏതു സമയത്തും ചിത്രങ്ങള്‍ പകര്‍ത്താനാണ്‌. സെൽഫി ക്യാമറകള്‍ വന്നതോടെ ഇത് കുറച്ച് അധികമായി. ഫോട്ടോകള്‍ ഭാവിയില്‍ നിങ്ങൾക്ക് മികച്ച ഓര്‍മകള്‍ സമ്മാനിക്കും. എന്നാല്‍ അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം ഇത് നിങ്ങളിലെ ശ്രദ്ധ കുറയ്ക്കാനേ ഉപകരിക്കൂ. 

വ്യായാമം 

ഇതിനെ കുറിച്ചു അധികം പറയേണ്ടല്ലോ. മാനസികമായ ഉല്ലാസത്തിനും ആരോഗ്യത്തിനും വ്യായാമത്തിന്റെ പങ്കു വലുതാണ്‌. ലണ്ടന്‍ സര്‍വകലാശാലയില്‍ നടത്തിയൊരു പഠനം പ്രകാരം ആഴ്ചയില്‍ മൂന്നുപ്രാവശ്യമെങ്കിലും വ്യായാമം ചെയ്യുന്നവര്‍ക്ക്  വിഷാദരോഗം വരാനുള്ള സാധ്യത  19 ശതമാനം കുറവാണ്. സദാസമയം എതെങ്കിലും ജോലികളില്‍ ആക്റ്റീവായിരിക്കുന്ന ആളുകളെ അപേക്ഷിച്ചു മടിയന്മാരായി ഇരിക്കുന്നവര്‍ക്കാണ് വിഷാദം പിടിപെടാന്‍ അധികം സാധ്യത.

തീരുമാനങ്ങള്‍ മാറ്റിവയ്ക്കേണ്ട 

കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് തീരുമാനങ്ങള്‍ മാറ്റിവയ്ക്കുന്നത് പലരുടെയും ശീലമാണ്. ഇത് നിങ്ങളുടെ വ്യക്തിത്വത്തിലെ അപാകതയാണ് സൂചിപ്പിക്കുന്നത്. എന്തിനെയും ധൈര്യമായി അഭിമുഖീകരിക്കാം. അമിതമായ ഉത്കണ്ഠ തോന്നിയാല്‍ സംഗീതം കേട്ടോ വ്യായാമം ചെയ്തോ മനസ്സിനെ റിലാക്സാക്കിയ ശേഷം ജോലി തുടരാം.

തെറ്റായ ബന്ധങ്ങളില്‍ നിന്നും പുറത്തുകടക്കാം 

തെറ്റായ ബന്ധങ്ങള്‍ എക്കാലവും നിങ്ങളെ ശ്വാസം മുട്ടിക്കുക മാത്രമാണ് ചെയ്യുന്നത്. എത്രയൊക്കെ മുന്നോട്ട് പോകാന്‍ ശ്രമിച്ചിട്ടും കൊണ്ടുപോകാന്‍ കഴിയുന്നില്ലേ, എങ്കില്‍ അതില്‍ നിന്നും പുറത്തുകടക്കേണ്ട സമയമായി. ഇതിനു മുന്‍പ് നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഭിപ്രായം  കൂടി ആരായാം. 

നല്ല ഉറക്കം 

ഉറക്കത്തോളം നല്ലൊരു മരുന്നില്ല. എത്ര വലിയ ടെന്‍ഷന്‍ കുറയ്ക്കാനും സ്വസ്ഥമായ ഉറക്കത്തിനു സാധിക്കും. നല്ല ഉറക്കം ലഭികാത്തവര്‍ ദിവസവും വ്യായാമം ചെയ്യുക ഇത് ഉറക്കം സുഗമമാക്കും.

മാറ്റിവയ്ക്കാം ഒരല്‍പം സമയം 

നിങ്ങള്‍ നിങ്ങൾക്കു വേണ്ടി ഒരു ദിവസം അല്ലെങ്കില്‍ ഒരാഴ്ച എത്ര സമയം മാറ്റിവയ്ക്കും? അങ്ങനെ ഇതുവരെ ചെയ്തിട്ടില്ലെങ്കില്‍ ഇനി അതാകാം. ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണും ലാപ്പ്ടോപ്പുമെല്ലാം ഒഴിവുസമയങ്ങളെ കവര്‍ന്നെടുക്കുകയാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിനു ഹാനികരമാണ്. അതുകൊണ്ട് ദിവസവും കഴിഞ്ഞില്ലെങ്കില്‍ ആഴ്ചയില്‍ ഒരു അരമണിക്കൂര്‍ എങ്കിലും എല്ലാത്തില്‍ നിന്നും അകന്നു നിങ്ങള്‍ക്കായി ഒരൽപ്പസമയം മാറ്റിവച്ചു നോക്കൂ.

ഒരേസമയം പല ജോലികള്‍ വേണ്ട 

മള്‍ട്ടി ടാസ്കിങ് ഒരു കഴിവാണ്, സമ്മതിച്ചു. പക്ഷേ ഒരേസമയത്തു പല ജോലികള്‍ ചെയ്യുന്നത് നിങ്ങളെ കൂടുതല്‍ സംഘര്‍ഷത്തിലാക്കും. ആഹാരം കഴിച്ചു കൊണ്ട് തന്നെ ഓഫീസിലേക്കൊരു മെയില്‍ അയക്കുക, ഫോണില്‍ സംസാരിച്ചു കൊണ്ടു പാചകം ചെയ്യുക, ഇതെല്ലം നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കും. എന്ത് ജോലിയാണോ നിങ്ങള്‍ ചെയ്യുന്നത് ആ സമയം ശ്രദ്ധ അതിലേക്കു മാത്രം കേന്ദ്രീകരിക്കുക.

Read More : Health and Wellbeing