പുതുക്കിപ്പണിത വീട് എന്നു കേട്ടപ്പോൾ ഉണ്ടായിരുന്ന മുൻധാരണകളൊക്കെയും വീടു കണ്ടപ്പോൾ പോയി. കാരണം, തിരിച്ചറിയാനാവാത്ത വിധം വീടിനെ മാറ്റിയെടുക്കുന്നവരാണ് അധികവും. എന്നാൽ, പാലായ്ക്കടുത്ത് കുറിഞ്ഞിയിലുള്ള കുഴിവേലിൽ തറവാട് ആ പതിവ് തെറ്റിച്ചിരിക്കുന്നു. കാലപ്പഴക്കത്തിന്റെ അടയാളങ്ങൾ മായ്ച്ചുകളഞ്ഞ്, മാറിയ ജീവിത സൗകര്യങ്ങൾക്കനുസരിച്ച് ചെറിയ ചില ക്രമീകരണങ്ങൾ നടത്തിയപ്പോൾ തറവാടിന് തേച്ചുമിനുക്കിയ നിലവിളക്കിന്റെ ശോഭ!
20 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വീടിന് പുറമേനിന്നു നോക്കിയാൽ പെയിന്റടിച്ച് കുട്ടപ്പനായതല്ലാതെ മറ്റു മാറ്റമൊന്നുമില്ല. 150 വർഷം പഴക്കമുള്ള തറവാട് 70 വർഷം മുന്‍പ് ഒന്നു ചെറുതായി പുതുക്കിയിരുന്നു. ഓല മാറ്റി ഓടാക്കിയതും വരാന്ത, വടക്കിനി, കുളിപ്പുര എന്നിവയൊക്കെ പണിതതുമാണ് അന്നത്തെ പ്രധാന മാറ്റങ്ങൾ.
വീട്ടുകാരൻ സുരേഷിന്റെ ആശയങ്ങൾക്കനുസരിച്ചാണ് പുതുക്കിയത്. സുരേഷ് കുടുംബസമേതം ഖത്തറിലാണ്. ഭാര്യ റാണിയുടെ തറവാടാണ് ഇത്. റാണിയുടെ അമ്മയാണ് ഇവിടെ താമസം. വാസ്തുവിദഗ്ധനായ എം.പി. വിജയൻ ആചാരിയാണ് പ്ലാൻ തയാറാക്കിയത്. കുമ്മായ ഭിത്തി പൊളിഞ്ഞു തുടങ്ങിയതും തറയിലെ പൊട്ടലുകളും മച്ചിനു മുകളിൽ നിന്ന് പൊടി വീഴുന്നതുമെല്ലാമായിരുന്നു പുതുക്കിപ്പണിയാൻ കാരണമായത്. തെക്കിനി, തായ് ഗൃഹം, വടക്കിനി എന്നിവ ചേരുന്നതാണ് തറവാട്.
വടക്കിനിയുടെ ഭിത്തി പൊളിച്ച് സിമന്റ് പ്ലാസ്റ്റർ ചെയ്തു. തെക്കിനിയെ ഹോം തിയറ്റർ ആക്കാനുള്ള വയറിങ് വർക് ചെയ്തിട്ടുണ്ട്. മേൽക്കൂര പൊളിച്ച് ഓടിറക്കി പട്ടിക മാറ്റി വീണ്ടും ഓട് പാകി. പഴയ കുളിപ്പുര വാസ്തുപ്രകാരം ദോഷമായതിനാൽ പൊളിച്ചുമാറ്റി അവിടെ ഇരിപ്പിടവും പഴയ മൊസെയ്ക് മേശയുമൊക്കെ ഇട്ട് ‘ഗസീബോ’ (പുറത്തെ മണ്ഡപം) ആക്കി മാറ്റി.
അകത്തേക്കു കയറുമ്പോൾ
സ്ത്രീകൾക്ക് പ്രസവശേഷം കഴിയാനായി പ്രത്യേകം മുറിയുണ്ടായിരുന്നു. അതിന്റെ ഭിത്തി പൊളിച്ച് അടുത്ത മുറിയുമായി ചേർത്ത് വലിയ ഹാൾ ആക്കി മാറ്റി. ഇതിന്റെ പകുതി ഭാഗം ലിവിങ് റൂമും മറുപകുതി ഊണുമുറിയും ആയി ഉപയോഗിക്കുന്നു. പൊളിച്ച ഭിത്തിയുടെ മുകളിൽ ഉണ്ടായിരുന്ന മച്ചും അടുത്ത മുറിയുടെ മച്ചും തമ്മിലുള്ള ഉയരവ്യത്യാസം പരിഹരിക്കാൻ സ്റ്റീൽ ബീം കൊടുത്തു. പ്ലൈവുഡ് കൊണ്ട് ഈ ബീം മറച്ചപ്പോൾ മുറിക്ക് ഭംഗി കൂടി.
പഴയ അടുക്കള കിടപ്പുമുറിയാക്കി അറ്റാച്ഡ് ബാത്റൂമും നൽകി. വീടിനു പിന്നിലെ വരാന്ത രണ്ട് ബാത്റൂം ആയി. പഴയ ഊണുമുറി പുതിയ അടുക്കളയായും രൂപാന്തരം പ്രാപിച്ചു. മറ്റൊരു മുറി കിടപ്പുമുറി ആക്കി അതിനുള്ളിലെ അധികസ്ഥലത്ത് ചെറിയ ബാത്റൂം ഉണ്ടാക്കി.
അനുഭവത്തിൽ നിന്ന്: പുതുക്കിപ്പണിയൽ ആയതിനാൽ ഉടമ്പടി പ്രകാരം പണി പൂർത്തീകരിക്കാന്‍ കോൺട്രാക്ടർക്ക് പ്രയാസമുണ്ടായി. പറഞ്ഞിരുന്നതിനേക്കാൾ യഥാർഥ പണിയും തുകയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നെന്ന് സുരേഷ് ഓര്‍മിക്കുന്നു. അധികപ്പണിയും അതനുസരിച്ച് ചെലവും വന്നു. സൈറ്റ് മേൽനോട്ടത്തിനു വന്നയാൾക്ക് മുൻപരിചയം ഇല്ലാത്തതിനാൽധാരാളം പൊളിച്ചുപണി വേണ്ടിവന്നു.
എല്ലാ മുറികളിലെയും ഭിത്തി അലമാരകൾ പൊളിച്ച് അവിടെ ഭിത്തി കെട്ടി. ഈ തടി പുനരുപയോഗിക്കുകയും ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുകയും ചെയ്യുന്നു. ഓടു മുഴുവൻ പൊളിച്ച് നിലത്തിറക്കി വൃത്തിയാക്കി പിടിപ്പിച്ചു. പട്ടിക നശിച്ചതിനാൽ പുതിയ തടി പട്ടികകളും സ്റ്റീൽ പട്ടികകളും പിടിപ്പിച്ചു. ഒപ്പം ചിതൽ വരാതിരിക്കാനുള്ള മരുന്ന് അടിച്ചു. മച്ചിൻപുറം വാക്വം ക്ലീൻ ചെയ്യാൻ കോൺട്രാക്ട് നൽകിയവർ വലിയ തുക പറഞ്ഞതിനാൽ സുരേഷിന്റെ മേൽനോട്ടത്തിൽ പണിക്കാരെ കൊണ്ട് ചെയ്യിച്ചു. അപ്പോൾ പകുതി തുകയേ ആയുള്ളു.
മാറ്റത്തിലേക്കുള്ള ദൂരം
∙ ഭിത്തിയിലെ കുമ്മായം പൊളിച്ചു കളഞ്ഞ് സിമന്റ് തേച്ചു. ഭിത്തിയിൽ നനവ് ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ പുട്ടി അടിച്ച് പെയിന്റ് ചെയ്തു.
∙ തറയിൽ പിസിസി ചെയ്തിരുന്നില്ല. മുഴുവൻ തറയും പിസിസി ചെയ്ത് ടൈൽ ഇട്ടു.
∙ ജനാലകളും വാതിലുകളും പല തവണ പോളിഷ് ചെയ്ത് കറുത്തു പോയിരുന്നു. എല്ലാം ഊരി മാറ്റി കൈ കൊണ്ട് ചീകിയതിനു ശേഷം പോളിഷ് ചെയ്തു. പ്രധാന തിണ്ണയിലെ മച്ചും ഇതുപോലെ ചെയ്തു.