പെരിങ്ങാശ്ശേരി മനയിലെ ഹരികൃഷ്ണൻ നമ്പൂതിരിക്ക് പുതിയ വീടിനെക്കുറിച്ച് ഒരുപാട് സങ്കൽപ്പങ്ങളുണ്ടായിരുന്നു. 60 സെന്റിൽ മരങ്ങളും കുളവുമൊക്കെയുള്ള പ്ലോട്ട്. വീടിനു പിന്നിലായി പഴയ മന സംരക്ഷിച്ചിട്ടുണ്ട്. അതിനു മുന്നിലായി പ്രകൃതിയോട് ഇഴുകിച്ചേർന്നു പുതിയകാല സൗകര്യങ്ങളോടെ വീട് എന്നതായിരുന്നു ആവശ്യങ്ങളുടെ ആകെത്തുക. വാസ്തു പ്രധാനമായ ഒരു നാലുകെട്ട് വേണം എന്നതായിരുന്നു മറ്റൊരാവശ്യം. ഈ ആഗ്രഹങ്ങളുടെയെല്ലാം പൂർത്തീകരണമായി ആലുവയ്ക്കടുത്ത് ചെങ്ങമനാട് എന്ന സ്ഥലത്താണ് അതിമനോഹരമായ ഈ ഗൃഹം സ്ഥിതി ചെയ്യുന്നത്.
പുറംകാഴ്ചയിൽ ഓടിട്ട വീടാണെന്നേ തോന്നുകയുള്ളൂ. എന്നാൽ ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസ് വർക്ക് നൽകിയാണ് ഓടുവിരിച്ചത്. ഇതിനിടയ്ക്കുള്ള സ്ഥലം യൂട്ടിലിറ്റി ഏരിയ ആക്കി മാറ്റുകയും ചെയ്തു. നേരിട്ട് ചൂട് അടിക്കാത്തതുകൊണ്ട് അകത്ത് വെന്റിലേഷനും സുഗമമാകുന്നു.
2100 ചതുരശ്രയടിയുള്ള വീട്ടിൽ പൂമുഖം, സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയത്.
പ്രൗഢമായ പൂമുഖമാണ് അതിഥികളെ വരവേൽക്കുന്നത്. പ്രധാനവാതിലിനു സമീപം ഒരു ആട്ടുകട്ടിൽ നൽകി. വാതിലിന്റെ ഭിത്തിയിൽ വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ്ങിന്റെ പ്രൗഢി കാണാം. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്.
വാസ്തു അനുസരിച്ചാണ് മുറികൾ ക്രമീകരിച്ചത്. ചുവരുകൾ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങൾ ക്രമീകരിച്ചത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു.
തെക്കിനിയിൽ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയിൽ രണ്ടു കിടപ്പുമുറികളും നൽകി. മൂന്ന് കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഒരുക്കി.
ഫർണിഷിങ്ങിൽ ചെലവു ചുരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഫെറോസിമന്റ് സ്ലാബിൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് അടുക്കളയുടെ കബോർഡുകളും മറ്റും നിർമിച്ചത്. കിടപ്പുമുറിയിലെ വാഡ്രോബുകൾക്കും ഇതുതന്നെയാണ് ഉപയോഗിച്ചത്. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് ഫർണിച്ചറുകൾ. പഴയ മേച്ചിൽ ഓടുകൾ പുനരുപയോഗിച്ചതും ഗുണകരമായി.
സന്ധ്യ മയങ്ങുമ്പോൾ വിളക്കുകൾ കൺതുറക്കുമ്പോൾ അതിന്റെ പ്രഭാവലയത്തിൽ വീടിന്റെ ഭംഗിയും വർധിക്കുന്നു. ചുരുക്കത്തിൽ പരമ്പരാഗത ശൈലിക്ക് പുതിയകാല മാനം രചിക്കുകയാണ് ഈ വീട്.
Project Facts
Location- Chengamanad, Ernakulam
Plot- 60 cent
Area- 2108 SFT
Owner- Harikrishnan Namboothiri
Designer- Vineesh Mullappilly
Northpole Consultants, Thrissur
Mob- 9995905153 ; 9207450480
Vasthu Consultant-Vasudevan Namboothirippad
Pallippurath Mana, Chottanikkara
Mob- 9446533124