വാസ്തുവിനെ കുറിച്ചുള്ള സംശയങ്ങൾക്ക് കാണിപ്പയ്യൂർ കുടുംബത്തിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി നൽകുന്നു.
∙ കേരളത്തിന് പുറത്ത് വീടു വയ്ക്കുന്ന മലയാളികൾക്ക് വാസ്തുനിയമങ്ങൾ വ്യത്യസ്തമായിരിക്കുമോ?
കാര്യമായ വ്യത്യാസങ്ങളില്ല. ഉദയസൂര്യന്റെ രശ്മികൾ ഏൽക്കുന്ന ഭൂമിയാണ് വാസയോഗ്യം. അതായത് കിഴക്കോട്ട് താഴ്ചയുള്ള സ്ഥലം. ഭൂമിയിലെവിടെയാണെങ്കിലും സൂര്യൻ കിഴക്കാണല്ലോ ഉദിക്കുന്നത്. കാറ്റ്, മഴ, വെയിൽ ഇവയുടെ ദിശയ്ക്കും കാഠിന്യത്തിനും അനുസരിച്ച് അതാതിടങ്ങളിൽ ചില്ലറ വ്യത്യാസമുണ്ടാകും. ഭൂമിയുടെ കിടപ്പാണ് ഏറ്റവും പ്രധാനം.
∙ ഫ്ലാറ്റുകൾക്ക് എത്രമാത്രം യോജിച്ചതാണ് വാസ്തു?
തമിഴ്നാട്ടിലും പാലക്കാടും മറ്റുമുള്ള അഗ്രഹാരങ്ങള്‍ കണ്ടിട്ടില്ലേ. പൊതുവായ ഭിത്തികളും വഴികളുമാണുള്ളത്. പക്ഷേ, പ്രവേശനം വെവ്വേറെ വാതിലുകളിലൂടെ. ഫ്ലാറ്റുകൾ അന്തരീക്ഷത്തിലേക്ക് ലംബമായി ഉയർന്നു നിൽക്കുകയാണെങ്കിൽ അഗ്രഹാരങ്ങൾ തിരശ്ചീനമായി വരുന്നെന്നു മാത്രം. ഫ്ലാറ്റിനു തത്തുല്യമായി വാസ്തുവിൽ പറയുന്ന അഗ്രഹാരങ്ങളുടെ നിയമങ്ങൾ ഫ്ലാറ്റിനും ബാധകമാണ്. ഇനി ഉയരത്തിനെക്കുറിച്ചാണെങ്കിൽ പൃഥ്വി, ജലം, അഗ്നി, വായു, ആകാശം. ഇങ്ങനെ ഒരു ക്രമത്തിലാണ് ഉയരം തരം തിരിച്ചിരിക്കുന്നത്. ഇതിൽ അഗ്നി എന്ന പദത്തിൽ ഒരിക്കലും കെട്ടിടത്തിന്റെ ഉയരം വന്ന് അവസാനിക്കാൻ പാടില്ല. മറ്റേത് പദത്തിലാണെങ്കിലും കുഴപ്പമില്ല.