എത്ര വിസ്തീർണത്തിൽ കുറവുള്ള വസ്തുവിലാണു സ്ഥാനം നോക്കാതെ വീടുവയ്ക്കാനാകുക എന്നു പലരും ചോദിക്കാറുണ്ട്. എന്നാൽ വാസ്തു നോക്കാതെ വീടുവയ്ക്കാമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എത്ര ചെറുതായാലും അതനുസരിച്ചു കണക്കുണ്ടാക്കി നിർമിക്കണമെന്നാണു ശാസ്ത്രം.
വീടും വീടുവയ്ക്കുന്ന സ്ഥലവും
പണി തീർക്കുന്ന വീടിന്റെ നാലു വശത്തുമായി വാതിലുകളും ജനലുകളും വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. വീടിന്റെ നാലുഭാഗത്തുമായി മുറ്റം തയാറാക്കുന്നതും വളരെ നല്ലതുതന്നെ. സമീപത്തായി ചെടികളും വൃക്ഷങ്ങളുമൊക്കെ വച്ചുപിടിപ്പിക്കാം. ഒരു മാവ് വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. അതിൽ തട്ടി വരുന്ന കാറ്റിനു തണുപ്പുണ്ടാകും. സൂര്യപ്രകാശത്തിന്റെ കാഠിന്യവും കുറയും. നല്ല ശുദ്ധവായു ലഭിക്കത്തക്കവിധത്തിലായിരിക്കണം വീട് തയാറാക്കേണ്ടത്. അതു പരിസ്ഥിതിയുമായി ഇണങ്ങുന്ന വിധത്തിലായിരിക്കണം.
ഫ്ലാറ്റിന് വാസ്തു നോക്കണോ?
ഫ്ലാറ്റിനെ മൊത്തമായി ഒരു കെട്ടിട സമുച്ചയമായി കാണുമ്പോൾ ഒാരോ വസതിയുടെയും വാസ്തു വേറിട്ട് നോക്കാൻ പറ്റില്ല.അതിനെ മൊത്തം ഒരു വീടിന്റെ അംഗമായി കാണണം. അതനുസരിച്ച് സ്ഥാനം, മുറികൾ, ജലാശയം, പൂന്തോട്ടം തുടങ്ങിയവ കൃത്യമാണോയെന്ന് നോക്കാം. ഫ്ളാറ്റിനകത്തേക്കു കടക്കാനുള്ള പ്രധാന കട്ടിള യഥാസ്ഥാനത്താണോയെന്ന് നോക്കണം. അതിലെ ഒാരോ മുറിയിലേക്കുള്ള വാതിലും നോക്കുക പ്രായോഗികമല്ല. വീടും ഇതു പോലെ തന്നെയാണ്. ഫ്ളാറ്റിനെ ഒരു ദീർഘചതുരമോ സമചതുരമോ ആയി കണക്കാക്കുമ്പോൾ അടുക്കളയുടെ സ്ഥാനം വടക്കോ കിഴക്കോ ആയിരിക്കേണ്ടതു നിർബന്ധമാണ്. ഭക്ഷണം പാകം ചെയ്യുന്നതും വടക്കു കിഴക്കു ദിക്കുകളിലേക്കു വേണം.