വാസ്തുവിന്റെ കാര്യത്തിൽ എന്തു പറഞ്ഞാലും മലയാളിക്ക് സംശയമാണ്. വീട്ടുടമസ്ഥന്റെ ഏതെങ്കിലും ഒരു ബന്ധു തെങ്ങിൽ നിന്നു വീണാലും കുറ്റം വാസ്തുവിന്. ഇത്രയ്ക്ക് ഭയപ്പെടേണ്ട ഒന്നാണോ വാസ്തു? വാസ്തുകലയിലെ ചോദ്യം ചെയ്യപ്പെടാത്ത ആചാര്യന്മാരായ കാണിപ്പയ്യൂർ കുടുംബത്തിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി നൽകുന്നു.
∙ പണ്ട് കാലത്ത് വീടിനു പുറത്തു പണിതിരുന്ന ടോയ്‌ലറ്റുകൾ ഇന്ന് വീടിനകത്തായി. ഇത് നിയമങ്ങൾക്ക് വിരുദ്ധമാണോ?
വിരുദ്ധമല്ല. പണ്ട് പാലിച്ചിരുന്ന ചില ആരാധനാരീതികൾ കാരണമാണ് ശൗചാലയങ്ങൾ പുറത്തേക്കു മാറ്റിയത്. പക്ഷേ ഇന്നത്തെ അണുകുടുംബങ്ങളിൽ ഇത്തരം രീതികൾ ഇല്ലാത്തതിനാൽ ടോയ്‌ലറ്റുകൾ വീടിനുള്ളിലാവുന്നതുകൊണ്ട് ദോഷമില്ല. മാറുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ആവാസവ്യവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കാം. ഇത് വാസ്തുനിയമങ്ങൾക്ക് എതിരല്ല. ടോയ്‌ലറ്റ് നൽകാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. ഉദാഹരണത്തിന് ഗൃഹത്തിന്റെ മധ്യസൂത്രത്തിന് തടസ്സം വരുന്ന രീതിയിൽ ടോയ്‌ലറ്റ് വരാന്‍ പാടില്ല.
∙ പുരുഷന്മാർക്ക് അകാലമൃത്യു സംഭവിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വാസ്തുവുമായി ബന്ധമുണ്ടോ?
കോൺതിരിഞ്ഞിരിക്കുന്ന ഗൃഹങ്ങളെക്കുറിച്ച് അങ്ങനെ ചില സൂചനകൾ കാണാം. വടക്കു കിഴക്ക് ദർശനമായിരിക്കുന്ന ഗൃഹങ്ങൾക്ക് കുലനാശം സംഭവിച്ചേക്കാമെന്ന് പറയുന്നുണ്ട്. ഇതിനർഥം ഇത്തരത്തിലുള്ള വീടുകളിൽ കുട്ടികളുണ്ടാവില്ല എന്നല്ല, ഗൃഹനാഥന്റെ അതായത് ഭൂമി ആരുടെ പേരിലാണോ അയാളുടെ ജാതകവശാലുള്ള കാര്യങ്ങളിൽ സ്വാധീനിക്കാം.
തുടരും...