Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെക്കോട്ട് വീട് വച്ചാൽ അപകടമാണോ? കന്നിമൂലയെ പേടിക്കണോ?

veed-yamapatha വീടിന്റെയും പ്രധാനവാതിലിന്റെയും മുഖം തെക്കോട്ടായാൽ ആപത്തു സംഭവിക്കുമെന്നു കരുതുന്നവരുണ്ട്.

സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് വാസ്തു വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ വാസ്തുവിലുളള അന്ധവിശ്വാസം പലരുടെയും സമാധാനം കളയുന്ന അവസ്ഥയാണിന്ന്. വീടിനുളളിൽ കാറ്റും വെളിച്ചവും സൂര്യപ്രകാശവുമെല്ലാം ശരിയായ അളവിൽ ലഭിച്ച് ജീവിതം സുഖപ്രദമാകണമെന്ന ലക്ഷ്യമേ വാസ്തുവിനുള്ളൂ. വാസ്തുശാസ്ത്രത്തെ സംബന്ധിച്ച ചില പൊതുവായുളള വിശ്വാസങ്ങളും അവയിലെ വാസ്തവവുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

കന്നിമൂല

vasthu

കന്നിമൂല എന്തോ പേടിക്കേണ്ട സ്ഥലമാണെന്നാണ് പലരുടെയും ധാരണ. കന്നിമൂല എന്നത് തെക്കുപടിഞ്ഞാറേ മൂലയാണ്. ഒാരോ മുറിക്കും ഒാരോ വീടിനും ഒാരോ പറമ്പിനും കന്നിമൂലയുണ്ട്. വീടിന്റെയാണെങ്കിലും പറമ്പിന്റെയാണെങ്കിലും മുറിയുടെയാണെങ്കിലും നീളത്തിന്റെയും വീതിയുടെയും നാലിലൊന്നു ചേർത്തുവച്ചാൽ കന്നിമൂലയായി. വീടിന്റെ കന്നിമൂലയിൽ ബാത്റൂം അരുത് എന്നു പറയുന്നത്. ഊർജം ബാത്റൂമിലേക്കു കടന്നാൽ വെള്ളത്തിൽ ലയിച്ച് പുറത്തുപോകാനുളള സാധ്യതയുണ്ട്. ബാത്റൂമിന്റെ നിലം മറ്റു മുറികളിൽനിന്നും ആറ് സെ.മീ പൊക്കുകയും വാതിലിന് അടിപ്പടി വയ്ക്കുകയും വേണം. എങ്കിൽ ഊർജം നഷ്ടപ്പെടില്ല. 

x-default

പറമ്പിന്റെ കന്നിമൂല എപ്പോഴും ഉയർന്നുനിൽക്കണം. അവിടെ ഗെയ്റ്റ്, കിണര്‍, കുളം ഒന്നും തന്നെ പാടില്ല. അവിടെ സെപ്റ്റിക് ടാങ്ക് ഉണ്ടെങ്കിൽ നന്നായി മണ്ണിട്ട് ഉയർത്തിയാൽ മതി. ഉത്തരായനകാലത്ത് വടക്കുകിഴക്കുനിന്നു വരുന്ന പ്രഭാതരശ്മികൾ തെക്കു പടിഞ്ഞാറെ മൂലയിൽനിന്ന് പുറത്തുപോകാതിരിക്കാനാണ് പറമ്പ് പൊക്കിയിടുന്നതും ഗെയ്റ്റ് ഒഴിവാക്കുന്നതും.

പടികളുടെ എണ്ണം

വാസ്തുശാസ്ത്രത്തിലേതെന്നു പലരും കരുതുന്ന മറ്റൊരു അന്ധവിശ്വാസമാണ് വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഒറ്റയായിരിക്കണമെന്നത്. ഒാരോ പടി കയറുമ്പോഴും ലാഭം, നഷ്ടം എന്നു പറഞ്ഞു കയറിയാൽ ലാഭത്തിൽ അവസാനിക്കണമെന്നാണു വിശ്വാസം. പടികളുടെ എണ്ണം ഒറ്റയായാലും ഇരട്ടയായാലും ഒരു കുഴപ്പവുമില്ല. പണ്ടുമുതൽ വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഒറ്റസംഖ്യയാണ് പതിവ്.

ഇങ്ങനെ വരാൻ ഒരു കാരണമുണ്ട്. വീടിന്റെ തറ രണ്ട് അടിയോളം ഉയർന്നാണ് ഉണ്ടാകാറുളളത്. പടികൾ രണ്ടാക്കിയാൽ സുഖകരമായി ചവിട്ടി കയറാനാകില്ല. നാലു പടിയാക്കിയാൽ പടികൾ തമ്മിൽ അകലം കൂടുകയും ചെയ്യും. മൂന്ന് പടികളും കൂടി രണ്ട് അടി ഉയരുമ്പോൾ സൗകര്യപ്രദമായി കാലുകൾ വയ്ക്കാം.

luxury-design-home-stair

നട കയറൽ സുഗമമാക്കാനുളള എൻജിനീയറിങ് സമ്പ്രദായം എന്ന നിലയിൽ പടികളുടെ അകലം ക്രമീകരിക്കുമ്പോൾ ഒറ്റസംഖ്യയാകാം എന്നല്ലാതെ മറ്റു വാസ്തവമൊന്നും ഇതിലില്ല. അതിന്റെ ഏറ്റവും വലിയ തെളിവല്ലേ ശബരിമലയിലെ പതിനെട്ടാംപടി?!

വീട്ടിനുളളിലെ ഗോവണിപ്പടി തെക്കോട്ട് അല്ലെങ്കിൽ പടിഞ്ഞാട്ട് പടികയറുന്ന വിധത്തിൽ ആണെങ്കിൽ നല്ലതാണ്. രാവിലെ ഉറക്കമുണർന്ന് പടിയിറങ്ങുന്നത് ഉദയം കണ്ടുകൊണ്ടാകാൻ മാത്രമാണിത്.

പ്രധാനവാതിൽ

Vasthu

പ്രധാനവാതിലിന്റെ സ്ഥാനമാണ് മറ്റൊരു പ്രധാന പ്രശ്നം. വീടിന്റെയും പ്രധാനവാതിലിന്റെയും മുഖം തെക്കോട്ടായാൽ ആപത്തു സംഭവിക്കുമെന്നു കരുതുന്നവരുണ്ട്. അടുത്തിടെ ഒരു വീട്ടിൽ ചെന്നപ്പോൾ വീട്ടുകാരൻ ടെൻഷനിലാണ്. പ്രധാന വാതില്‍ തെക്കുവശത്തുളള വരാന്തയിലേക്കാണ്. വീട്ടിലേക്കു കയറുന്ന പടികളും തെക്കുനിന്നുതന്നെ. അടുക്കളയും കിണറും വടക്കുകിഴക്കേ ഭാഗത്താണ്. തെക്കോട്ട് ഇറങ്ങരുതെന്ന് ആരുടെയോ ഉപദേശം കേട്ട് പടികൾ പൊളിച്ച് തെക്കുളള വരാന്തയിൽനിന്ന് കിഴക്കുളള കാര്‍പോർച്ചിലേക്കാക്കി. ഇതോടെ പോർച്ചിൽ കാർ ഇടാൻ ബുദ്ധിമുട്ടായി.

വീടിന്റെ മുഖം തെക്കോട്ടും റോഡ് തെക്കുവശത്തുമാണെങ്കിൽ പ്രധാനവാതിൽ മധ്യത്തിന്റെ കിഴക്കു തെക്കുവശത്തുതന്നെ വേണം. വീട്ടിലേക്കു കയറുന്ന പടികൾ പ്രധാനവാതിലിന്റെ നേരെയാകണം എന്നുമാത്രം ശ്രദ്ധിക്കുക.

വിവരങ്ങൾക്ക് കടപ്പാട്   

പ്രഭാകരൻ മേനോൻ

വാസ്തുവിദഗ്ധൻ

റിട്ടയേർഡ് എൻജിനീയറായ പ്രഭാകരമേനോൻ തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. വാസ്തുശാസ്ത്രരംഗത്തെ അന്ധവിശ്വാസങ്ങൾക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രധാനപ്രവർത്തനം.

Read more on Vasthu Tips Malayalam Malayalam Home Magazine