Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനത്തിൽ- കഥയും ജീവിതവും

punathil-stories

ഞാൻ റോഡിലേക്കു നോക്കാതെ കണ്ണുകളടച്ചുപൂട്ടി എന്റെ പകൽക്കിനാവുകളിലേക്ക് ഊളിയിട്ടു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ പതിവുപോലെ കിളികൾ കരയുകയും പത്രക്കാരൻ മുകളിലത്തെ നിലയിലേക്കു പത്രം ചുരുട്ടിയെറിയുകയും ചെയ്തു. പക്ഷേ, വീൽച്ചെയർ മാത്രം ബാൽക്കണിയിൽ വന്നുനിന്നില്ല.

അയാൾ ഇന്നലെ രാത്രി മരിച്ചു. 

‘ കഥാപാത്രങ്ങളില്ലാത്ത വീട് ’ എന്ന കഥയുടെ അവസാനവരികൾ. 1979–ലാണ് പുനത്തിൽ ഈ കഥ എഴുതുന്നത്. മറക്കാനാകാത്ത, ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച, ജീവിതത്തിൽനിന്നു ചീന്തിയെടുത്തതുപോലുള്ള കഥാസന്ദർഭങ്ങൾ സൃഷ്ടിച്ച പുനത്തിലും ഇനിയൊരു കഥാപാത്രം. 

ഒരിക്കലൊരു അമേരിക്കൻ സന്ദർശനത്തിനിടെ, ചിക്കാഗോയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങിയതിനെക്കുറിച്ചു പുനത്തിൽ എഴുതിയിട്ടുണ്ട്. സുഹൃത്ത് ഒരു സയന്റിസ്റ്റാണ്. മോളിക്യുലാർ ബയോളജിയാണു വിഷയം. പക്ഷേ, തല മുഴുക്കെ മലയാള സാഹിത്യം. പുനത്തിലിന്റെ എല്ലാ കൃതികളും അദ്ദേഹം വായിച്ചിട്ടുണ്ട്. എല്ലാ കഥകളും മനഃപാഠം. ആകാശത്തിലൂടെ കുറുകെ പറക്കുമ്പോൾ സർപ്പത്തിന്റെ വായിൽനിന്നു മാണിക്യക്കല്ലു താഴെ കിണറ്റിൽ വീണുപോയ കഥ. ആ കിണറ്റിലെ വെള്ളം പിന്നീടു ദിവ്യൗഷധമായി മാറി. പുനത്തിൽ എഴുതി മറന്നുപോയ കഥ പോലും സുഹൃത്തിനു മനപാഠം.

താങ്കൾ എന്റെ കഥകളും വായിച്ചിരിക്കുന്നു. ഏതു കഥയാണു താങ്കൾക്കിഷ്ടം ?

പുനത്തിൽ അദ്ദേഹത്തോടു ചോദിച്ചു. 

പുനത്തിലിന്റെ എല്ലാ കഥകളും എനിക്കു പ്രിയപ്പെട്ടവയാണ്. സുഹൃത്തു പറഞ്ഞു. 

പുനത്തിലിന്റെ കഥകൾ വായിച്ചാസ്വദിച്ച ആരും പറയുന്ന മറുപടിയാണത്. ഏതു കഥയെ മാറ്റിനിർത്തും. ഏതു കഥയെ ഒഴിവാക്കും. ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ പുനത്തിലിന്റെ എല്ലാ കഥകളും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ലോക സാഹിത്യത്തിലെ മികച്ച കഥകൾ ചൂണ്ടിക്കാണിച്ച്, മലയാള കഥകളുടെ ദൗർബല്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ നിരൂപകൻ എം.കൃഷ്ണൻനായർ ഒരിക്കൽ എഴുതിത്തുടങ്ങിയതുതന്നെ പുനത്തിലിന്റെ ഒരു കഥയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്: ക്ഷേത്രവിളക്കുകൾ. ലോകസാഹിത്യത്തോടു കിടപിടിക്കുന്ന ഒരു കഥ ഇതാ മലയാളത്തിൽ എന്നദ്ദേഹം പറഞ്ഞു. പുനത്തിലിനും ഏറെ പ്രിയപ്പെട്ട കഥയായിരുന്നു ക്ഷേത്രവിളക്കുകൾ. 

ഏറെക്കഥകൾ എഴുതിയിട്ടുണ്ടെങ്കിലും ഒറ്റയിരുപ്പിൽ രണ്ടു കഥകളേ താൻ എഴുതിയിട്ടുള്ളൂ എന്നു പറഞ്ഞിട്ടുണ്ട് പുനത്തിൽ. ക്ഷേത്രവിളക്കുകളും പുത്രകാമനയും. പുരുഷാർഥം എന്ന കഥയുടെ ഒരു പേജ് എഴുതിക്കഴിഞ്ഞപ്പോൾ ഒരു സന്ധ്യയ്ക്ക് സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ സംഭവം പുനത്തിലിന് ഓർമവന്നു. പാറകളും വടവൃക്ഷങ്ങളുമുള്ള ഒരു കുന്നിലൂടെ നടന്ന സംഭവം. കുന്നിന്റെ ഉയരത്തിലെത്തിയപ്പോൾ സമതലം. അവിടെ ഒരു പൂജാവിഗ്രഹം. പ്രതിഷ്ഠ മണ്ണിൽ. ചുറ്റും അപ്പോൾ പൂജ കഴിഞ്ഞുപോയതിന്റെ ലക്ഷണങ്ങൾ. തീർത്ഥക്കിണ്ടിയിൽ പകുതിയോളം വെള്ളം ബാക്കി. വല്ലാത്തൊരു വന്യത. പേടി. കാലുകൾ വിറയ്ക്കുന്നു. തൊണ്ട വരളുന്നു. അപ്പോൾ പുനത്തിൽ ഓർത്തത് അനപത്യതാ ദുഃഖം പേറിനടക്കുന്ന ഹരിയാനക്കാരൻ സുഹൃത്ത് ധരംപാർ അറോറയുടെ ഭാര്യയെ. പുരുഷാർഥം മാറ്റിവച്ചിട്ട് പുതിയ കഥ എഴുതിത്തുടങ്ങി. രാവിലെ 9 മുതൽ ഉച്ചയ്ക്കു മൂന്നുവരെ ഒരു തുള്ളിവെള്ളം പോലും കുടിക്കാതെ ഇരുന്നെഴുതിയ കഥ പിറക്കുകയായി: പുത്രകാമന.

ഏകദേശം പതിനഞ്ചു വർഷത്തോളം ഞാൻ ഗംഗാഘട്ടിലായിരുന്നു. ഒരു പഞ്ചസാര മില്ലിലായിരുന്നു എനിക്കു ജോലി. ഒരേ സ്ഥലത്ത് ഇത്രയും കാലം ഒരേ ജോലി ചെയ്യുക എന്നത് ഏതൊരാളെയും മടുപ്പിക്കുന്നതാണല്ലോ.എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഗംഗാഘട്ടിലെ നീണ്ടവാസവും സ്ഥിരമായ ജോലിയും എന്നെ ഒട്ടും മടുപ്പിച്ചില്ല എന്നതാണു സത്യം ( പുത്രകാമന). 

എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളും പുത്രകാമനയും ക്ഷേത്രവിളക്കുകളും തന്നെ. പക്ഷേ വായനയിൽ പുനത്തിലിന്റെ എല്ലാ കഥകളും അദ്ദേഹം ഒറ്റയിരുപ്പിൽ എഴുതിയതാണന്നേ തോന്നൂ. ഒറ്റിയിരുപ്പിൽ വായിച്ചുപോകുന്ന കഥകൾ. പുനത്തിലിന്റെ ഒരു കഥപോലും പകുതി വായിച്ചു പിന്നീടു വായിക്കാനായി മാറ്റിവക്കാനാകില്ല. വായിച്ചു പൂർത്തിയാക്കി മാത്രം മാറ്റിവയ്ക്കാവുന്ന കഥകൾ. കഥകൾ മാറ്റിവച്ചാലും ആ കഥാപാത്രങ്ങൾ ചൂണ്ടയിട്ടുപിടിക്കുന്നതുപോലെ വായനക്കാരെ ഇരകളാക്കിയിരിക്കും. വശീകരണ സ്വഭാവമുള്ള കഥകൾ. തട്ടും തടവുമില്ലാതെ അനായാസം ഒഴുകുന്ന ഒരരുവി പോലെ ആദ്യവരി മുതൽ ആസ്വാദകരെ മറ്റൊരു ലോകത്തിലേക്കു നയിക്കുന്നു. അനുഭവങ്ങളുടെ ചൂടും ചൂരും സത്യനന്ധതയും കരുത്തേകുന്ന കഥകൾ. 

punathil-stories-books

ഒരു സന്ധ്യയ്ക്ക് ക്ഷേത്രനടയിൽ കത്തുന്ന ഒറ്റനെയ്ത്തിരി നാളത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ക്ഷേത്രവിളക്കുകൾ എന്ന കഥ അവസാനിക്കുന്നത്.

അമ്പലത്തിന്റെ ചുമരിലേക്കു നോക്കി അവൾ പറയുന്നു

അതൂടെ കെട്ടിട്ടു പോയാപ്പോരേ...

അതേ, ഒരു നെയ്ത്തിരി മാത്രം അവിടെ കത്തിക്കൊണ്ടിരുന്നു. (ക്ഷേത്രവിളക്കുകൾ). 

മലയാളത്തിന്റെ മഹാക്ഷേത്രത്തിൽ കത്തിച്ചുവച്ച നെയ്ത്തിരികളാണു പുനത്തിലിന്റെ കഥകൾ. കഥയുടെ സങ്കേതങ്ങളും പ്രവണതകളും ശൈലികളും മാറിമറിയുന്നത് ആ നെയ്ത്തിരികളെ ബാധിക്കില്ല. കാരണം പുനത്തിൽ എഴുതിയത് അദ്ദേഹത്തിന്റെ മാത്രം ശൈലിയിലാണ്. എത്രയും പ്രിയപ്പെട്ട ഒരു സുഹൃത്ത് സ്നേഹത്തോടെ പറഞ്ഞ പ്രിയപ്പെട്ട അനുഭവങ്ങളുടെ ആത്മാവിൽ തൊടുന്ന ശൈലി. 

smaraka-shilakal-book

അമേരിക്കൻ സുഹൃത്ത് പുനത്തിലിനോടു പറഞ്ഞതുപോലെ വായനക്കാരും പറയുന്നു: 

പുനത്തിലിന്റെ എല്ലാ കഥകളും ഞങ്ങൾക്കിഷ്ടമാണ്. 

എല്ലാ കഥാപാത്രങ്ങളും ഞങ്ങളുടെ സ്വന്തമാണ്.

അവ ഞങ്ങളുടെ കഥകളല്ല; പക്ഷേ ആ കഥകൾ ഞങ്ങളുടെ സ്വന്തമാണ്. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം