ചെറുപ്പത്തിലെങ്ങോ കേട്ട ഒരു കഥയുടെ സ്മരണയിൽ, പുനത്തിൽ കുഞ്ഞബ്ദുല്ല പിന്നീട് ഒരു കുഞ്ഞുകഥയെഴുതി. ആയിരത്തൊന്നു രാവുകളിലോ റൂമിയുടെ ദൃഷ്ടാന്തങ്ങളിലോ കേൾക്കാറുള്ള മാതിരി ഒരു കഥ. അതിൽ പരാമർശിക്കുന്ന സംഭവം, അദ്ദേഹം പിന്നീട് കുറച്ചുമാറ്റങ്ങളോടെ മറ്റൊരിടത്തും ആവർത്തിച്ചിട്ടുണ്ട്.
‘റസൂൽ അമീൻ’ എന്നാണ് ആ കഥയുടെ പേര്. ഒരു മീൻകാരന്റെ കഥയാണത്. ഉമ്മയും ഭാര്യയും അഞ്ചുമക്കളുമുള്ള ഒരു മീൻകാരൻ. കഷ്ടപ്പാടു മാത്രമാണ് അയാളുടെ സമ്പാദ്യം. കാവുമേന്തി വീടുകൾ തോറും നടന്നാണു മീൻ വിൽപന. അതി രാവിലെ ചെന്നാലേ നല്ല മീൻ കടപ്പുറത്തുനിന്നു കിട്ടൂ. ക്ഷീണം കാരണം മീൻകാരൻ എന്നും വൈകിയാണുണരുക. കടപ്പുറത്തെമ്പോഴേക്കും നല്ല മീനെല്ലാം കഴിഞ്ഞ് പരൽമീനുകൾ മാത്രമായിരിക്കും ബാക്കി. അതു കൊണ്ടു നടന്ന് അന്തിവരെ വിൽക്കും. കൂട്ടിനോക്കിയാൽ വലിയ ലാഭമൊന്നുമുണ്ടാകില്ല, കുറേ കടമായും പോകും. അതാകട്ടെ തിരിച്ചുകിട്ടുകയുമില്ല. ബാക്കിവന്ന പരൽമീനുകളും അരിയും ഉപ്പും മുളകും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും കുട്ടികളെല്ലാം വിശന്നുറങ്ങിയിട്ടുണ്ടാകും. ചോറും കറികളും ഉണ്ടാക്കി കുട്ടികളെ വിളിച്ചുണർത്തി അവരെ ഊട്ടും. അപ്പോഴേക്കും പത്തോ പതിനൊന്നോ മണിയാകും. അതോടെ മീൻകാരൻ കട്ടിലിൽ വീഴുകയും കിടന്നയുടനെ ഉറക്കം അയാളെ പിടികൂടുകയും ചെയ്യും. അങ്ങനെയൊരു ഉറക്കത്തിലാണ് ഒരു ദിവസം അവൻ ഒരു മലക്കിനെ (മാലാഖ) സ്വപ്നം കണ്ടത്. ഈ മലക്ക് തടിച്ച പുസ്തകത്തിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിത്തീർന്നു പുസ്തകം അടുക്കി വച്ചപ്പോൾ മീൻകാരൻ ചോദിച്ചു, എന്താ എഴുതിക്കൊണ്ടിരുന്നതെന്ന്. ‘നബിത്തിരുമേനിയെ സ്നേഹിക്കുന്നവരുടെ പേരുകൾ’, മലക്ക് മറുപടി പറഞ്ഞു. ‘അതിൽ എന്റെ പേരുണ്ടോ?’ മീൻകാരൻ ഉൽക്കണ്ഠയോടെ ചോദിച്ചു. മലക്ക് പുസ്തകം ഒരാവർത്തി വായിച്ചുനോക്കിയിട്ടു പറഞ്ഞു ‘താങ്കളുടെ പേര് ഇതിലില്ല.’
മീൻകാരന് ഇത്രയും നിരാശ തോന്നിയ ഒരു സന്ദർഭം ജീവിതത്തിൽ വേറെയുണ്ടായിട്ടില്ല. ‘യാ റസൂൽ, യാ റസൂൽ’. എന്നാണു മീൻകാരന്റെ വചനം. റസൂലിനെയും റസൂലിന്റെ വിശ്വാസികളെയും ഇത്രയേറെ സ്നേഹിക്കുന്ന തന്റെ പേര് ആ പട്ടികയിൽ ഇല്ലാത്തതോർത്ത് അയാൾ കരഞ്ഞു.
പിറ്റേന്ന് ഉറക്കത്തിലും മീൻകാരൻ അതേസ്വപ്നം കണ്ടു. അതേ പ്രകാശം. അതേ മലക്ക്. മലക്ക് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. എഴുതിത്തീർന്നപ്പോൾ മീൻകാരൻ ചോദിച്ചു, എന്തായിരുന്നു എഴുതിക്കൊണ്ടിരുന്നത്?
‘റസൂൽ അമീൻ സ്നേഹിക്കുന്നവരുടെ പേരുകൾ’. നബി സ്നേഹിക്കുന്നവരുടെ പേരുകളാണ് ആ പുസ്തകം. മീൻകാരന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ‘എന്റെ പേര് അതിലുണ്ടോ?’ അവൻ ചോദിച്ചു. മലക്ക് ആ ഗ്രന്ഥം മീൻകാരന്റെ കയ്യിൽ കൊടുത്തു. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതിൽ ആദ്യത്തെ പേര് അവന്റേതാണ്.
പുനത്തിൽ എഴുതുമ്പോൾ ഇതാണു സംഭവിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ ഖിന്നതകൾക്കുമിടയിലും സ്നേഹത്തിന്റെ ഒരു തരി വെട്ടം തെളിഞ്ഞുവരും. ഒരു സ്പർശം നാമറിയും. സ്നേഹത്തിന്റെ അന്തർധാരയാണ് അവിടെ അക്ഷരങ്ങളെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നത്. അന്തമില്ലാത്ത കാമനകൾക്കും വേദനകൾക്കും നടുവിലും ജീവിതത്തെ ഏറ്റവും പ്രേമിക്കുന്ന മനുഷ്യനാണ് എഴുത്തുകാരനോ എഴുത്തുകാരിയോ ആകുന്നത്. ആ പ്രപഞ്ചസ്നേഹത്തിന്റെ പുസ്തകത്തിൽ പേരുള്ള മനുഷ്യനാണു പുനത്തിൽ. കഥയിൽനിന്നു ജീവിതത്തിലേക്കും ജീവിതത്തിൽനിന്നു കഥയിലേക്കും ആ സ്നേഹം പ്രസരിച്ചുകൊണ്ടിരുന്നു. തന്റെ കാലത്തെ എഴുത്തുകാരെപ്പറ്റി അദ്ദേഹം എഴുതിയതും പറഞ്ഞതുമായ കാര്യങ്ങൾ മാത്രം മതി, ഇതു തിരിച്ചറിയാൻ. വൈക്കം മുഹമ്മദ് ബഷീറിനെ, ഗുരു എന്നാണു പുനത്തിൽ വിളിച്ചിരുന്നത്. എഴുത്തുകാരനേക്കാൾ വലിയ മനുഷ്യനാണു ബഷീറിലുണ്ടായിരുന്നതെന്ന് പുനത്തിൽ പറയാറുണ്ട്. ബഷീർ എഴുതാതിരുന്ന വർഷങ്ങളിൽ ഒരിക്കൽ പുനത്തിൽ അദ്ദേഹത്തോടു ചോദിച്ചു: ‘എന്തിനാണീ നിശബ്ദത?’ കണ്ണുകൾ തുറുപ്പിച്ചുകൊണ്ട് ബഷീർ പറഞ്ഞു: ‘ഞാൻ എഴുത്തിന്റെ അടിമവേലക്കാരനല്ല’.
സാഹിത്യത്തെയും ജയിക്കുന്ന മനുഷ്യനാകാനാണു ഗുരു തന്നെ പഠിപ്പിച്ചതെന്നു പുനത്തിൽ എഴുതി. വിഷാദരോഗം മൂർച്ഛിച്ചു മരിച്ച ഉമ്മയെപ്പറ്റി പുനത്തിൽ കണ്ണു നനയിക്കുന്ന ഭാഷയിൽ എഴുതിയിട്ടുണ്ട്. ആ സ്മരണകളിലൊരിടത്ത് എഴുത്തുകാരൻ ജീവിച്ച വിവിധ സ്ഥലങ്ങളെ പരാമർശിക്കുമ്പോൾ ഇങ്ങനെ എഴുതി: ‘പാർക്കുന്ന ഇടമാണു പാർപ്പിടം. എങ്കിൽ ആദ്യം പാർത്ത ഇടം അമ്മയുടെ ഗർഭപാത്രമാണ്. എല്ലാ മനുഷ്യരുടെയും ആദ്യത്തെ വീട് ഗർഭപാത്രമാണ്. അമ്മവീട്ടിൽനിന്നു പുറത്തുവന്ന ആ നിമിഷങ്ങളെക്കുറിച്ചു പിന്നീട് ഓർക്കാൻ കഴിയില്ലെങ്കിലും ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ ഗർഭിണികളെ കാണുമ്പോൾ ആദ്യത്തെ വീട് എനിക്കോർമ വരും. വീർത്ത വയർ തൊട്ടു ഞാൻ മനസ്സിൽ പറയും: ഇതാ പൾസുള്ള ഒരു വീട്.’
വായനക്കാർക്ക് അറിയാം, അസൽ മലയാളത്തിന്റെ പ്രാണൻ മിടിക്കുന്ന, നമ്മുടെ ജീവിതത്തിന്റെ പൾസുള്ള എഴുത്തായിരുന്നു പുനത്തിലിന്റേത്. അത് മലയാളിയുടെ സാമൂഹികവികാസത്തിന്റെയും വൈകാരിക പ്രക്ഷുബ്ധതകളുടെയും പല കാലങ്ങളിലൂടെ സഞ്ചരിച്ചു. ഏതു ദൂരത്തിലും ഏതു കാലാവസ്ഥയിലും അതു മിടിച്ചുകൊണ്ടിരിക്കുന്നു. കഥകൾക്കും കഥാപാത്രങ്ങൾക്കും പാർക്കാനുള്ള ഒരു കൂടായിട്ടാണു പുനത്തിൽ തന്റെ ശരീരത്തെ സങ്കൽപിച്ചത്. കൂടു ജീർണിച്ചാലും കഥയുടെ പ്രാണൻ മിടിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഏതാനം വർഷം മുൻപ് പുനത്തിൽ എഴുതി– ‘എനിക്ക് 74 വയസ്സായി. ഇപ്പോൾ ഭാവിയെക്കുറിച്ച് ഞാൻ ഒരു ആഗ്രഹം സൂക്ഷിക്കുന്നുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹം. കോഴിക്കോട് ബീച്ചിൽ സീ ക്വീനു മുന്നിലെ കടലിലേക്കു മെല്ലെയങ്ങു നടന്നുപോകണം എന്നാണ്. കുറേ നടക്കുമ്പോൾ തിര വലിച്ചുകൊണ്ടുപോകും..... ’
മലയാള ഭാവനയുടെ മഹാസമുദ്രത്തിൽ, നമ്മുടെ പ്രിയ എഴുത്തുകാരൻ അടങ്ങാത്ത അലകളായി ഉയരുന്നതു ഞാൻ കാണുന്നു.
Read more on Punathil Kunjabdulla Literature