നിരൂപണങ്ങൾ ഉറക്കെ പറയാൻ മടിയില്ലാത്ത എം എൻ വിജയൻ മാഷ്‌ 

പ്രശസ്ത സാഹിത്യകാരൻ എന്തുകൊണ്ട് ഡോക്ടറായി? മലയാളത്തിലും സാഹിത്യത്തിലും ആരാധനയും ഭ്രമവും പഠന കാലം മുതലേ ഉണ്ടായിരുന്ന ഒരു വ്യക്തി എന്തിനു എം ബി ബി എസ് എഴുതിയെടുത്തു അതിൽ തുടർ പഠനം നടത്തി? വീട്ടുകാരുടെ നിർബന്ധത്തിനപ്പുറം അതിനു കാരണം നിരൂപകനും എഴുത്തുകാരനുമായ എം എൻ വിജയൻ ആയിരുന്നുവെന്നു ഒരിക്കൽ പുനത്തിൽ തന്നെ പറഞ്ഞതായി ഓർക്കുന്നു. മലയാളം എം എ യ്ക്ക് പഠിക്കാനായി അപേക്ഷാ ഫോറവും വാങ്ങി വിജയൻ മാഷിന്റെ അടുത്തെത്തിയ പുനത്തിൽ അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി ചോദിക്കുകയും, അനുഗ്രഹിക്കുവാൻ ഞാൻ ഗുരുവല്ലല്ലോ എന്ന ഉത്തരം കേട്ട് പകച്ചു പോവുകയും ചെയ്ത പുനത്തിൽ. എം എ യ്ക്ക് മലയാളം എടുക്കുന്നു എന്നറിഞ്ഞപ്പോൾ ''കുഞ്ഞബ്ദുള്ള കഥയെഴുതാന്‍ മലയാളം എം. എ പഠിക്കേണ്ടതില്ല. കഥയെഴുതാന്‍ അക്ഷരം മാത്രം അറിഞ്ഞാല്‍ മതി.' എന്നാ വാക്കിൽ എല്ലാമുണ്ടായിരുന്നു. :'എം. എ. പാസ്സായാല്‍ ഭാഷാ അദ്ധ്യാപകനാകാം. പക്ഷേ അതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്. എന്നാ വാചകത്തിന്റെ അവസാനം അദ്ദേഹം ഇങ്ങനെയും കൂട്ടി ചേർത്തിരുന്നു, കുഞ്ഞബ്ദുള്ള പഠിച്ചു മിടുക്കനായ ഡോക്ടറാകാൻ. എഴുത്ത് അതിലും തുടർന്ന് കൊണ്ട് പോകാവുന്നതേ ഉള്ളൂ എന്നും. എത്ര മികച്ച ആശയവും ഉപദേശവുമായിരുന്നു അന്ന് കുഞ്ഞബ്ദുള്ളയ്ക്ക് വിജയൻ മാഷ്‌ നൽകിയിരുന്നതെന്ന് പറയാതെ വയ്യ. 

വിജയൻ മാഷ്‌ അങ്ങനെയായിരുന്നു. മനുഷ്യനെ നേരായ വഴിയിൽ നടത്താൻ മതിയാവോളം വാക്കുകൾ വിട്ടു നല്കുന്ന സ്നേഹ നിധിയായ പ്രൊഫസർ. അദ്ദേഹത്തിന്റെ ചിന്തകളോളം തന്നെ പ്രശസ്തമാണ് മാഷ്‌ പല തവണയായി എഴുതിയും പറഞ്ഞും വച്ചിട്ടുള്ള വാചകങ്ങളും. വൈലോപ്പിള്ളിയുടെ കവിതയെ മുൻ നിർത്തി വിജയൻ മാഷ്‌ എഴുതിയ നിരൂപണം ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. മന:ശാസ്ത്രപരമായ ആ ഒരു നിരൂപണം മലയാളത്തിലെ നിരൂപണ തലത്തിൽ പുതിയ വഴികളാണ് വെട്ടി തുറന്നതും. ഫ്രോയിഡിന്റെ മന:ശാസ്ത്ര വശത്തോടുള്ള വിജയൻ മാഷിന്റെ താൽപ്പര്യവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ വളരെ വ്യക്തമായി കാണാനാകും.

1930 ജൂൺ 8-നു കൊടുങ്ങല്ലൂരാണ് എം എൻ വിജയൻ എന്ന തീവ്ര ഇടതുപക്ഷ സഹയാത്രികൻ കൂടിയായ എഴുത്തുകാരന്റെ ജനനം. 1960 ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ അധ്യാപകനായ അദ്ദേഹം മരണം വരെ അവിടെ തന്നെയായിരുന്നു. വിജയൻ മാഷിന്റെ വാചാടോപത്തെ കുറിച്ച് അറിയാത്തവർ ആരുമേയുണ്ടാകില്ല. പ്രശസ്തമായ അദ്ദേഹത്തിന്റെ ഉദ്ധരണികൾ മാത്രം എഴുതി വയ്ക്കപ്പെട്ടു അത്യാവശ്യതിനായി മറിച്ചു നോക്കിയിരുന്ന എഴുത്തുകാരും ഒട്ടും കുറവല്ല. 

'ആര്‍ക്ക് വേണ്ടി പാര്‍ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ പാര്‍ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്‍ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന്‍ വേണ്ടി വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.'' എന്ന് അദ്ദേഹം പറയുമ്പോൾ തന്നെ മനസ്സിലാക്കാം, അടിസ്ഥാനപരമായി അതി തീവ്ര നിലപാടുകൾ തന്റെ രാഷ്ട്രീയത്തിൽ പോലും വച്ച് പുലർത്തിയിരുന്ന അടിയുറച്ച ഇടതുപക്ഷ ചിന്ത അദ്ദേഹത്തിലുണ്ടായിരുന്നുവെന്നു. 

ചിതയിലെ വെളിച്ചം 1982-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹം നേടിയിരുന്നു. പുരോഗമനകലാസാഹിത്യ സംഘത്തിലും വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം സി പി എമ്മിനെതിരെ ഒരു പ്രസ്താവന ഉന്നയിച്ചത് ഒരിക്കൽ വിവാദവുമായിരുന്നു. താൻ വിശ്വസിയ്ക്കുന്ന പ്രസ്ഥാനമാണെങ്കിൽ പോലും തെറ്റ് കണ്ടാൽ ചൂണ്ടി കാട്ടാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് തന്നെയണു നിരൂപണ സാഹിത്യ ശാഖയിലും വ്യക്തമാകുന്നത്. സത്യം തുറന്നു പറയുക എന്നതാണല്ലോ, നിരൂപണശാസ്ത്രം പറയുന്നതും. 

പാഠം പ്രതികരണ വേദിയെ സംബന്ധിച്ച ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനാണ് കൊടുങ്ങല്ലൂരില്‍ നിന്നും അദ്ദേഹം അന്ന് തൃശ്ശൂർ പ്രസ് ക്ലബ്ബിൽ എത്തിയത്. 2007 ഒക്ടോബർ 3 ന്. 

‘പാഠം മുന്നോട്ട് വച്ച ഭാഷയെയാണ് എല്ലാവരും വിമര്‍ശിച്ചത്. ഭാഷാ ചര്‍ച്ചയിലാണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബര്‍ണാഡ് ഷായാണ്.‘ ഇതായിരുന്നു അദ്ദേഹം തന്റെ പ്രസംഗ സമയത്ത് അവസാനമായി പറഞ്ഞ വാചകങ്ങൾ. പിന്നീട് ഒന്നിനും കാത്തു നില്ക്കാതെ വേദിയിൽ തന്നെ കുഴഞ്ഞു വീണ അദ്ദേഹം ഏറെ വൈകാതെ എഴുത്തിന്റെയും കേൾവിക്കാരുടെയും ലോകത്തെ വിട്ടു യാത്രയായി. ഏതൊരു കലാകാരന്റെയും അവസാനത്തെ ആഗ്രഹമാണ്, താൻ എന്തിലാണോ ആഴ്ന്നു നില്ക്കുന്നത് അതേ കലാവേദിയിൽ വച്ച് തന്നെ ജീവൻ വെടിയുക എന്നത്, അത്തരം വിശ്വാസങ്ങളിലൊന്നും അഭിരമിക്കുന്ന ആളായിരുന്നില്ല എങ്ിൽ കൂടിയും വിജയൻ മാഷിനു ഉണ്ടായത് അത്തരമൊരു ഭാഗ്യം തന്നെയായിരുന്നു. പക്ഷേ സാംസ്കാരിക കേരളത്തിന്‌ മറക്കാനാകാത്ത ഒരു എഴുത്തദ്ധ്യായവും.