അവന്റെ പുസ്തകം വായുവിൽ ഉയർന്നു പറന്നു നിലത്തേക്ക് ചിറകറ്റു വീണു. തലതാഴ്ത്തി അവനാ പുസ്തകമൊന്നെടുത്തു പൊടിതുടച്ചു കയ്യിൽ പിടിച്ചു. ഭദ്രകാളിയെ പോലെ കണ്ണു തുറിച്ചുകൊണ്ടവന്റെ നേരെ ടീച്ചറുടെ ആക്ഷേപവാക്കുകൾ ശരങ്ങളായി തറച്ചു. "ഇന്നും നിനക്ക് ഹോംവർക്ക് ചെയ്യാൻ മടിയാണല്ലേ. ക്ലാസിലാണെങ്കിൽ നേരത്തിനു വരില്ല. വന്നാൽ തന്നെ ഉറങ്ങാൻ തുടങ്ങും. ഹോം വർക്കാണെങ്കിൽ ചെയ്തിട്ടുമുണ്ടാവില്ല. എന്തിനാടാ നിനക്ക് ഇങ്ങനെയൊരു ജന്മം". ടീച്ചറുടെ വാക്കുകൾ ചെന്നു തറച്ചത് അവന്റെ നെഞ്ചിലാണ്. ആ നെഞ്ചിലെ നീറ്റൽ അവന്റെ കണ്ണിലെ കണ്ണുനീരായി പുറത്തിറങ്ങി. "ഗെറ്റ് ഔട്ട്" എന്നൊരു വാക്കുകൂടിയായപ്പോൾ പൂർത്തിയായി. പത്രകടലാസുകൊണ്ട് പൊതിഞ്ഞ അവന്റെ പുസ്തകത്തിൽ പതിച്ച തറയിലെ മണ്ണ് ഒന്നു കൂടി തുടച്ച് അവൻ അവന്റെ തോൾസഞ്ചിയുമെടുത്ത് ക്ലാസിനു പുറത്തേക്കിറങ്ങി.
വരാന്തയിലൂടെ അവന്റെ കാലുകൾ യഥാർഥത്തിൽ ഒഴുകുകയായിരുന്നു. എങ്ങോ ഏകാന്തതയിൽ മനസുറപ്പിച്ചു നടന്നു. ഓരോ ക്ലാസിലെ ജാലകങ്ങൾ കഴിയുന്തോറും ഒട്ടേറെ കണ്ണുകൾ ആ മുഷിഞ്ഞ യുണിഫോമുകാരനെ നോക്കി. ചിലപ്പോളത് സഹതാപനോട്ടമാവാം, ചിലപ്പോളത് പരിഹാസത്തിന്റെ പുഞ്ചിരിച്ച നോട്ടവുമാവാം. അതുകൊണ്ടാവണം അവൻ അതിനൊന്നും തന്റെ കണ്ണോ കാതോ കൊടുത്തില്ല.
തട്ടുകടയിലെ ഗ്ലാസ് വെള്ളത്തിൽ മുക്കി കഴുകുമ്പോൾ ടീച്ചറുടെ വാക്കുകൾ അവന്റെ നെഞ്ചിൽ കിടന്നു പിടക്കുവായിരുന്നു. രാത്രിയും രാവിലെയും തുറന്നിരുന്ന തട്ടുകട പകൽ തുറക്കേണ്ടി വന്നപ്പോൾ അത് കണ്ണീരോട് കൂടിയാണെന്നത് അവന്റെ മനസ്സിൽ മാത്രം ഒതുങ്ങി നിന്നു. ഇരുട്ടു പരന്ന നേരത്തെ കച്ചവടത്തിന്റെ ഇടയിൽ ഒരാൾ പറഞ്ഞു."കാറിലേക്ക് ഒരു ചായ വേണം. ആശുപത്രിയിൽ നിന്നും വരുകയാണ്. നടക്കാൻ വയ്യ". നല്ല ഒരു ഉഷാർ പാൽ ചായ അടിച്ചു കാറിന്റെ ഉള്ളിലേക്ക് നീട്ടിയപ്പോൾ അവന്റെ കൈ വിറച്ചു. വിറച്ച കൈകളിലും അവനാ ചായഗ്ലാസ് തുളുമ്പാതെ പിടിച്ചു നിന്നു. അവർക്കു നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു. "ടീച്ചർ ചായ". അതു വാങ്ങി കുടിക്കുമ്പോൾ ടീച്ചറുടെ കണ്ണുകളിൽ നിന്നും കണ്ണീർ പൊഴിഞ്ഞു. അതു കണ്ടു നിൽക്കാൻ അവൻ തയാറായില്ല. ടീച്ചറുടെ ഭർത്താവിനുള്ള ചായ അടിക്കാൻ ഗ്ലാസ് കഴുകുമ്പോൾ അവൻ അയാളോട് ചോദിച്ചു. "അവർക്കെന്താ പറ്റിയത്?".
അയാൾ അവനോട് മറുപടിയും പറഞ്ഞു. "വൈഫ് സ്കൂൾ ടീച്ചറാണ്. അവളുടെ ക്ലാസ്സിൽ ഒരു തലതെറിച്ച ചെക്കനുണ്ടത്രെ. അവനോട് ദേഷ്യപ്പെടുമ്പോ ബി.പി കൂടി നിലത്തു തലയിടിച്ചു വീണു."
ചായകുടി കഴിഞ്ഞു അവർ പോകുമ്പോൾ ആ ടീച്ചർ തല ചെരിച്ചു ചില്ലുജാലകത്തിലൂടെ തട്ടുകടയിലേക്ക് നോക്കി. അവന്റെ മുഷിഞ്ഞ യൂണിഫോമും തുണിസഞ്ചി പോലത്തെ ബാഗും തട്ടുകടയുടെ സൈഡ് ബെഞ്ചിലുണ്ട്. കണ്ണീരൊഴുക്കി ടീച്ചർ ഭർത്താവിനോട് പറഞ്ഞു. "ദൈവം നന്ദിയുള്ളവനാ. അല്ലേൽ ഇങ്ങനെ ഒരു കാഴ്ച കാണാൻ സാധിക്കുമോ. ആ കുട്ടിയോട് ചെയ്തതിന്റെ ശിക്ഷ ഇത്ര ചെറുതാക്കി തന്ന ദൈവത്തിനു നന്ദി". തളർന്നിരുന്ന ആ ശരീരം കണ്ണീർ തുടച്ചു നിവർന്നിരുന്നു. എന്തോ ഒരു ഭാരം ഇറക്കിവെച്ചപോലെ ടീച്ചർ ഉന്മേഷവദിയായി. നാളത്തെ ക്ലാസിനു വേണ്ടി കാത്തിരുന്നു....