‘അൺപ്രഫഷനൽ ആൻഡ് അൺഎത്തിക്കൽ. ചിത്രീകരണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം വ്യക്തമായ കാരണം പോലും പറയാതെ ചിത്രത്തിൽ നിന്നു പിൻമാറിയ വിദ്യാബാലന്റെ നടപടിയെക്കുറിച്ചു മറ്റെന്താണു പറയുക’ - ചോദ്യം സംവിധായകൻ കമലിന്റേതാണ്. നീർമാതളം പോലെ മലയാളി മനസ്സുകളിൽ പൂത്തുലഞ്ഞ എഴുത്തിന്റെ തമ്പുരാട്ടി; കമലാദാസെന്ന മാധവിക്കുട്ടിയെന്ന കമല സുരയ്യ.
മലയാളത്തിനൊപ്പം ആംഗലേയ ഭാഷയിലും വിസ്മയിപ്പിക്കുന്ന രചനകൾ സമ്മാനിച്ച എഴുത്തുകാരിയുടെ ജീവിതം ചലച്ചിത്രമാകുന്നുവെന്ന വാർത്ത പോയ വർഷത്തെ വലിയ വിശേഷങ്ങളിലൊന്നായിരുന്നു. ആരാകും വെള്ളിത്തിരയിൽ മാധവിക്കുട്ടിയാകുകയെന്ന ചോദ്യത്തിനു കമൽ നൽകിയ മറുപടിയും ആരാധകശ്രദ്ധനേടി. മാധവിക്കുട്ടിയാകാൻ കമൽ കണ്ടെത്തിയതു വിദ്യാ ബാലനെ.
മാധവിക്കുട്ടിയെ അവതരിപ്പിക്കാൻ ഏറ്റവും യോജിച്ച നടിയെന്നു ചലച്ചിത്ര പ്രേമികൾ വാഴ്ത്തുകയും ചെയ്തു. മാധവിക്കുട്ടിയുടെ വേഷത്തിൽ വിദ്യയുടെ ചിത്രങ്ങൾ തരംഗവുമായി. അതോടെ, ‘ആമി’ക്കു വേണ്ടി മലയാളത്തിന്റെ കാത്തിരിപ്പും തുടങ്ങി. കേരളത്തിൽ വേരുകളുള്ള ബോളിവുഡ് സൂപ്പർ താരം പക്ഷേ, ഷൂട്ടിങ് ആരംഭിക്കാനിരിക്കെ അപ്രതീക്ഷിതമായി പിൻമാറിയത് അഭ്യൂഹങ്ങൾ ബാക്കിയാക്കിയാണ്. കമലിനും വിദ്യയ്ക്കും ചിത്രത്തെക്കുറിച്ചു വ്യത്യസ്ത സമീപനമായതിനാലാണു പിൻമാറുന്നതെന്നാണു വിദ്യയുടെ വക്താവിന്റെ വിശദീകരണം. ആരാകും പുതിയ ആമി ? ‘വിദ്യ പിൻമാറിയെങ്കിലും പ്രോജക്ട് മുന്നോട്ടു പോകും. ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്നു തീരുമാനിച്ചിട്ടില്ല. നിർമാതാവുമായി ആലോചിച്ചു തീരുമാനിക്കും’- കമൽ പറയുന്നു.
∙ ഗംഭീര സ്ക്രിപ്റ്റ്
ചിത്രത്തെക്കുറിച്ച് ഒരു വർഷമായി വിദ്യയുമായി ഞാൻ ആശയവിനിമയം നടത്തിയിരുന്നു. അവരെ മുംബൈയിൽ പോയിക്കണ്ടു. സ്ക്രിപ്റ്റ് അയച്ചുകൊടുത്തു. വായിച്ചു കൊടുക്കാൻ ആളെ ഏർപ്പാടാക്കി. ഗംഭീരമായ സ്ക്രിപ്റ്റെന്ന് അവർ അഭിപ്രായവും പറഞ്ഞു. ഫോട്ടോ ഷൂട്ട് നടത്തി. കോസ്റ്റ്യൂം പ്ലാൻ ചെയ്തു. മറ്റ് ആർടിസ്റ്റുകളെ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബറിൽ ഒറ്റപ്പാലത്തു ചിത്രീകരണം തുടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു. ഷൂട്ട് തുടങ്ങുന്നതിന് ആറേഴു ദിവസം മുൻപാണു പറ്റില്ല എന്നറിയിക്കുന്നത്. ‘ക്യാരക്ടറാകാൻ എനിക്കു കഴിയുന്നില്ല’ എന്നായിരുന്നു വിദ്യയുടെ മെസേജ്.
∙ തിരക്കഥയെക്കുറിച്ച് അഭിപ്രായ ഭിന്നത
വിദ്യയ്ക്കു തിരക്കഥയെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അതു നേരത്തെ പറയേണ്ടതല്ലേ. ചിത്രീകരണം തുടങ്ങുന്നതിനു തൊട്ടു മുൻപല്ലല്ലോ പറയേണ്ടത്. സത്യത്തിൽ, അവരുടെ പിൻമാറ്റത്തിന്റെ വ്യക്തമായ കാരണം ഇപ്പോഴും എനിക്കറിയില്ല.
∙ ദേശീയഗാന വിവാദം
അത്തരം വിവാദങ്ങളുടെ പേരിലാണു വിദ്യ പിൻമാറിയതെന്നു ഞാൻ കരുതുന്നില്ല. അതിനു സാധ്യതയും കുറവാണ്. എന്നാൽ, കമലാദാസിന്റെ മതം മാറ്റം പോലുള്ള വിഷയങ്ങൾ ചിത്രത്തിലുള്ളതിനെക്കുറിച്ചുള്ള ആശങ്കയാണോ വിദ്യയുടെ പിൻമാറ്റത്തിനു കാരണമെന്നു സംശയമുണ്ട്. എന്തായാലും, തൊഴിൽപരമായ മാന്യതയില്ലായ്മയും അധാർമികവുമായ പ്രവൃത്തിയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്.
ഫ്ലാഷ് ബാക്ക് : വിദ്യ ആദ്യമായി നായികയായി അഭിനയിച്ചതു കമലിന്റെ ‘ചക്രം’ എന്ന ചിത്രത്തിലാണ്. മോഹൻലാലും ദിലീപും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം പക്ഷേ, 16 ദിവസത്തെ ഷൂട്ടിനു ശേഷം മുടങ്ങി. ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന ലോഹിതദാസാണു പിന്നീടു പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ‘ചക്രം’ ഒരുക്കിയത്.