Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽ ഒളിച്ചിരിക്കുന്ന ആമ; സംവിധായകൻ മൊയ്തു താഴത്ത്

kamal-moidu മൊയ്തു താഴത്ത്, കമൽ

സംവിധായൻ കമലിന് എതിരെ ആഞ്ഞടിച്ചു സംവിധായകനായ മൊയ്തു താഴത്ത്. സിപിഎം അക്രമത്തിൽ കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെക്കുറിച്ചു സിനിമയെടുത്ത മൊയ്തു കമലിനെ വിളിക്കുന്നത് ഒളിച്ചിരുന്ന ആമ എന്നാണ്. 

താൻ സംവിധാനം ചെയ്ത ടി.പി. 51 എന്ന റിലീസ് തയ്യാറാൻ തയ്യാറായ തിയറ്ററുകളെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയും താൻ തെരുവിലേക്കു വലിച്ചിയക്കപ്പെടുകയും ചെയ്തപ്പോൾ എവിടെയായിരുന്നു ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്യം പ്രസംഗിക്കുന്ന കമൽ എന്നാണു മൊയ്തു ചോദിക്കുന്നത്. 34 സ്വകാര്യ തിയറ്ററുകൾ സിപിഎം ഭീഷണിയെത്തുടർന്നു അവസാന നിമിഷം ഈ സിനിമ പ്രദർശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു. 

സംവിധായകൻ മൊയ്‌തു താഴത്തിന്റെ കുറിപ്പ് താഴെ കൊടുക്കുന്നു–

‘അധികാരം കിട്ടിയാൽ ആവിഷ്കാരമോ ?

ഇന്നു ചാനലുകളിൽ മധുരം വിളമ്പി ആഘോഷിക്കപ്പെട്ടത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ പ്രതിഷേധ ജ്വാലയായിരുന്നു, ഒന്ന് പൊട്ടിക്കരയാനും ആർത്തു ചിരിച്ചു നിലവിളിക്കാനും തോന്നിയെനിക്ക്,‌. കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ചതഞ്ഞരഞ്ഞു പോയൊരു സംവിധായകനാണ് ഞാൻ. ഓർക്കുന്നുണ്ടോ എന്റെ പ്രിയപ്പെട്ട മലയാളി പൊതുസമൂഹം ഫാസിസ്റ്റുകളാൽ 51 വെട്ടുകൾ കൊണ്ട് കീറിമുറിച്ച ടി.പി ചന്ദ്രശേഖരനെ കുറിച്ച്, സിനിമ എടുത്തതിന്റെ പേരിൽ എന്നെ വേട്ടയാടിയ ഫാസിസ്റ്റുകൾ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയും വധഭീഷണി മുഴക്കിയും ഇവർ ആഘോഷിച്ച ആവിഷ്കാരത്തിന്റെ നാളുകൾ, മിസ്റ്റർ കമൽ കേരളത്തിലെ സെൻസർ ബോർഡ്‌  എന്റെ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് തന്നില്ല.

ഒടുവിൽ  ഞങ്ങൾ ഡൽഹിയിൽ നിന്ന് പൊരുതി സർട്ടിഫിക്കറ്റ് നേടിയെടുത്തു,കേരളത്തിൽ 59 തിയേറ്ററുകൾ ഞങ്ങൾക്ക് അനുവദിക്കപ്പെട്ടു, പക്ഷെ ഫാസിസ്റ്റുകൾ ഉറങ്ങാതെ നിന്നു,അവർ ഹിറ്റ്ലറെ പോലെ, മുസ്സോളനിയെ പോലെ, തിയേറ്ററുകളെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച റിലീസ് ആകേണ്ട സിനിമ അപ്രഖ്യാപിത വിലക്കുകളാൽ തിയറ്ററുകളിൽ നിന്നു നീക്കം ചെയ്യപ്പെട്ടു.

ഒരുപാട് സുഹൃത്തുക്കളിൽ നിന്നു പ്രതീക്ഷയോടെ കടം മേടിച്ചെടുത്ത സിനിമ അനാഥമായപ്പോൾ, ലക്ഷങ്ങളുടെ ബാധ്യതയാൽ ഞങ്ങൾ തെരുവിൽ വലിച്ചെറിയപ്പെട്ടു, മാധ്യമവാർത്തകളിൽ ഈ സിനിമ വിവാദമായിട്ടും കമൽ, താങ്കൾ ഒരു ആമയെ പോലെ കിടന്നുറങ്ങുകയായിരുന്നു.

എവിടെയായിരുന്നു താങ്കളുടെ ചുകപ്പൻ ആവിഷ്കാരസ്വാതന്ത്ര്യം, രോഹിത് വെമുലയുടെ ഡോക്യൂമെന്ററി പോലെ ഞങ്ങൾ പോരാടിയതും കറുത്ത ഫാസിസത്തിനെതിരായിരുന്നു, കോഴിക്കോട് ജില്ലയിലും വടകരയിലും 50 ദിവസം ഈ സിനിമ നിറഞ്ഞാടിയിട്ടും ഷക്കീലയുടെ സിനിമ കോടികൾക്കു മേടിക്കുന്ന കേരളത്തിലെ നട്ടെല്ലില്ലാത്ത ചാനലുകൾ ഞങ്ങൾക്ക് സാറ്റലൈറ്റ് റേറ്റ് പോലും തന്നില്ല. 

ഈ തമ്പുരാക്കന്മാർ പറഞ്ഞത് ഞങ്ങൾക്ക് ഭീഷണി ഉണ്ട് എന്നുള്ളതാണ്, മിസ്റ്റർ കമൽ അധികാരം കിട്ടുമ്പോൾ ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്കാര സ്വാതന്ത്ര്യം അധികാരത്തിന്റെ  മധുരം കിട്ടിയാൽ വിളിച്ചു കൂവേണ്ടതുമല്ല ആവിഷ്കാര സ്വാതന്ത്ര്യം, സഫ്ദർ ഹാഷ്മി പറഞ്ഞത് പോലെ കലാകാരന്റെ ആശയത്തിന് വിലങ്ങു വീഴ്ത്തുന്നവർ ഒരു യുഗത്തിന്റെ ശത്രുക്കൾ ആണ് കാലത്തിന്റെ ശത്രുക്കൾ ആണ്, കമലിനോട് എനിക്ക് സഹതാപമേ ഉള്ളൂ കാരണം ഇത് അധികാരത്തിന്റെയും ഫാസിസത്തിന്റെയും കെട്ട കാലമാണ്, ലാൽ സലാം’. മൊയ്‌തു താഴത്ത് പറഞ്ഞു.

തിരുവനന്തപുരം ചലച്ചിത്രോത്സവത്തിൽ രോഹിത വെണ്മൂലയെക്കുറിച്ചു നിർമ്മിച്ച സിനിമയ്ക്കു ​അനുമതി നിഷേധിച്ച കേന്ദ്രനിലപാടിന് എതിരെ കഴിഞ്ഞ ദിവസം കമൽ പ്രതികരിച്ചിരുന്നു. ആവഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെ ഭരണ കൂടമടക്കമുള്ള ശക്തികൾ നീങ്ങുമ്പോൾ എല്ലാവരും രംഗത്തുവരണമെന്നായിരുന്നു കമലഹിന്റെ ആഹ്വാനം.