അനുരാഗ കരിക്കിൻ വെള്ളമെന്ന പേരു പോലെ മനോഹരമായൊരു ചിത്രം. നവാഗതനായ ഒരാളാണു സിനിമ ചെയ്തതെന്നു തോന്നിക്കാത്ത സംവിധാന മികവു തന്നെയാണു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സംവിധായകനായ ഖാലിദ് റഹ്മാൻ സംസാരിക്കുന്നു സിനിമയിലേക്കെത്തിയ വഴികളും ഇനിയുള്ള യാത്രകളെയും കുറിച്ച്...
എങ്ങനെയാണു സിനിമയിലേക്ക്?
എറണാകുളത്തു തന്നെയായിരുന്നു പഠനം. ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചിട്ടില്ല. ബി.കോം കഴിഞ്ഞു സിനിമയിലേക്കു വന്നതാണ്. നാലു വർഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അൻവർ റഷീദ്, രാജീവ് രവി, അനിൽ രാധാകൃഷ്ണ മേനോൻ, മാർട്ടിൻ പ്രക്കാട്ട്, സിദ്ദാർഥ് ഭരതൻ, ഷൈജു ഖാലിദ് എന്നിവർക്കൊപ്പമായിരുന്നു അത്. വ്യത്യസ്തരായ സംവിധായകരായിരുന്നു എല്ലാം. ഓരോ തലങ്ങളിൽ നിന്നും സിനിമയെടുക്കുന്നവർ. അതൊരു വലിയ അനുഭവമായിരുന്നു. ഇതിൽ മാർട്ടിൻ പ്രക്കാട്ടിന്റെ എബിസിഡിയിൽ പ്രവർത്തിക്കുന്ന സമയത്താണ് നവീൻ ഭാസ്കറിനെ പരിചയപ്പെടുന്നത്. ആ സൗഹൃദമാണു ഒരുമിച്ചു സിനിമ ചെയ്യുന്നതിലേക്കെത്തിയത്.
ആസിഫ് അലി മകന്റെ വേഷത്തിൽ? ബിജു മേനോനും ആശാ ശരതും എങ്ങനെയാണു പ്രതികരിച്ചത്?
ആസിഫ് അലി അത്രയ്ക്കു പ്രായമുള്ളൊരാളൊന്നുമല്ല. നമുക്കങ്ങനെ തോന്നുകയുമില്ല. സിനിമയിൽ കാണുമ്പോൾ ആസിഫ് അലി മകന്റെ വേഷത്തിലെത്തിയത് വലിയ അത്ഭുതമായി തോന്നിയിട്ടില്ലെന്നാണു എനിക്കു കിട്ടുന്ന പ്രതികരണം. ഈ സിനിമയിൽ അഭിനയിച്ചവര്‍ക്കെല്ലാം കഥ കേട്ടപ്പോൾ ഒത്തിരി ഇഷ്ടമായിരുന്നു. അങ്ങനെ അവരും ആ വേഷം ചെയ്യുവാൻ സമ്മതിക്കുകായിരുന്നു.
ആദ്യ സിനിമ ചെയ്യാൻ ഇറങ്ങിയപ്പോൾ?
അസിസ്റ്റന്റ് ഡയറക്ടറിൽ നിന്ന് സംവിധായകനിലേക്കു വരുമ്പോൾ നമുക്കു സമ്മർദ്ദം തോന്നും. ചെറിയ ടെൻഷനുണ്ടാകും. എല്ലാത്തിനേക്കാളുമുപരി ഒരു വലിയ ഉത്തരവാദിത്തമാണ് നമ്മുടെ മുൻപിലുള്ളത്. അനുരാഗ കരിക്കിൻ വെള്ളത്തിന്റെ തിരക്കഥാകൃത്തായ നവീൻ ഭാസ്കര്‍ മുതൽ സിനിമയുടെ ഓരോ തലത്തിലും പ്രവർത്തിച്ചവരെല്ലാം ഒരു കുടുംബം പോലെയാണു നിന്നത്.
സിനിമയ്ക്കു നല്ല പ്രതികരണമാണല്ലോ?
സന്തോഷം. അങ്ങനെ വന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് നവീൻ ഭാസ്കറിനാണ്. അദ്ദേഹത്തിന്റെ തിരക്കഥ മനോഹരമായതുകൊണ്ടാണ് അങ്ങനെ സാധ്യമായത്. ചിത്രത്തിനു പേരിട്ടതും നവീൻ ചേട്ടൻ തന്നെ. എല്ലാത്തലത്തിലും അദ്ദേഹത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു .
സ്വപ്നം
അങ്ങനെയുള്ള ചിന്തയില്ല. സിനിമ കണ്ടിട്ട് ആരും അയ്യേ എന്നു പറയരുത് എന്നേയുണ്ടായിരുന്നുള്ളൂ. നല്ല പ്രതികരണമാണു സുഹൃത്തുക്കളിൽ നിന്നും മറ്റും കിട്ടിയത്. എന്നാലും സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത് കുറച്ചുകൂടി ഗൗരവത്തോടെ സിനിമയെ സമീപിക്കാമായിരുന്നുെവന്നാണ്. ഇനി അത്തരത്തിൽ മുന്നോട്ടു പോകണമെന്നാണു ചിന്തിക്കുന്നത്?
കുടുംബം?
ഉപ്പ ഖാലിദ് നാടക നടനാണ്. അദ്ദേഹം സിനിമയിൽ ഒരു വേഷം ചെയ്തിട്ടുമുണ്ട്. ചേട്ടൻമാരായ ഷൈജു ഖാലിദും ജിംഷി ഖാലിദും കാമറാമാൻമാരാണ്. ജിംഷി ഖാലിദാണ് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ കാമറ ചെയ്തിരിക്കുന്നത്. രണ്ടു ചേട്ടൻമാരുടെയും പിന്തുണ വളരെ വലുതാണ്.