ജി പി എന്ന രണ്ടക്ഷരം മലയാളികള്‍ കേട്ട്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കോളേജ് കുമാരികള്‍ മാത്രമല്ല കൊച്ചുകുട്ടികൾ പോലും ഗോവിന്ദ് പത്മ സൂര്യ എന്ന ജി പിയുടെ വലിയ ആരാധകരാണ്. ക്രിക്കറ്റിനെ സ്നേഹിച്ച ജി പി സിനിമയിലെത്തിയത് അവിചാരിതമായിട്ടായിരുന്നു. അവിടെ നിന്നു ഡി ഫോർ ഡാൻസിലേക്കുള്ള വരവും. പിന്നീട് സംഭവിച്ചതെല്ലാം മാജിക്. അവതാരകനും നടനും ഗായകനുമെല്ലാമാണ് ജി പി. മനസിൽ നിന്ന് മായാത്ത കഥാപാത്രങ്ങളോ, ഹിറ്റ് ഗാനങ്ങളോ ഒന്നു തന്നെ ജി പി സൃഷ്ടിച്ചിട്ടില്ല. എന്നിട്ടും ഗോവിന്ദ് പത്മസൂര്യ മലയാളിക്ക് എങ്ങനെ ഇത്ര പ്രിയപ്പെട്ടവനായി. ഇതിനുത്തരം ജി പി തന്നെ പറയുന്നു. ഒപ്പം തന്റ പുതിയ വിശേഷങ്ങളും മനോരമ ഓൺലൈനുമായി പങ്ക് വെയ്ക്കുന്നു.
∙ ആരാധകരുടെ കാര്യത്തില്‍ ജി പി മലയാള സിനിമയിലെ യുവതാരങ്ങളെ കടത്തിവെട്ടുകയാണല്ലോ
അങ്ങനെയാണോ എന്ന് മറു ചോദ്യം ഒപ്പം ചിരിയും. അതിന് രണ്ട് മൂന്ന് കാരണങ്ങളുണ്ടെന്നാണ് എന്റെ വിശ്വാസം. എന്നിലെ നടനെയോ അവതാരകനെയോ അല്ല ജി പി എന്ന വ്യക്തിയെയാണ് ആളുകള്‍ക്കിഷ്‌ടം. സുഹൃത്തുക്കളോട് തോന്നുന്ന അടുപ്പം എന്നോട് മറ്റുള്ളവർ കാണിക്കാറുണ്ട്. കുടുംബത്തിലെ അംഗത്തെ പോലെയാണ് ചിലര്‍ പെരുമാറുന്നത്. പിന്നെ എന്റെ സ്പെയ്സ് യുണീക് ആണ്. താരതമ്യം െചയ്യാൻ മറ്റൊരാളില്ല. സ്പെഷ്യൽ എഫർട്ട് ഒന്നും ഞാൻ എടുക്കാറില്ല എന്നതാണ് മറ്റൊരു കാര്യം. ഞാനെപ്പോഴും ഞാനാണ്. ചിരിക്കുന്നതും ചമ്മുന്നതും എല്ലാം ജനുവിൻ ആണ്. അത് കൊണ്ട് തന്നെ കൊച്ചുകുഞ്ഞുങ്ങൾ പോലും എന്നെ സ്നേഹിക്കുന്നു. കുട്ടികൾ സംസാരിച്ച് തുടങ്ങുമ്പോൾ ആദ്യം പറയുന്നത് അമ്മ എന്നായിരിക്കും പിന്നെ അച്ഛൻ. ചില കുട്ടികൾ അതിന് ശേഷം ജി പി എന്നാണ് പറയുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട്. മുഖം മൂടികളില്ലാതെ ഞാൻ ഞാനായി തന്നെ നിൽക്കുന്നു. ഇതിനെ ആരാധന എന്നൊന്നും പറയാൻ പറ്റില്ല. ഇഷ്ടം സ്നേഹം ആറ്റാച്ച്മെന്റ് എന്നൊക്കെ പറയാം.

∙ജി പിയുടെ താടി ഇപ്പോൾ ട്രെൻഡ് ആയിട്ടുണ്ടല്ലോ. എന്താണ് താടിയുടെ രഹസ്യം.
താടി ഇപ്പോൾ ഒരു ട്രെൻഡായിട്ടുണ്ട്. നമ്മള്‍ പലരെയും ഐഡന്റിഫൈ ചെയ്യാറില്ലേ നല്ല പൊക്കമുള്ള ആൾ, മുടി നീട്ടിയ ആൾ എന്നൊക്കെ. തുടക്കത്തിൽ താടി ഉള്ള ആളെന്നാണ് എന്നെക്കുറിച്ച് പലരും പറഞ്ഞിരുന്നത്. പലരും എന്നെ പോലെ താടിവെക്കാൻ ആഗ്രഹിക്കുന്നുണ്ട്. കോളജുകളിൽ ചെല്ലുമ്പോൾ ആദ്യം ചോദിക്കുന്നത് എന്റെ താടിയെ കുറിച്ചാണ്. എന്റെ അച്ഛന് നല്ല താടി ഉണ്ടായിരുന്നു അതാണ് ഈ താടിയുടെ രഹസ്യം.
∙ജൂനിയർ നിവിൻ പോളി എന്നാണല്ലോ ഇപ്പോൾ പലരും പറയുന്നത്.
പ്രേമത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ പലരും എന്നെയും നിവിനെയും താരതമ്യം ചെയ്യാൻ തുടങ്ങി. പോസ്റ്റർ കണ്ട പലരും ചോദിച്ചു പുതിയ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടല്ലേ എന്ന്. നിവിനെ താടി വെച്ച് ആദ്യമായി കാണുകയായിരുന്നല്ലോ. ഞങ്ങളുടെ രണ്ടുപേരുടെയും ഫോട്ടോകൾ ചിലർ ഫെസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ നിവിന്റെ ആരാധകർക്ക് ഇത് അത്ര ഇഷ്ടമായില്ല എന്ന് തോന്നുന്നു. എനിക്ക് ജൂനിയർ നിവിൻ പോളിയാകാൻ താത്പര്യമില്ല. നിവിന് ജി പി ആകാനും സാധിക്കില്ല. നിവിൻ ഹിറ്റുകൾ ഉണ്ടാക്കിയ സ്റ്റാറാണ്. ഞാന്‍ ഒരു പെർഫോമർ ആണ് സൂപ്പർ ഹിറ്റ് ചിത്രങ്ങളില്ല. എനിക്ക് എന്റെതായ ചില പോരായ്മകളുണ്ട് ഒപ്പം ചില കഴിവുകളും.

∙ഡിഫോർ ഡാൻസിൽ മലയാളികളുടെ പ്രിയപ്പെട്ട സായി പല്ലവി അതിഥിയായി എത്തിയല്ലോ.
ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ സായി പല്ലവി ആദ്യമായി എത്തിയ പരിപാടിയാണ് ഡി ഫോർ ഡാൻസ്. സിനിമയിൽ കാണുന്നതിനേക്കാൾ സ്വീറ്റ് ആണ് ആൾ. സുഹൃത്തായാണ് ഫീൽ െചയ്തത്. മടങ്ങി പോയതിന് ശേഷം ഡി ഫോർഡാൻസിന്റെ മുൻ എപ്പിസോഡുകൾ കണ്ടിട്ട് മെസെജ് അയച്ചിരുന്നു. സാധാരണ അതിഥിയായി എത്തുന്നവർ, അവര്‍ പങ്കെടുത്ത ഷോ കണ്ടിട്ടാണ് അഭിപ്രായം പറയാറുള്ളത്. എന്നാല്‍ സായിപല്ലവി പങ്കെടുത്ത ഷോ സംപ്രേഷണം ചെയ്യുന്നതിന് മുമ്പേ മുൻ എപ്പിസോഡുകൾ കണ്ട് പരിപാടി നല്ലതാണെന്ന് മെസെജ് അയച്ചിരുന്നു. മത്സരാർത്ഥികൾ നല്ല കഴിവുള്ളവരാണെന്നും അവരെ അന്വേഷിച്ചതായി പറയണമെന്നും മെസെജിൽ ഉണ്ടായിരുന്നു.
അതെ ജി പിയും ഇങ്ങനെ തന്നെ സിംപിളാണ്. അത് തന്നെയാണ് ജി പിയുെട വിജയവും. ഈ വിജയമാണ് ജി പിയെ സൂപ്പർ സ്റ്റാറുകളെക്കാൾ തിരക്കുള്ളവനും ആരാധകരുടെ പ്രിയപ്പെട്ടവനും ആക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.