‘‘മാവ, സോറി ജാവ ജാവ സിമ്പിളാണ് പിന്നെ പവര്‍ഫുള്‍ ആണ്... പിന്നെ റോബസ്റ്റ്, അഞ്ജലീ മനസ്സിലാവുന്നുണ്ടല്ലോ അല്ലേ ഇല്ലേല്‍ പറയണം... പിന്നെ ടെക്സ്റ്റ്ബുക്കിലെ അടുത്ത ബുക്കിലെ അടുത്ത പേജ് എടുക്കു... ഇറച്ചി തിന്നുന്ന ഒരു പട്ടിയും പിന്നെ ജനാലയിലൂടെ അത് ചുമ്മാ നോക്കിയിരിക്കുന്ന പുച്ചേയും കണ്ടില്ലേ? എന്തു മനസ്സിലായി പറയു... അല്ല...ഇത് ശരിക്കു എനിക്കും മനസ്സിലായിട്ടില്ല...’’
സോഷ്യല്‍ മീഡിയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട ഡയലോഗാണിത്. അതിലൂടെ പ്രേക്ഷകര്‍ പങ്കുവെച്ചത് പ്രേമമെന്ന ചിത്രത്തിനോടും വിനയ് ഫോര്‍ട്ട് എന്ന നടനൊടുമുള്ള സ്നേഹമാണ്. ഋതു മുതല്‍ പ്രേമം വരെ തനിക്ക് ലഭിച്ചിട്ടുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ സ്ക്രീനില്‍ അവതരിപ്പിച്ച നടനാണ് വിനയ്. നിറഞ്ഞ സദസ്സില്‍ പ്രേമം പൂത്തുലയുമ്പോള്‍ സിനിമയെക്കുറിച്ചും നായിക മലരിനെക്കുറിച്ചുമൊക്കെ വാചാലനാകുകയാണ് വിനയ്.
‘‘മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്നപോലെ....’’ മലരില്‍ നിന്ന് തന്നെ തുടങ്ങാം...
എനിക്ക് തോന്നുന്നു അടുത്തകാലത്തൊന്നും ഒരു പുതുമമുഖ നായികക്കോ അഭിനേത്രിക്കോ ലഭിക്കാത്ത സ്വീകാര്യതയാണ് സായ് പല്ലവി അവതരിപ്പിച്ച മലരെന്ന കഥാപാത്രത്തിനു ലഭിച്ചിട്ടുള്ളത്. മലരിനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ചെയ്യാന്‍ ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ഷൂട്ടിങ് സമയത്ത് തന്നെ മലരിന്‍റെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നു തോന്നിയിരുന്നു. സായ് തന്‍റെ 100 ശതമാനവും ആ കഥാപാത്രത്തിനുമേല്‍ സമര്‍പ്പിച്ചിട്ടുണ്ട്. Ultimate Acting...
മലരിനെ ഇതിലും ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയില്ല. അത്രക്കു പൂര്‍ണത നല്‍കാന്‍ സായിക്കു കഴിഞ്ഞിട്ടുണ്ട്. 1980കളുടെ പകുതിയില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി കാര്‍ത്തികയെ അനുസ്മരിപ്പിക്കുന്നു സായ്. അത്ര ഗ്രേയ്സ്ഫുള്‍ ആക്ടറാണ് അവര്‍. നിവിന്‍റെയും സായിയുടെയും സ്ക്രീനിലെകെമിസ്ട്രി സിനിമയുടെ ഹൈലൈറ്റാണ്.

‘‘ജാവ സിമ്പിളാണ് പിന്നെ പവര്‍ഫുള്‍ ആണ്...’’ അടുത്തകാലത്ത് ഇത്രയെറെ സ്വീകാര്യത ലഭിച്ച ഒരു ഡയലോഗ് വേറെയുണ്ടാവില്ല
എന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പ്രേമത്തിലേത്. എന്‍റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഇത്രയും പ്രതികരണം ഒരു കഥാപാത്രത്തിനും ലഭിച്ചിട്ടില്ല. ഓണ്‍ലൈന്‍ മീഡിയകള്‍ വലിയ പ്രൊമഷന്‍ നല്‍കുന്നു, ദിവസവും ഒരു പത്ത് സുഹൃത്തുക്കളെങ്കിലും വിളിച്ചിട്ട് ടിക്കറ്റ് വേണമെന്ന് പറയുന്നു, ഒരുപാട് പേര്‍ നേരിട്ടും അല്ലാതെയും വിളിച്ച് അഭിനന്ദിക്കുന്നു. മുമ്പൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രേ സന്തോഷവും അഭിമാനവും ഉണ്ട് ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍.

പ്രേമത്തിലേക്കുള്ള എന്‍ട്രി
അല്‍ഫോണ്‍സിന്‍റെ ടീമിലുള്ള സിജു വില്‍സനാണ് എന്നെ വിളിച്ചിട്ട് ഇങ്ങനൊരു പടം ഉണ്ട്. ഒരു ചെറിയ വേഷമുണ്ട് എന്നു പറയുന്നത്. മോക്ക് ഷൂട്ട് ഉണ്ടായിരുന്നു. അല്‍ഫോണ്‍സ് എന്‍റെ ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. അല്‍ഫോണ്‍സ് അതൊരു ഐപാഡില്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു നിര്‍ദ്ദേശങ്ങളൊക്കെ തന്നു. ആദ്യം ആറു ദിവസത്തെ ഷൂട്ടിങ്ങാണ് പറഞ്ഞിരുന്നത് പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോള്‍ 16 ദിവസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. എനിക്ക് ഓഫര്‍ ചെയ്തത്തിലും ഡബിള്‍ സ്പേസാണ് അല്‍ഫോണ്‍സ് സിനിമയില്‍ നല്‍കിയത്. ചിത്രത്തിലെ ഒരു പാട്ടിന്‍റെ ഷൂട്ടിങ് നടക്കുകയാണ്, അന്ന് എന്‍റെ വിഹാഹനിശ്ചയാമാണ്. ഞാന്‍ ഗുരുവായൂരാണ്. അല്‍ഫോണ്‍സ് പറഞ്ഞു പാട്ടിന്‍റെ ഷൂട്ട് ഉണ്ട്, വരാന്‍ പറ്റുമോ?, ഒരു കട്ട് ഉണ്ട് എന്ന്. അന്ന് ഞാന്‍ എന്‍റെ വിവാഹനിശ്ചയ വേദിയില്‍ നിന്ന് നേരേ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഓടിയെത്തുകയായിരുന്നു. ഈ വിഷയത്തില്‍ എനിക്ക് ഭാര്യയോട് തല്ലുവരെ പിടിക്കേണ്ടി വന്നു.
പല രംഗങ്ങളും വിത്ത് ക്യാമറ റിഹേഴ്സല്‍ ചെയ്ത ശേഷമാണ് ഷോട്ടിലേക്ക് പോയിരുന്നത്. അല്‍ഫോണ്‍സിന്‍റെ ടീമിന്‍റെ കൂട്ടായ്മ അത്ഭുതപ്പെടുത്തുന്നതാണ്. നിവിന്‍ പോളി ഒഴികെ ചിത്രത്തില്‍ പ്രവര്‍ത്തിച്ച 80 ശതമാനം പേരും നേരത്തിനു ശേഷം വേറൊരു സിനിമയും ചെയ്തിട്ടില്ല. അവരെല്ലാം കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രേമത്തിനു വേണ്ടി പൂര്‍ണാമായും സമര്‍പ്പിച്ചവരാണ്.
സൗബിന്‍റെ പിടി മാഷ്
എന്‍റെ കഥാപാത്രത്തിനു പൂര്‍ണത നല്‍കിയത് സൗബിന്‍റെ പിടി മാഷിന്‍റെ വേഷമാണ്. പല സീനുകളിലും എനിക്ക് ആക്ടീങ്ങിനെക്കാള്‍ റീയാക്ഷനായിരുന്നു കൂടുതല്‍. സൗബിന്‍ റിയല്‍ ലൈഫിലും വളരെ ഫണ്ണിയായിട്ടുള്ള ആളാണ്, ഞാന്‍ അങ്ങനെയല്ല. എന്‍റെ കഥാപാത്രം ഹ്യൂമറസാക്കി മാറ്റാന്‍ സൗബിനോട് ഒപ്പമള്ള കോമ്പിനേഷന്‍ സീനുകള്‍ ഏറെ സഹായിച്ചിട്ടുണ്ട്.

‘പ്രേമത്തിനു കണ്ണും മൂക്കും മാത്രമല്ല ടിക്കറ്റുമില്ല’അടുത്തകാലത്തൊന്നും ഒരു മലയാള സിനിമയെ പ്രേക്ഷകര്‍ ഇങ്ങനെ ഏറ്റെടുത്തിട്ടില്ല, വിജയരഹസ്യം
ഉത്തരം വളരെ ലളിതമാണ്. ഇതൊരു ഡയറക്ടേഴ്സ് കട്ടാണ്. അല്‍ഫോണ്‍സ് പുത്രന്‍ എന്ന ബ്രില്ലിന്‍റ് ഫിലിം മേക്കറുടെ ക്രാഫാറ്റാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയരഹസ്യം. അല്‍ഫോണ്‍സിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു ലേണിങ് എക്സ്പീരിയന്‍സായി കരുതുന്നു. എന്‍റെ കരിയറിന്‍റെ ഇങ്ങനെയൊരു ഘട്ടത്തില്‍ ഇങ്ങനെയൊരു കഥാപാത്രം നല്‍കിയതിനു അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്. അല്‍ഫോണിസിന്‍റെ പ്രത്യേകത അദ്ദേഹത്തിനു തന്‍റേതായ ഒരു ഫിലിമേക്കിങ് പാറ്റേണ്‍ ഉണ്ടെന്നുള്ളതാണ്. ആരെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അല്‍ഫോണ്‍സ് ഒരു ആക്ടര്‍ ഫ്രണ്ട് ലി ഡയറക്ടറാണ്. ഓരോ കഥാപാത്രത്തിന്‍റെയും മുടി എങ്ങനെ വേണം, മീശയുടെ കട്ടി എത്ര വേണം, ചലനങ്ങള്‍ എങ്ങനെയായിരിക്കണം അങ്ങനെ എല്ലാത്തിനെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട്. നമ്മള്‍ അടുത്തകാലത്ത് കണ്ട പല സിനിമകള്‍ക്കും ഒരു ആത്മാവില്ലായിരുന്നു. പ്രേമത്തിനു അതുണ്ട്. അത് അല്‍ഫോണ്‍സിന്‍റേതാണ് അത് തന്നെയാണ് സിനിമയുടെ വിജയവും.
ഒറ്റപാലത്ത് നവാഗതനായ ജിജു അശോകന്‍റെ ഉറമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലാണ് വിനയ് ഇപ്പോള്‍. ഗോഡ്സൈ, അക്കരകാഴ്ചകള്‍ ഫെയിം അബി വര്‍ഗീസിന്‍റെ ചിത്രം എന്നിവയാണ് റിലീസിങ്ങിനു തയ്യാറെടുക്കുന്ന വിനയ് ഫോര്‍ട്ടിന്‍റെ പുതിയ ചിത്രങ്ങള്‍. ചെറുപുളശേരിയിലെ ഒരു ചെറിയ തിയറ്ററില്‍ സാധാരണക്കാരില്‍ സാധാരണക്കാരയ പ്രേക്ഷകര്‍ക്കൊപ്പം വിനയ് പ്രേമം കണ്ടു. പ്രേമത്തിലൂടെ പ്രേക്ഷകര്‍ നല്‍കുന്ന സ്നേഹത്തിലും പിന്തുണയിലും വിനയ് വിനീതനാകുന്നു.