പാലഭിഷേകമില്ല; പകരം കല്ല്യാണം നടത്തി വിജയ് ഫാൻസ്

പ്രളയസമയത്ത് ഇളയദളപതി കേരളത്തോട് കാട്ടിയ നിറഞ്ഞ സ്നേഹം ആരാധകരും മലയാളികളും തിയറ്ററിൽ വിജയ് ചിത്രം സർക്കാരിനോട് കാണിക്കുകയാണ്. പുതിയ വിജയ് ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ നൻമയുടെ ആരാധനക്കാഴ്ച സമ്മാനിക്കുകയാണ് കോട്ടയത്തെ വിജയ് ഫാൻസ്. 

താരത്തിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തിയോ രക്തക്കുറി തൊട്ടോ ആയിരുന്നില്ല ഇൗ നൻപൻമാർ ഇഷ്ടം തെളിയിച്ചത്. നിർധനയായ ഒരു പെൺകുട്ടിയുടെ കല്ല്യാണം നടത്തികൊടുത്താണ് സർക്കാരിന്റെ വരവറിയിച്ചത്.  കോട്ടയം മെഡിക്കല്‍ കോളജിനു സമീപമുള്ള കാരുണ്യ സ്ഥാപനമായ സാന്ത്വനത്തിലെ അന്തേവാസിയായ ചങ്ങനാശ്ശേരി ചീരംചിറ സ്വദേശി കെ.എം.മോനിഷയുടെ വിവാഹം ആണ് വിജയ് ഫാന്‍സ് നടത്തിക്കൊടുത്തത്. ചീരംചിറ സ്വദേശിയായ മണ്ണാത്തിപറമ്പില്‍ സിബി- ഉഷ ദമ്പതികളുടെ മകന്‍ സിനു സിബിയാണ് വരന്‍. 

കല്യാണ ചെലവുകള്‍ എങ്ങനെ നടത്തുമെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വിജയ് ഫാന്‍സ് സഹായവുമായെത്തുന്നത്. താരത്തിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ച് പാലഭിഷേകം നടത്തുന്നതടക്കമുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു തുക സ്വരൂപിച്ചത്. 85,000 രൂപ ചിലവിട്ട് മൂന്നര പവന്‍ സ്വര്‍ണ്ണം, മൂന്നു ലക്ഷം വരുന്ന വിവാഹ ഒരുക്കങ്ങള്‍, എല്ലാം ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങൾ ഏറ്റെടുത്ത് നടത്തി. കോട്ടയത്ത് സർക്കാർ ഫാൻസ് ഷോയിൽ നിന്നും ലഭിച്ച വരുമാനവും ഇതിന് വേണ്ടി ഉപയോഗിച്ചു.

എട്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ അമിത മദ്യപാനം ഉപദ്രവവും സഹിക്കാതെ മൂന്നുകുട്ടികളുമായി വീടുവിട്ടിറങ്ങിതാണ് മോനിഷയുടെ അമ്മ രാധാമണി. ഇവരുടെ നിസ്സഹായാവസ്ഥയിലാണ് സ്വാന്ത്വനം ട്രസ്റ്റ് ഡയറക്ടര്‍ ആനി ബാബു തുണയാകുന്നത്. അമ്മയെയും മൂന്ന് മക്കളെയും കൂടെ കൂട്ടിയ ആനി ബാബു കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. ഇതിനിടെ കഴിഞ്ഞവര്‍ഷം സാന്ത്വനത്തിലെ തന്നെ അന്തേവാസി ഗൗരി അമ്മ തന്റെ പേരിലുണ്ടായിരുന്ന 10 സെന്റ് സ്ഥലം സാന്ത്വനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് വീടൊരുക്കാനായി നല്‍കി.

അതില്‍നിന്ന് മൂന്നര സെന്റ് സ്ഥലം മോനിഷയുടെ അമ്മയുടെ പേരില്‍ എഴുതി നല്‍കുകയായിരുന്നു ട്രസ്റ്റ് അധികൃതര്‍. മാന്നാനം കെഇ കോളജിലെ പഠനകാലത്ത് മോനിഷയ്ക്ക് കോളേജ് അധികൃതരുടെ സഹായത്താല്‍ ഈ സ്ഥലത്ത് ഒരു വീടും നിര്‍മിച്ചുനല്‍കി. ബി.കോം, ഫിനാന്‍സ് അക്കൗണ്ടിംഗ് പഠനം പൂര്‍ത്തിയാക്കിയ മോനിഷ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.