അദൃശ്യ ശക്തി എന്നെ മുന്നോട്ടു നയിച്ചു; ഷൂട്ടിനു മുമ്പ് നജീബിക്കയെ കാണാതിരുന്നതിനു കാരണം: പൃഥ്വിരാജ്
‘ആടുജീവിതം’ എന്ന സിനിമയുടെ അവസാന ഷോട്ട് കഴിഞ്ഞ സമയത്താണ് നജീബുമായി ആദ്യമായി താൻ സംസാരിച്ചതെന്ന് നടൻ പൃഥ്വിരാജ്. യഥാർഥ ജീവിതത്തിലെ നജീബിനെ പ്രേക്ഷകർക്ക് പരിചയമില്ലാത്തതുകൊണ്ട് അതേ ആളെത്തന്നെ പുനഃസൃഷ്‌ടിക്കേണ്ട ആവശ്യമില്ല എന്ന് ബ്ലെസ്സിയും താനും കൂടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് പൃഥ്വിരാജ്
‘ആടുജീവിതം’ എന്ന സിനിമയുടെ അവസാന ഷോട്ട് കഴിഞ്ഞ സമയത്താണ് നജീബുമായി ആദ്യമായി താൻ സംസാരിച്ചതെന്ന് നടൻ പൃഥ്വിരാജ്. യഥാർഥ ജീവിതത്തിലെ നജീബിനെ പ്രേക്ഷകർക്ക് പരിചയമില്ലാത്തതുകൊണ്ട് അതേ ആളെത്തന്നെ പുനഃസൃഷ്‌ടിക്കേണ്ട ആവശ്യമില്ല എന്ന് ബ്ലെസ്സിയും താനും കൂടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് പൃഥ്വിരാജ്
‘ആടുജീവിതം’ എന്ന സിനിമയുടെ അവസാന ഷോട്ട് കഴിഞ്ഞ സമയത്താണ് നജീബുമായി ആദ്യമായി താൻ സംസാരിച്ചതെന്ന് നടൻ പൃഥ്വിരാജ്. യഥാർഥ ജീവിതത്തിലെ നജീബിനെ പ്രേക്ഷകർക്ക് പരിചയമില്ലാത്തതുകൊണ്ട് അതേ ആളെത്തന്നെ പുനഃസൃഷ്‌ടിക്കേണ്ട ആവശ്യമില്ല എന്ന് ബ്ലെസ്സിയും താനും കൂടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് പൃഥ്വിരാജ്
‘ആടുജീവിതം’ എന്ന സിനിമയുടെ അവസാന ഷോട്ടും കഴിഞ്ഞാണ് നജീബുമായി ആദ്യമായി താൻ സംസാരിച്ചതെന്ന് നടൻ പൃഥ്വിരാജ്. യഥാർഥ ജീവിതത്തിലെ നജീബിനെ പ്രേക്ഷകർക്കു പരിചയമില്ലാത്തതുകൊണ്ട് അതേ ആളെത്തന്നെ പുനഃസൃഷ്‌ടിക്കേണ്ട ആവശ്യമില്ല എന്ന് ബ്ലെസ്സിയും താനും നേരത്തേ തീരുമാനിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. കപിൽ ദേവ്, സഞ്ജയ് ദത്ത് തുടങ്ങിയ പ്രശസ്ത താരങ്ങളുടെ കഥ സിനിമയാക്കിയപ്പോൾ രൺബീർ കപൂറിനും രൺവീർ സിങ്ങിനും അവരുമായി അടുത്തിടപഴകി അവരെത്തന്നെ അനുകരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. കാരണം അവർ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുപോയ സൂപ്പർ താരങ്ങളാണ് പക്ഷേ നജീബ് എന്ന വ്യക്തി പൊതുജനങ്ങൾക്കു പരിചിതനല്ലായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ‘ആടുജീവിതം’സിനിമയുടെ വിജയാഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു താരം.
‘‘സിനിമയുടെ അവസാന ദിവസത്തെ അവസാന ഷോട്ട് എടുത്തതിനുശേഷമാണ് ഞാൻ നജീബ് ഇക്കയോട് ആദ്യമായി സംസാരിക്കുന്നത്. എനിക്ക് അദ്ദേഹത്തെ ബന്ധപ്പെടാൻ ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. ബ്ലെസി ചേട്ടന്റെയും ബെന്നി ചേട്ടന്റേയും (ബെന്യാമിൻ) സുഹൃത്തായിരുന്നു അദ്ദേഹം. എനിക്ക് അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും കാണാമായിരുന്നു. യഥാർഥ ജീവിതത്തിലെ കഥാപാത്രങ്ങളെ നമ്മൾ തിരശ്ശീലയിലേക്ക് പകർത്തുമ്പോൾ രണ്ടുതരം പ്രക്രിയകളിൽ കൂടിയാണ് കടന്നുപോകുന്നത്. ഉദാഹരണത്തിന്, എന്റെ സുഹൃത്തായ രൺവീർ സിങ് എന്ന നടൻ ‘1983’ എന്ന സിനിമയിൽ കപിൽ ദേവായി അഭിനയിച്ചു. അങ്ങനെയൊരു സിനിമയിൽ ഇമിറ്റേഷൻ വളരെ ആവശ്യമാണ്. കാരണം കപിൽദേവ് എന്ന ഇതിഹാസ താരത്തെ നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹം എങ്ങനെയാണ് ബോൾ ചെയ്തിരുന്നത്, എങ്ങനെയാണ് ബാറ്റ് ചെയ്തിരുന്നത്, അദ്ദേഹം എങ്ങനെ സംസാരിച്ചിരുന്നു എന്നുള്ളതൊക്കെ എല്ലാവർക്കും പരിചയമാണ്.
അവിടെ ഇമിറ്റേഷൻ വളരെ ആവശ്യമാണ്. രൺവീർ, കപിൽ ദേവിന്റെ വീട്ടിൽ പോയി താമസിച്ച് ഒന്നു രണ്ടു മാസം അദ്ദേഹം സംസാരിക്കുന്നത് കണ്ടു പഠിച്ച് പകർന്നെടുത്തു. ഏകദേശം ഒരു അനുകരണം പോലെയാണ് ആ സിനിമ രൺവീർ ചെയ്തിരിക്കുന്നത്. അതുപോലെതന്നെ രൺബീർ കപൂർ, സഞ്ജു എന്ന സിനിമ ചെയ്തപ്പോൾ സഞ്ജയ് ദത്തിനെ കണ്ട് അദ്ദേഹത്തിന്റെ നടപ്പും ഇരിപ്പും സംസാരവും എല്ലാം കണ്ട് പഠിച്ച് അനുകരിച്ചു. പ്രശസ്തരായ ആളുകളുടെ ജീവിതം പകർത്തുമ്പോൾ അത് ആവശ്യമാണ്.
പക്ഷേ നജീബിക്ക എന്ന വ്യക്തിയെ പുസ്തകത്തിലൂടെ വായിച്ചറിഞ്ഞതല്ലാതെ കേരള സമൂഹത്തിന് വളരെ അടുത്തറിയുന്ന ആളല്ലല്ലോ. അതുകൊണ്ട് ഇമിറ്റേഷന്റെ ഒരു ലയർ ഈ പെർഫോമൻസിൽ ആവശ്യമില്ല. വളരെ മുൻപു തന്നെ ബ്ലെസി ചേട്ടനും ഞാനും ചേർന്നെടുത്ത ഒരു തീരുമാനമായിരുന്നു ഇത്. ആ വ്യക്തത ഉണ്ടായതിൽപിന്നെ ഒരു നടൻ എന്ന നിലയിൽ എന്റെ കർത്തവ്യം ബ്ലെസ്സി ചേട്ടൻ തിരക്കഥയിൽ സൃഷ്ടിച്ചിരിക്കുന്ന നജീബിനെ സ്ക്രീനിൽ എത്തിക്കുക എന്നുള്ളതാണ്. ബ്ലെസി ചേട്ടന്റെ നജീബിനും യഥാർഥ നജീബിനും ഒരുപാട് വ്യത്യാസങ്ങളുണ്ട്, സമാനതകളും ഉണ്ട്. ശരിക്കു പറഞ്ഞാൽ ബ്ലെസ്സി ചേട്ടന്റെ നജീബും ബെന്നി ചേട്ടന്റെ നജീബും തമ്മിലും വ്യത്യാസമുണ്ട്.
ബെന്നി ചേട്ടന്റെ നജീബും യഥാർഥ നജീബും തമ്മിലും ഒരുപാട് വ്യത്യാസമുണ്ട്. ഇങ്ങനെ ഓരോ സമയത്തും നജീബ് പരിണമിച്ചു വരികയാണ്. ഞാൻ സൃഷ്ടിക്കേണ്ടത് ബ്ലെസ്സി ചേട്ടന്റെ നജീബിനെയാണ്. അതുകൊണ്ടാണ് ഇക്കയെ നേരിട്ട് കണ്ട് അദ്ദേഹം എങ്ങനെ സംസാരിക്കുന്നു, എങ്ങനെ നടക്കുന്നു, എങ്ങനെ പെരുമാറുന്നു എന്നുള്ളതൊന്നും പഠിക്കേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ എനിക്ക് അറിയേണ്ടത് അനുഭവങ്ങളെ കുറിച്ചാണ്. അദ്ദേഹം ഇങ്ങനെ ഒരു അനുഭവത്തിൽ കൂടി കടന്നു പോയപ്പോൾ എന്തായിരുന്നു അദ്ദേഹത്തിന്റെ മാനസികാവസ്ഥ. അതെല്ലാം വളരെ നന്നായി ബെന്നി ചേട്ടന്റെ പുസ്തകത്തിലും തിരക്കഥയിലും എഴുതി വച്ചിട്ടുണ്ട്. ആടുജീവിതം എന്ന പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ ബെന്നി ചേട്ടന് അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.
അതെല്ലാം ഇവർ എനിക്ക് പകർന്നു തന്നതാണ്. അതുകൊണ്ടാണ് ഞാൻ അത്തരമൊരു തീരുമാനമെടുത്തത്. റിയൽ ലൈഫ് ക്യാരക്ടേഴ്സ് ഒരുപാട് ചെയ്യാൻ ഭാഗ്യം ലഭിച്ച ഒരു നടനാണ് ഞാൻ. ജെ.സി. ഡാനിയലായി അഭിനയിക്കുമ്പോഴും നക്സൽ ജോസഫ് ആയി അഭിനയിക്കുമ്പോഴും ഇവരാരും ജീവിച്ചിരിപ്പില്ല എന്നുള്ളത് കൊണ്ടും ഇവരെക്കുറിച്ച് ഒന്നും നമ്മുടെ ഒരു അടുത്ത ഓർമയിൽ ഒന്നുമില്ല എന്നുള്ളതുകൊണ്ടും ആ ഒരു ആളെ തന്നെ സൃഷ്ടിക്കേണ്ട ഒരു ദൗത്യം ആയിരുന്നില്ല എന്റേത്. അതു തന്നെയായിരുന്നു ഈ സിനിമയിലും നടന്നത്. ഈ സിനിമയിൽ നജീബിനെ കണ്ടു പഠിച്ച് അനുകരിക്കേണ്ടത് ആവശ്യമില്ലായിരുന്നു.
ഞാൻ നജീബ് ഇക്കയെ ഇന്റർവ്യൂ ചെയ്യുന്ന ഒരു വിഡിയോ ഇപ്പോൾ യൂട്യൂബിൽ കിടപ്പുണ്ട്. ആ സംസാരത്തിനിടെ ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു, ‘ചേട്ടാ അങ്ങേയ്ക്ക് ഈ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാം. ആ അനുഭവത്തിലൂടെ കടന്നുപോയപ്പോൾ എന്താണ് അങ്ങേക്ക് മനസ്സിൽ തോന്നിയ ഒരു വികാരം?’ അപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയാണ് ഞാൻ അഭിനയിക്കുന്ന സമയത്ത് മനസ്സിൽ കാണാൻ ശ്രമിച്ചതും. എല്ലാ നടന്മാർക്കും ഏകാന്തതയുടെ ചില നിമിഷങ്ങൾ ഉണ്ടാകും. പത്തുമുന്നൂറ് ആൾക്കാരുടെ ക്രൂ നിൽക്കുമ്പോഴും ലൈറ്റുകൾ നമ്മുടെ മുന്നിലേക്ക് അടിക്കുമ്പോഴും ക്യാമറമാനും ഡയറക്ടറും ഒക്കെ ഉണ്ടെങ്കിലും റോൾ ക്യാമറ, ആക്‌ഷൻ എന്ന് പറയുന്ന സമയത്തിനിടയിൽ ഓരോ താരത്തിന്റെയും മനസ്സിൽ ഒരു ഏകാന്തത ഉണ്ടാവും.
ആ ഏകാന്തതയ്ക്കിടയിലാണ് പെർഫോമൻസ് മനസ്സിലേക്ക് വരുന്നത്. ഏകാന്തതയിൽ ഞാൻ അസോഷ്യേറ്റ് ചെയ്യാൻ ശ്രമിച്ച വികാരങ്ങളും ഓർമകളും ജീവിതാനുഭവങ്ങളും എല്ലാം അദ്ദേഹം എന്നോട് സംസാരിച്ചപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങളായിരുന്നു. എന്റെ അഭിനയം യഥാർഥ താളത്തിൽ ആയിരുന്നു. അല്ലെങ്കിൽ അന്ന് ഏതോ ഒരു അദൃശ്യശക്തി എന്നെ മുന്നോട്ടു നയിച്ചിരുന്നു എന്നുള്ളത് വല്ലാത്തൊരു അനുഭവമായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ അഭിനയിക്കുന്നതിന് മുൻപ് കാണണ്ട എന്ന് തീരുമാനിച്ചിരുന്നതും.’’–പൃഥ്വിരാജ് പറയുന്നു.