Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വീൻ ഇൗസ് കിങ്

queen-malayalam-movie-review

തുടക്കത്തിന്റെ പതർച്ചകളേതുമില്ലാതെ പുതുനിരയെ വച്ച് കാലിക പ്രധാന്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ കൊച്ചുസിനിമയാണ് ക്വീൻ. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയുടെ ആദ്യ സ്വതന്ത്ര സിനിമ. വിരലിലെണ്ണാവുന്ന ചില താരങ്ങളൊഴിച്ചാൽ ചിത്രത്തിലെ ബാക്കിയെല്ലാ അഭിനേതാക്കളും പുതുമുഖങ്ങൾ‌. എങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ വ്യക്തമായ സ്ഥാനം ഉറപ്പിക്കാൻ ഇവർക്കായി എന്നു നിസ്സംശയം പറയാം.

ചിലയിടങ്ങളിലൊക്കെ കല്ലുകടി അനുഭവപ്പെടുന്നുണ്ടെങ്കിലും കാലിക പ്രസക്തമായ ഒരു വിഷയം രസച്ചരടിൽ കോർത്ത് തനിമ കൈവിടാതെ അവതരിപ്പിക്കാനായതാണ് ക്വീനിന്റെ മേന്മ. എഞ്ചിനീയറിങ് കോളജുകളിലെ വിവിധ പാഠ്യവിഭാഗങ്ങളും അതിലെ മെക്കാനിക്കൽ എന്ന ഡിപ്പാർട്ടുമെന്റുമാണ് ക്വീനിന്റെ കഥാപശ്ചാത്തലം. പൊതുവെ പുരുഷകേന്ദ്രീകൃതമെന്ന് പറയപ്പെടുന്ന മെക്ക് ഡിപ്പാർട്ടുമെന്റിൽ രണ്ടാം വർഷം മുതൽ ഒരു പെൺകുട്ടിയുമെത്തുന്നതോടെയാണ് സിനിമയുടെ ആരംഭം. സിനിമ ഉൾക്കൊള്ളുന്ന വിഷയം എന്താണെന്ന് ആദ്യ സീനിൽ തന്നെ സൂചനകൾ നൽകുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് കാര്യത്തിലെത്താന്‍ രണ്ടാം പകുതി വരെ കാത്തിരിക്കണം. 

പതിവു ക്യാമ്പസ് തമാശകളുമായി ചിരിക്കുള്ള വക കണ്ടെത്തുകയാണ് ക്വീനിന്റെ ആദ്യ പകുതിയുടെ പ്രധാന ദൗത്യം. ഒരു പെണ്‍കുട്ടി ക്ലാസിലേക്ക് കടന്നുവരുമ്പോഴുള്ള കൗതുകവും ശത്രുതയുമെല്ലാം ഇതിലുണ്ട്. ഇൗ പെണ്‍കുട്ടി പിന്നീടങ്ങോട്ട് മെക്കാനിക്കൽ ഡിപ്പാട്ട്മെന്റിന്റെ റാണിയായി മാറുന്നു. സൗഹൃദത്തിന്റെ ആഴവും ക്യാമ്പസിലെ മറ്റു ക്ലാസുകാരോടുള്ള തർക്കങ്ങളുമായി സിനിമ മുന്നോട്ടുപോകുന്നു. ക്യാമ്പസിൽ നിന്നു പുറത്താക്കപ്പെടുന്ന വിദ്യാർഥികൾ  തിരിച്ചെത്തുന്നിടത്താണ് ആദ്യ പകുതിക്ക് തിരശീല വീഴുന്നത്. 

queen-malayalam-movie-review1

തമാശകളുടെ ആദ്യ പകുതിക്ക് ശേഷം ക്ലീഷെകളുമായാണ് ചിത്രത്തിന്റെ രണ്ടാം പകുതിയുടെ തുടക്കം. രോഗിയായ നായികയുടെ കുടുംബ പശ്ചാത്തലവും സാഹചര്യങ്ങളും മനസിലാക്കുന്ന ആണ്‍പട പിന്നീട് അവളോട് കൂടുതൽ അടുക്കുന്നു. വീണ്ടും ക്യാമ്പസിലേക്കെത്തുന്ന ചിത്രം യുവത്വത്തിന് ആഘോഷിക്കാനുള്ള വക രണ്ടാം പകുതിയിലും നൽകും. മോഹൻലാൽ മുതല്‍ വിജയ് വരെയുള്ള താരങ്ങളുടെ റഫറൻസുകളിലൂടെ ആരാധകരെയും കയ്യിലെടുക്കാൻ ശ്രമമുണ്ട്.

സമകാലിക കേരളത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്ന വിഷയത്തെ ഗൗരവം കൈവിടാതെ തന്നെ ക്വീൻ അവതരിപ്പിക്കുന്നു. ജിഷ കേസുൾപ്പെടെയുള്ള വിഷയങ്ങളെ സമൂഹം കൈകാര്യം ചെയ്ത രീതിയെയും ക്വീൻ കണക്കിന് വിമർശിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഏറ്റുമുട്ടുന്ന ക്ഷുഭിത കാമ്പസ് യൗവ്വനങ്ങളെയും ക്വീനിൽ കാണാം. ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നു പറഞ്ഞു വയ്ക്കുന്ന സിനിമ യുവത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെയാണ് അവസാനിക്കുന്നത്. 

queen-malayalam-movie-review2

അങ്കമാലി ഡയറീസിന് ശേഷം കുറേയേറെ പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത് ക്വീനിലൂടെയായിരിക്കും‍. സാനിയ ഈയപ്പൻ, ധ്രുവൻ, എൽദോ, അശ്വിൻ, അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.സലീം കുമാർ, ശ്രീജിത് രവി, വിജയ രാഘവന്‍, നന്ദു, ലിയോണ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ഇതിനു പുറമെ ക്യാമ്പസിലെ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത യുവാക്കൾ വേറെയും.  ഷാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് ആന്റണി എന്നിവരാണ് ക്വീനിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. 

ഇതിനകം തന്നെ യു ട്യൂബിൽ ഹിറ്റായി മാറിക്കഴിഞ്ഞ വെണ്ണിലവേ എന്ന കല്യാണപ്പാട്ടുൾപ്പെടെ ചിത്രത്തിലെ ഗാനങ്ങളും മികച്ചു നിൽക്കുന്നു. എഞ്ചിനീയറിങ് വിദ്യാർഥികൾ തന്നെ അണിയിച്ചൊരുക്കിയ ചിത്രമായതിനാൽ ബിടെക്ക് കോളജുകളിലെ സാഹചര്യങ്ങളുമായി ചിത്രം നല്ല രീതിയില്‍ ചേർന്നു പോകുന്നു. വലിയ പ്രതീക്ഷകളില്ലാതെ തിയേറ്ററിൽ കയറിയാൽ തമാശയും ആക്ഷനും സസ്പെൻസും മാസുമെല്ലാമുള്ള ഒരു ചെറിയ സിനിമ കണ്ടിറങ്ങാം.

നിങ്ങൾക്കും റിവ്യൂ എഴുതാം