ബാഹുബലിയിലെ കലാസംവിധാനത്തിന്റെ എല്ലാ ഭംഗിയുമറിയിച്ച പാട്ടാണ് 'ഹംസ നേവ'. ആകാശത്ത് പറക്കുന്ന അരയന്നത്തോണിയും കടലിലൂടെയുള്ള യാത്രയുമൊക്കെ കാണിക്കുന്ന ഈ ഗാനം അതിമനോഹരമാണ്. കണ്ണിലും മനസിലും ഒരുനൂറു കഥക്കൂട്ടുകളും ചിത്രങ്ങളും തീർത്ത ഗാനം. ഈ പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ കാത്തിരുന്ന വിഡിയോയാണിത്. ചൈതന്യ പ്രസാദിന്റേതാണു വരികൾ. എം.എം.കീരവാണിയാണ് സംഗീതം നൽകിയത്. സോണിയും ദീപുവും ചേർന്നാണ് ഈ പാട്ട് ആലപിച്ചത്.
സംഭവബഹുലമായ പ്രണയത്തിനു ശേഷം ബാഹുബലി ദേവസേനയെ വിവാഹം ചെയ്യുവാനായി സ്വന്തം രാജ്യത്തേയ്ക്കു കൊണ്ടുപോകുന്നതാണു പാട്ടിലെ സന്ദർഭം. ചിത്രത്തിലെ തീവ്രമായ രംഗങ്ങളിലേക്കു മുൻപുള്ള പാട്ട്. പാട്ടിന്റെ ഈണത്തേക്കാളും ഇതിലെ രംഗങ്ങൾ ഒരുപടി മുന്നോട്ടു നിൽക്കുന്നുണ്ടോ എന്നു സംശയം. മേഘക്കൂട്ടങ്ങളിലൂടെ പക്ഷികള്‍ക്കൊപ്പം പറന്നുനീങ്ങുന്ന പക്ഷിക്കൂട്ടങ്ങളും തിരമാലകളും സന്ധ്യയും ആകാശവും എല്ലാം വന്നുപോകുന്ന രംഗങ്ങൾക്ക് കാവ്യഭംഗിയാണ്. സാബു സിറിലാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവ്വഹിച്ചത്.